16 January 2026, Friday

കേരളത്തിന്റെ ഭൂഭരണ നേട്ടം പഠിപ്പിക്കുന്ന ‘ഭൂമി’

കെ രാജന്‍
റവന്യു, സർവേ-ഭൂരേഖ വകുപ്പ് മന്ത്രി
June 25, 2025 4:50 am

ജന്മിത്തം അവസാനിപ്പിച്ച രാഷ്ട്രീയ കേരളത്തിന്റെ ഉജ്വല അധ്യായമാണ് ഭൂപരിഷ്കരണ നിയമം. കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചും പാട്ടവ്യവസ്ഥകൾ റദ്ദാക്കിയും കുടിയായ്മ അവസാനിപ്പിച്ച്, കുടിയാന് ഭൂമിയിൽ സ്ഥിരാവകാശവും കുടികിടപ്പുകാരന് ഭൂമിയുടെ ഉടമസ്ഥത നൽകിയും, ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്കും പട്ടികജാതി/വർഗ വിഭാഗങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്തും, ഭൂപരിഷ്കരണ നിയമം ഒരു നവലോകം സൃഷ്ടിച്ചു. ആ നിയമത്തിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീസർവേ. 1966ലാണ് കേരളത്തിൽ റീസർവേ നടപടികൾ ആരംഭിച്ചത്. പല സംസ്ഥാനങ്ങളിലും സർവേപോലും ആരംഭിച്ചിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണ് കേരളം റീസർവേ നടപടികൾക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീസർവേ നടപടികൾ എത്തിനിന്നിരുന്നത് 921 വില്ലേജുകളിലായിരുന്നു. ചങ്ങല വലിച്ചും ലിങ്സ് അടയാളപ്പെടുത്തിയും ശ്രമകരമായ സർവേ നടപടികളായിരുന്നു അന്ന്. 1995ൽ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇടിഎസ്) എന്ന സാങ്കേതിക വിദ്യയിലേക്ക് കടന്നു. 2021ൽ ഇന്നുകാണുന്ന ഡിജിറ്റൽ റീസർവേയെക്കുറിച്ച് ആലോചിക്കുമ്പോൾ, അതുവരെയുള്ള 16 വർഷം കൊണ്ട് ഇടിഎസ് സഹായത്തോടെ അളന്നത് കേവലം 92,000 ഹെക്ടർ ഭൂമി മാത്രമായിരുന്നു.
ഈയൊരു പ്രത്യേക ഘട്ടത്തിലാണ് വളരെ വേഗത്തിൽ പൂർത്തിയാവുന്നതും ഏറ്റവും സുതാര്യവുമായ ഡിജിറ്റൽ റീസർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. ആദ്യം സെൻട്രൽ സർവേ ഓഫ് ഇന്ത്യയുടെ ഉപദേശങ്ങൾ കൂടി സ്വീകരിച്ച് കേരളത്തിലെ 27 ഇടങ്ങളിലായി കണ്ടിന്യൂവ്സിലി ഓപ്പറേഷൻ റഫറൻസ് സ്റ്റേഷനുകൾ (സിഒആർ
എസ്) സ്ഥാപിച്ചു. ഇതിന്റെ കീഴിൽ ആർടികെ റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ലിഡാർ, ഡ്രോൺ, റഗ്ഡ് ടാബ് തുടങ്ങിയവ ഉപയോഗിച്ച് സർവേ ആരംഭിക്കാനും തീരുമാനിച്ചു. 

റീസർവേ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിരവധി ആശങ്കകളുണ്ടായി. സുതാര്യമായ സർവേ സൊലൂഷൻ, താല്‍ക്കാലിക ജീവനക്കാർ, സാമ്പത്തികം തുടങ്ങി നിരവധി പ്രതിസന്ധികളും നിലനിന്നിരുന്നു. ഈ പ്രശ്നങ്ങളെയെല്ലാം ഇടതുമുന്നണി തുടര്‍ സർക്കാരിന് വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചു. ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് സർക്കാർ പരിപാടിയിട്ടത്. ഇതിന്റെ ഭാഗമായി റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാർ, ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് — മുനിസിപ്പൽ ജനപ്രതിനിധികൾ അടക്കമുള്ളവരുമായി കൂടിച്ചേർന്ന് യോഗങ്ങൾ നടത്തിയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഗ്രാമസഭകൾ പോലെ സർവേ സഭകൾ ചേർന്ന് അതത് പ്രദേശങ്ങളിലെ ഡിജിറ്റൽ റീസർവേയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്ന് ആവശ്യമായ സാമ്പത്തിക പിന്തുണയും ലഭ്യമാക്കി. 1,500 സർവേയർമാരെയും 3,200 സഹായികളെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താൽക്കാലികമായി നിയോഗിച്ചും വിവിധങ്ങളായ ഉപകരണങ്ങൾ സാധ്യമാക്കിയും വളരെ വേഗത്തിൽ റീസർവേയിലേക്ക് കടക്കുകയായിരുന്നു. 2022 നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ നടപടികൾ ഔപചാരികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായി എത്താൻ 2023 ഓഗസ്റ്റ് വരെ ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഓഗസ്റ്റിൽ സർവ സജ്ജീകരണങ്ങളോടെ ആരംഭിച്ച റീസർവേ, കേവലം ഒന്നര വർഷക്കാലം പിന്നിടുമ്പോൾ, 51.43 ലക്ഷം ലാൻഡ് പാഴ്സലുകളും 7.34 ലക്ഷം ഹെക്ടർ ഭൂമിയും അളന്ന് തിട്ടപ്പെടുത്താനായത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടി ചരിത്ര വിജയമാണ്. 

കേരളത്തിൽ ആകെയുള്ളത് 35 ലക്ഷം ഹെക്ടർ ഭൂമിയാണ്. അതിൽ ഏതാണ്ട് ഏഴ് ലക്ഷം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഭൂമിയുടെ നാലിൽ ഒന്ന് ഭാഗവും ഈ കുറഞ്ഞ കാലം കൊണ്ട് അളന്ന് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. നേരത്തേ ഉണ്ടായിരുന്നതിനെക്കാൾ കൃത്യതയും വേഗതയും കൈവരിക്കാൻ സാധിച്ചു എന്നതാണ് നേട്ടം. സർവേ പൂർത്തിയാക്കിക്കൊണ്ടുള്ള ആദ്യ നടപടിയായ 9(2) വിജ്ഞാപനം പുറപ്പെടുവിച്ചാൽ അത്, ‘എന്റെ ഭൂമി’ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈലുകളിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളുടെ സ്കെച്ച് സഹിതം കാണാം. ഭൂവുടമകൾ ഏതെങ്കിലും വിധത്തിലുള്ള പരാതികൾ പോർട്ടലിൽ രേഖപ്പെടുത്തിയാൽ അതുകൂടി സർവേ ഭൂരേഖാ വകുപ്പ് പരിശോധിച്ചാണ് രേഖകൾ റവന്യു വകുപ്പിന് കൈമാറുക. ഇതോടെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പൂർണമായി അവസാനിക്കും. മാത്രമല്ല, കേരളത്തിലെ എല്ലാ ലാൻഡ് പാഴ്‌സലുകൾക്കും സ്വന്തമായി മതിൽ കെട്ടിയില്ലെങ്കിലും റവന്യു രേഖകളിൽ ആർക്കും പിഴുതെറിയാനാവാത്ത ഒരു ഡിജിറ്റൽ വേലി രൂപപ്പെടുന്നു എന്ന അത്ഭുതകരമായ മാറ്റത്തിനുകൂടി വഴിവയ്ക്കുകയാണ്. നേരത്തേ കേരളത്തിൽ 1.67 ലക്ഷം അതിർത്തിത്തർക്കങ്ങളുമായി ബന്ധപ്പെട്ട എൽആർഎം കേസുകൾ ഉണ്ടായിരുന്നു. ഡിജിറ്റൽ റീസർവേ വന്നതോടെ അതിൽ വലിയ കുറവുണ്ടാകുന്നു എന്നത് പ്രകടമായ നേട്ടമാണ്. 

ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 639 വില്ലേജുകളിൽ ആരംഭിച്ച റീസർവേ നടപടികൾ 312 വില്ലേജുകളിൽ പൂര്‍ത്തീകരിച്ചു. മറ്റിടങ്ങളിൽ പുരോഗമിക്കുകയുമാണ്. നടപടികൾ പൂർത്തിയായ വില്ലേജുകളിൽ രണ്ട് പ്രവർത്തനങ്ങൾ കൂടി നടപ്പാക്കിവരികയാണ്. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി, റവന്യു വകുപ്പിന്റെ പോർട്ടലായ റെലിസും രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളും സർവേ വകുപ്പിന്റെ പോർട്ടലായ ഇ‑മേപ്പും സംയോജിപ്പിച്ചു. ‘എന്റെ ഭൂമി’ ഒറ്റ പോർട്ടലാണ് അതിൽ ഏറ്റവും പ്രധാനം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംയുക്ത പോർട്ടലാണിത്. നിലവിൽ വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമേ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമുള്ളൂ. എസ്തോണിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണത്. യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും ജർമ്മനിയിലും ഇക്കാര്യത്തിൽ നേട്ടങ്ങളുണ്ടെങ്കിലും ഇവരോടെല്ലാം കിടപിടിക്കുംവിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റൽ സംവിധാനം ഒരുക്കിയതിലൂടെ ലോകത്തിനുമുന്നിൽ മറ്റൊരു കേരള മോഡൽ കൂടി ആയി.
ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങി വില്ലേജ് ഓഫിസ്, സർവേ ഓഫിസ്, രജിസ്ട്രേഷൻ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന നിരവധി സേവനങ്ങളാണ് ഈ ഒറ്റ പോർട്ടലിലൂടെ വിരൽത്തുമ്പിലേക്കെത്തിച്ചിരിക്കുന്നത്. ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന മുഴുവൻ തട്ടിപ്പുകൾക്കും എന്റെ ഭൂമി പോർട്ടൽ അറുതി വരുത്തും. റീസർവേയുടെ ഭാഗമായി വരുന്ന അധിക ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും സർക്കാർ ശ്രമിക്കുകയാണ്.

1932ൽ തിരു-കൊച്ചിയിലാണ് അവസാനത്തെ സെറ്റിൽമെന്റ് ഉണ്ടായത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഇതുവരെ സെറ്റിൽമെന്റ് ആക്ട് കേരളത്തിൽ രൂപീകരിച്ചിട്ടില്ല. ഈ സർക്കാരിന്റെ കാലത്തുതന്നെ അധിക ഭൂമിയെ ക്രമീകരിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സെറ്റിൽമെന്റ് ആക്ടും കൊണ്ടുവരും. ഇതും ചരിത്രത്തിന്റെ ഭാഗമാകുന്ന വലിയ മാറ്റമാകും. ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ മറ്റൊരു ചരിത്ര നടപടിക്കുകൂടി കേരളം തയ്യാറാവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഭൂവിവരങ്ങളടങ്ങിയ ഒരു ആധികാരിക ഡിജിറ്റൽ റവന്യു കാർഡ് അവതരിപ്പിക്കുകയാണ്. ക്യുആർ കോഡും പത്തക്ക ഡിജിറ്റൽ നമ്പറുമുള്ള ഡിജിറ്റൽ റവന്യു കാർഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ റീ സർവേ പൂർത്തിയായ വില്ലേജുകളിലെ ഭൂവുടമകളുടെ കൈവശം എത്തിത്തുടങ്ങും. വിവിധ ഓഫിസുകളിൽ കയറിയിറങ്ങാതെ തന്നെ അവരുടെ ഭൂമിയും അതിലെ കെട്ടിടങ്ങളും സംബന്ധിച്ച മുഴുവൻ വിവരങ്ങളും എടിഎം കാർഡ് വലിപ്പത്തിലുള്ള റവന്യു കാർഡിൽ ലഭ്യമാകും. ഇത് സംസ്ഥാന ചരിത്രത്തിലെ അഭിമാനകരമായ ഒരു അടയാളപ്പെടുത്തലാകും.
കേരളം നടക്കുന്നു, ഇന്ത്യ പിറകെ നടക്കുന്നു എന്നായിരുന്നു നേരത്തേ പറഞ്ഞതെങ്കിൽ, ലോക രാജ്യങ്ങളോടൊപ്പം നടക്കാവുന്ന നിലയിലേക്ക് കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വലിയ മാറ്റംവരുത്തലാണിത്. ഇക്കാര്യങ്ങളിൽ കേരളത്തെ പഠിക്കാൻ വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവേ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ എത്തിച്ചേർന്ന അനുഭവങ്ങൾ നമുക്കുണ്ടായി. ഈ സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ ഈ നേട്ടങ്ങളെ പരിചയപ്പെടുത്താൻ കഴിയുംവിധം, ‘സ്മാർട്ട് ലാൻഡ് ഗവേണൻസ്’ ആധാരമാക്കി റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഭൂമി’ — ദേശീയ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. 

23 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ ഉറപ്പിച്ചുകഴിഞ്ഞു. രാജ്യത്തിന് മാതൃകയാവും വിധം ഐടി അധിഷ്ഠിതമായ ഒരു ലാൻഡ് സർവേ സൊലൂഷൻ പ്രാവർത്തികമാക്കുവാൻ കേരളത്തിന് കഴിഞ്ഞു എന്നതാണ് ആകർഷണത്തിന് കാരണം. ലാൻഡ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, അനുഭവങ്ങൾ എന്നിവ കേരളത്തിന്റെ നേട്ടത്തിന്റെ വിവിധ സെഷനുകളിലൂടെ രാജ്യത്തോട് പങ്കുവയ്ക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. അന്തർദേശീയ, ദേശീയതലത്തിലുള്ള ഈ രംഗത്തെ വിദഗ്ധർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സർവേ പ്രദർശനവും നടക്കും.
ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കോവളം ഉദയ് സമുദ്ര ഹോട്ടലിലാണ് കോൺക്ലേവും എക്സ‌്പോയും നടക്കുക. സമാപന ദിവസമായ 28ന് കേരളത്തിലെ വിവിധ ജില്ലകളിൽ തുടരുന്ന ജനകീയ ഡിജിറ്റൽ റീസർവേ നേരിട്ട് കാണുവാനും ചാലകശക്തിയായ ഉദ്യോഗസ്ഥരുമായി സംവദിക്കാനും പ്രതിനിധികൾക്ക് അവസരമൊരുക്കും. ഇത്രയധികം സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഐഎഎസ് ഓഫിസർമാരടക്കം പങ്കെടുക്കുന്ന കോൺക്ലേവ്, ഭൂ ഭരണത്തിൽ കേരളം രാജ്യത്തിന് സമ്മാനിക്കുന്ന ഒരു പാഠപുസ്തകമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.