24 January 2026, Saturday

ഭോപ്പാല്‍ ദുരന്തം; കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തി: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 10:43 pm

ഭോപ്പാല്‍ വിഷവാതക ദുരന്ത ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് സുപ്രീം കോടതി. കമ്പനി ഉടമകളായ യൂണിയന്‍ കാര്‍ബൈഡില്‍ നിന്നും ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയെ വിമര്‍ശിച്ചത്.

വിഷവാതക ദുരന്തത്തില്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട കരുതലുകളിലെ വീഴ്ചകളാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ കോടതി തീരുമാനം എടുക്കുമ്പോള്‍ എത്ര പേര്‍ ദുരന്തത്തിന് ഇരയായെന്നോ, ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചോ കേന്ദ്രത്തിന് കൃത്യമായ കണക്കില്ലായിരുന്നു. ഇത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും ചികിത്സാ സംവിധാനങ്ങളും പുനരധിവാസവും കേസില്‍ പരിഗണിക്കപ്പെട്ടു. പരിസ്ഥിതി ശുദ്ധീകരണത്തിനായി കേന്ദ്രം കാര്യമായ നീക്കങ്ങള്‍ നടത്തിയില്ലെന്നും കമ്പനി ഉടമകള്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതെന്നും കമ്പനി ചൂണ്ടിക്കാട്ടി. കമ്പനിയില്‍ നിന്നും ഇരകള്‍ക്കായി 7844 കോടി രൂപ അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജിയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ കുടിശികയുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എസ് കെ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

Eng­lish Summary;Bhopal Dis­as­ter; Cen­tral gov­ern­ment has failed: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.