19 December 2024, Thursday
KSFE Galaxy Chits Banner 2

ഭൂമിയുടെ അവകാശികള്‍

വിജയ് സി എച്ച്
June 5, 2022 7:08 am

സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടാന്‍
പാടില്ല എന്നത്.

 

- ലിയോ ടോള്‍സ്റ്റോയ്

കോവിഡ് മഹാമാരി വഴിമാറിയെങ്കിലും, നാം ഇന്നു നേരിടുന്നത് ഉറക്കം കെടുത്തുന്ന പാരിസ്ഥിക പ്രശ്നങ്ങളാണ്. സർവ വിനാശകരമായ കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും, മേഘവിസ്ഫോടനങ്ങളും ഭൂമിയുടെ നിലനിൽപിനു തന്നെ ഭീഷണി ഉയർത്തുന്നു. പശ്ചിമഘട്ടം അത്യന്തം ലോലമായ പരിസ്ഥിതി മേഖലയായി തുടരുന്നു. താളം തെറ്റിയ മഴകളും മണ്ണിടിച്ചിലും സർവത്ര നാശം വിതയ്ക്കുന്നു.
കേരളത്തെ ഒരു നൂറ്റാണ്ടുകാലം പുറകോട്ടു കൊണ്ടുപോയ 2018‑ലെ പ്രളയദുരന്തത്തിനു എത്രയോ മുന്നെ തന്നെ ഒട്ടനവധി പരിസ്ഥിതി കേന്ദ്രീകൃത കവിതകളും പുസ്തകങ്ങളുമെഴുതിയ ആലങ്കോടിനോടു സംസാരിക്കുകയെന്നാൽ പരിസ്ഥിതിയോടു സംവദിക്കുക എന്നാണ്…

 

തകര്‍ന്ന മനുഷ്യ‑പ്രകൃതി ബന്ധം

മനുഷ്യന്റെ പ്രകൃതം പ്രകൃതിയല്ലെന്ന് മനുഷ്യൻ കരുതിയപ്പോഴൊക്കെ, ഭൂമി അവനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. 1977‑ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കഥയാണ് ‘ഭൂമിയുടെ അവകാശികൾ’. ഈ മണ്ണിൽ മനുഷ്യർക്കും ജീവികൾക്കും ഒരേ അവകാശമാണുള്ളതെന്ന ആശയം ഈ കഥ സരസമായി മുന്നോട്ടു വെയ്ക്കുന്നു. മനുഷ്യൻ ഭൂമിയുടെ അധിപനെന്ന ധാരണയിൽ ബഷീർ അതൃപ്തനായിരുന്നു. അന്നാരും ഈ കഥ വേണ്ടത്ര ചർച്ച ചെയ്തില്ല. എന്നാൽ, 45 വർഷം പിന്നിടുമ്പോഴും ഒരു പരിസ്ഥിതി പാഠമായി അത് നിലകൊള്ളുന്നു എന്നതാണ് വാസ്തവം. പ്രകൃതിയുടെ അനേക സഹസ്രം കണ്ണികളിൽ ഒന്നുമാത്രമാണ് താനെന്ന് മനുഷ്യൻ മറന്നു. പരിസ്ഥിതിയുടെ സ്വത്വം തിരിച്ചറിയാൻ വൈകി. തന്മൂലം, മനുഷ്യ‑പ്രകൃതി ബന്ധങ്ങൾ തകർന്നടിയുന്നു.

 

 

പ്രകൃതി പ്രതികരിക്കുന്നു

പ്രകൃതിക്കുമേല്‍ മനുഷ്യന്റെ കടന്നാക്രമണം സകല സീമകളും കടക്കുമ്പോൾ ഭൂമി അതിനെ പ്രതിരോധിക്കും എന്നത്നിശ്ചയം. അതിനെ മഹാമാരിയെന്നോ, ഇടിമിന്നലെന്നോ, ഭൂമികുലുക്കമെന്നോ, സുനാമിയെന്നോ, മേഘവിസ്ഫോടനമെന്നോ, ആസിഡ് മഴയെന്നോ, ആഗോള താപനമെന്നോ, ടൗട്ടെയെന്നോ പേരിട്ടു വിളിക്കാം. ആത്യന്തിക യാഥാർത്ഥ്യമായ പ്രകൃതി പ്രതികരിക്കുമ്പോൾ, ശാസ്ത്രം നിസ്സഹായത പുൽകുന്നതും നാം കണ്ടു കൊണ്ടിരിയ്ക്കുന്നു!

ശാസ്ത്രം പുരോഗമിച്ചു, പക്ഷെ…

ലോകമറിയുന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയ പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോർട്ട് മറികടക്കാൻ ഒരു ആകാശ ശാസ്തജ്ഞനെ ചുമതലപ്പെടുത്തി! വിശദമായ പഠനങ്ങൾക്കൊടുവിൽ സഹ്യാദ്രിയുടെ കാവലാൾ തയ്യാറാക്കിയ റിപ്പോർട്ട് അനാദരിക്കുമ്പോൾ, നാം നമ്മളെത്തന്നെ വഞ്ചിക്കുകയാണ്. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ നമ്മളെ കാത്തിരിക്കുക വൻ ദുരന്തമായിരിക്കും. മൂന്നാമതൊരു പ്രളയം കൂടി താങ്ങാനുള്ള ത്രാണി കേരളത്തിനില്ല. പരിസ്ഥിതിയെയും അതിലെ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചേ മതിയാകൂ.

 

ഭൂമിയ്ക്ക് വിഷം കൊടുത്തു

ആദിമവാസികൾ മരവും ഫലവുണ്ടെങ്കിലേ തങ്ങൾക്ക് നിലനിൽപ്പുള്ളൂവെന്ന ഭൂമിഗീതം ഇന്നും പാടുന്നു. പക്ഷെ, പുരോഗമന പാതയിലെ മനുഷ്യൻ പ്രകൃതിയെ സദാ ധിക്കരിക്കുന്നു. കൊച്ചുകൊച്ചു പൂച്ചികളെ അകറ്റാൻ, ആനപോലും അന്ത്യശ്വാസം വലിക്കുന്നത്രയും മാരകമായ കീടനാശിനികൾ, ഹെലികോപ്റ്ററിൽ ഒരു പ്രദേശമൊട്ടാകെ വർ‍ഷിച്ചു. ഇരുപത് വർഷം കൊണ്ട് അയ്യായിരത്തിലേറെ ഇരകളെ സൃഷ്ടിച്ച എൻഡോസൾഫാൻ, ഇന്നും പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് ശാരീരിക‑മാനസിക വൈകല്യങ്ങൾ പ്രദാനം ചെയ്തുകൊണ്ട്, പത്തി വിടർത്തി നിന്നാടുന്നു. ഇതിൽപരം ഒരു ക്രൂരത മനുഷ്യന് മനുഷ്യനോടോ, പ്രകൃതിയോടോ ചെയ്യാനുണ്ടോ? കീടനാശിനികളും, രാസവളങ്ങളും വിവേചനരഹിതമായി ഉപയോഗിക്കരുതെന്ന പാഠം ഇനിയെങ്കിലും നാം പഠിക്കുമോ?

 

വനഭൂമിയിലേക്കുള്ള കടന്നു കയറ്റം

പരിസ്ഥിതി പ്രവർത്തകരുടെ നിഘണ്ടുവിലുള്ളത് രണ്ട് തരത്തിലുള്ള ദുരന്തങ്ങളാണ് ‑പ്രകൃത്യാലുള്ള ദുരന്തങ്ങളും, മനുഷ്യനിർമ്മിത ദുരന്തങ്ങളും. കൊറോണ വൈറസ് ലോകത്തിനു നൽകിയ ജീവനഷ്ടം തീർച്ചയായും മനുഷ്യ നിർമ്മിത ദുരന്തങ്ങളുടെ ഗണത്തിലാണ്. കഴിഞ്ഞ അമ്പതു വർഷത്തിനുള്ളിൽ മുന്നൂറ് പകർച്ചവ്യാധികളാണ് ലോകത്ത് പടർന്നു പിടിച്ചത്. അതിൽ 70% രോഗങ്ങളും വനഭൂമിയിലെ ആവാസ വ്യവസ്ഥയിൽ മനുഷ്യൻ കടന്നു കയറിയതിന്റെ ഫലമായാണ് നാട്ടിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബഹുവിധമായ പ്രകൃതി നശീകരണം മൂലം സുരക്ഷിതമായ ആവാസ സ്ഥലങ്ങൾ ഇല്ലാതാകുകയും, പ്രതിദിനം ഇരുനൂറിൽപ്പരം ജീവജാലങ്ങൾക്ക് വംശനാശം നേരിടുന്നുവെന്നും കണക്കുകൾ കാണിക്കുന്നു. കാട്ടിലെ ആവാസ വ്യവസ്ഥയ്ക്ക് വിഘ്നം വരുമ്പോൾ, വന്യജീവികൾ നാട്ടിലേക്കു വരും. കാട് ഇനിയും വെളുപ്പിച്ചാൽ, വരുംകാലങ്ങളിൽ കൂടുതൽ, കൂടുതൽ മനുഷ്യ‑വന്യമൃഗ പോരാട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഇത് മാനവരാശിയുടെ നാശത്തിലാണ് ചെന്നെത്തുക.

 

 

ആഗോളതാപനം

ഫോസിൽ‍ ഇന്ധനങ്ങളുടെ ജ്വലനം മൂലം കാർബൺഡൈഓക്സൈഡ് അധികമായി അന്തരീക്ഷത്തിൽ‍ എത്തുന്നതാണ് ആഗോള താപനത്തിന് ഇടയാക്കുന്നത്. സ്വാഭാവികമായ കാരണങ്ങളാൽ എത്തുന്ന കാർ‍ബൺ ‍ഡൈഓക്സൈഡ്, മീഥേൻ, ഓസോൺ, നീരാവി മുതലായ പ്രകൃതിദത്ത ഹരിത ഗൃഹ വാതകങ്ങൾ മൂലം ഭൂമിയുടെ താപനില ഉയരുന്നത് മന്ദഗതിയിണാണ്. എന്നാൽ, മനുഷ്യ നിർമ്മിത ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിന്റെ ഉഷ്ണം പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. കനത്ത മഴയ്ക്കും, ചുഴലിക്കൊടുങ്കാറ്റിനും, ചൂടുകാറ്റിനും ഇതു കാരണമാകുന്നു. തപിച്ച ജലത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നതിനാൽ, സമുദ്രനിരപ്പ് ഉയരുകയും, തീരങ്ങളിൽ താമസിക്കുന്നവരുടെ മണ്ണ് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ധ്രുവങ്ങളിൽ മഞ്ഞുമലകളും ഹിമാനികളും ഉരുകിയൊഴുകി നദികൾ കരവിയുകയും, അപ്രതീക്ഷ വെള്ളപ്പൊക്കങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ധാരാളിത്തവും, സുഖഭോഗവുമാണ് ആഗോളതാപനത്തിന്റെ മൂലഹേതു. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വാഹനങ്ങൾ. ആവശ്യത്തിലധികം വൈദ്യുത ഉപകരണങ്ങൾ. ഇന്ധനങ്ങളും, പ്രകൃതിവാതകങ്ങളും, കൽക്കരിയും ജ്വലിയ്ക്കുമ്പോൾ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സൈഡ് മുതലായ വാതകങ്ങൾ അളവറ്റ രീതിയിൽ അന്തരീക്ഷത്തിലേയ്ക്ക് വമിക്കപ്പെടുന്നു. മറുവശത്ത്, കാർബണെ പിടിച്ചെടുത്ത് നമ്മെ സംരക്ഷിക്കുന്ന മരങ്ങളെ കരുണയില്ലാതെ വെട്ടിവീഴ്ത്തുന്നു…

കാലാവസ്ഥാവ്യതിയാനം

പ്രകൃതിയിലേയ്ക്ക് മനുഷ്യൻ കടന്നു കയറിയതാണ് കാലാവസ്ഥാ വ്യതിയാനത്തിൽ കലാശിച്ചത്. അന്തരീക്ഷ മലിനീകരണത്താൽ ആകാശത്ത് രൂപം കൊള്ളുന്ന പടലങ്ങൾ സൂര്യപ്രകാശത്തെ തടഞ്ഞു നിർത്തി, ഭൂമിയെ പ്രതികൂലമായി ബാധിക്കുന്നു. അസാധാരണ വേഗതിയിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിങ്ങനെയാണ്. കൂടിയ തോതിലുള്ള ഗ്രീൻ ‍ഹൗസ് വാതക സാന്നിദ്ധ്യം അന്തരീക്ഷത്തെ തപിപ്പിയ്ക്കുകയും ക്രമേണ അത് കാലാവസ്ഥാ വ്യതിയാനത്തിനു പ്രേരകമാകുകയും ചെയ്യുന്നു. ദ്രുതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ജന്തുവർഗ്ഗങ്ങളെയും സസ്യവർഗ്ഗങ്ങളെയും സാരമായി ബാധിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിനും കാരണക്കാരൻ മനുഷ്യൻ തന്നെ.

 

മണൽ കൊള്ള വലിയ ഭീഷണി

നദികളുടെ നാടാണ് നമ്മുടേത്. മാനവ സംസ്‌കാരം ഉദയം ചെയ്യുന്നിടം എന്നും നദീതീരങ്ങളുമാണ്. നാൽപ്പത്തിനാല് നദികളും അവയുടെ ആയിരത്തോളം വരുന്ന ഉപനദികളും ഒഴുകുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, അവയിൽ പലതും വറ്റിവരണ്ടു, മെലിഞ്ഞു, മരണത്തോട് അടുത്തു കൊണ്ടിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാത്ത മണൽവാരൽ തന്നെയാണ് കേരളത്തിലെ എല്ലാ നദികളും നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മണലൂറ്റ് നിയമം മൂലം നിരോധിച്ചതാണ്. പക്ഷെ, മണൽ മാഫിയകൾക്ക് കർശനമായി കടിഞ്ഞാണിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

വികസനവും പരിസ്ഥിതിയും

കെട്ടിട നിർമ്മാണത്തിന് മണലും മരവും ആവശ്യമുണ്ട്, എന്നാൽ വികസനവും പരിസ്ഥിതിയും ഒന്നു മറ്റൊന്നിന് ഹാനികരമല്ലാത്ത രീതിയിൽ സമന്വയിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള നയങ്ങൾ നമുക്കില്ല. പുഴയിൽ നീരൊഴുക്കിന് തടസ്സമായി രൂപംകൊള്ളുന്ന തിട്ടകളിൽനിന്നു മാത്രം മണൽ എടുക്കാനാണ് അനുവാദമുള്ളത്. നിയമങ്ങൾ പലതുമുണ്ടെങ്കിലും, മരം വെട്ട് നിർബാധം തുടരുന്നു. ജലവും, മണലും, മീനും, പരുന്തും, മറ്റു ജീവികളും, പിന്നെ പരിസരത്തെ സസ്യവൃക്ഷാദികളും അതിൽ കഴിയുന്ന പക്ഷികളടക്കമുള്ള ജീവജാലങ്ങളുമൊക്കെയാണ് ഒരു നദിയെ കേന്ദ്രീകരിച്ചുള്ള ആവാസ വ്യവസ്ഥ. എന്നാൽ, നമ്മുടെ നദികളുടെ പാരിസ്ഥിതികം ഇന്ന് വളരെ ഉൽകണ്ഠാജനകമാണ്. പരിസ്ഥിതി നിയമങ്ങളും, നദീസംരക്ഷണ നിയമങ്ങളും, തീരപരിപാലന നിയമങ്ങളുമെല്ലാം ഫലശൂന്യമാണെന്നറിയുന്നതിൽ കടുത്ത നിരാശ തോന്നുന്നു. പാരിസ്ഥിതിക ദുരന്തങ്ങളിൽനിന്ന് നാടിനെ രക്ഷിച്ചേ മതിയാകൂ.

 

പൊതു ബോധവൽക്കരണം

ജലാശയങ്ങളും, സസ്യലതാദികളും, പക്ഷിമൃഗാദികളും ജീവസ്സേകുന്ന ഒരു പരിസ്ഥിതി ഓരോരുത്തരും ഉള്ളിലേക്കാവാഹിക്കണം. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നുള്ളതു മാത്രമാണൊരു പ്രതീക്ഷ. ജീവന്റെ ആധാരം ജലമാണ്, നദികൾ അതിന്റെ വാഹിനികളാണ്. ആ നദികൾ ഭൂമുഖത്തുനിന്നു മാഞ്ഞുപോകുമ്പോൾ, അതിനോടൊപ്പം നാഗരികതകളും മണ്ണടിയുന്നുവെന്ന് എല്ലാവരുമറിയണം. നമുക്കിവിടെ ജീവിക്കാൻ അവകാശമുള്ളതുപോലെ നദികൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. പരിസ്ഥിതി നശിക്കുന്നത് മനുഷ്യരാശിയുടെ നാശത്തിന്റെ തുടക്കമാണ്.

സംരക്ഷണം മനുഷ്യ കേന്ദ്രീകൃതം

ജലം, വായു, മണ്ണ്, മനുഷ്യർ, ഇതര ജീവജാലങ്ങൾ, സസ്യങ്ങൾ, സൂക്ഷ്മാണു ജീവികൾ, ഇതര സമ്പത്തുകൾ, മുതലായവ തമ്മിലുള്ള പാരസ്പര്യമാണ് പരിസ്ഥിതി. ഈ പാരസ്പര്യം സംരക്ഷിക്കേണ്ടവനാണ് മനുഷ്യൻ. നിർഭാഗ്യവശാൽ, ഈ പാരസ്പര്യം സ്വാർത്ഥപരതയായി മാറിയിട്ട് കാലം കുറെയായി. മനുഷ്യ കേന്ദ്രീകൃതമായ പ്രകൃതി സംരക്ഷണ രീതികൾ മാറ്റിയെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പരിസ്ഥിതി പ്രവർത്തകർ ‘ഹരിത പാപ്പ’ എന്ന് വിളിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ലേഖനങ്ങളുടെ അവസാന ഭാഗത്തും, പ്രസംഗത്തിനൊടുവിലും ഒരു സ്പാനീഷ് ഉദ്ധരണി ചേർക്കാറുണ്ട് — ദൈവം എപ്പോഴും മാപ്പ് നൽകും, മനുഷ്യർ ചിലപ്പോഴും, എന്നാൽ, പ്രകൃതി ഒരിക്കലും മാപ്പ് നൽകില്ല! തകർന്നുപോയ ആവാസ വ്യവസ്ഥയുടെ വീണ്ടെടുപ്പ് ഒരു പരിധിയിലധികം സാധ്യമല്ലെന്ന് അറിയാമെങ്കിലും, ചേതനയറ്റ ഭൂപ്രദേശങ്ങളെ കഴിയുന്നത്ര വീണ്ടെടുക്കാൻ നമുക്കു ശ്രമിക്കാം. ഉള്ള മരങ്ങൾ വെട്ടില്ല, കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കും എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.