23 November 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യ‑യുഎസ് ബന്ധം ശക്തമെന്ന് ബൈഡന്‍

 എച്ച്എഎല്ലുമായി ധാരണാപത്രം ഒപ്പിട്ട് ജനറല്‍ ഇലക്ട്രിക് 
 സഹസ്രകോടികളുടെ ആയുധ കരാറുകള്‍ 
Janayugom Webdesk
ന്യൂഡൽഹി
June 22, 2023 11:11 pm

ഇന്ത്യ‑അമേരിക്ക ബന്ധം 21-ാം നൂറ്റാണ്ടില്‍ ഉന്നതങ്ങളിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിച്ച ശേഷമായിരുന്നു ജോ ബൈഡന്റെ പ്രസ്താവന. ഇരു രാജ്യങ്ങളും ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ വരും തലമുറയുടെ ഭാവിയില്‍ നിര്‍ണായകമാകുമെന്നും ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ഉക്രെയ്നിലെ റഷ്യൻ അധിനിവേശം എന്നിവയില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ബൈഡൻ പറഞ്ഞു. മോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ സഹസ്രകോടികളുടെ ആയുധ കരാറുകള്‍ക്ക് രൂപരേഖയായി. ഇന്ത്യയുടെ വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി ഫൈറ്റർ ജെറ്റ് എൻജിനുകൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടതായി ജനറൽ ഇലക്ട്രിക് (ജിഇ) അറിയിച്ചു. വാഷിങ്ടണിൽ ജനറൽ ഇലക്ട്രിക് ചെയർമാൻ എച്ച് ലോറൻസ് കൽപ്പ് ജൂനിയറുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിലെ പ്രധാന ഘടകമാണ് കരാറെന്ന് ജിഇ എയ്റോസ്പേസ് പറയുന്നു. എഫ് 414 എൻജിനുകളുടെ സംയുക്ത ഉല്പാദനം കരാറില്‍ ഉള്‍പ്പെടുന്നു. ലഘു യുദ്ധവിമാനമായ തേജസ് എംകെ2 വിനായി 99 എൻജിനുകൾ നിർമ്മിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നതായും ജിഇ അറിയിച്ചു. അതേസമയം പ്രതിരോധ കരാറിന് കീഴിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം എത്രത്തോളം യുഎസ് അനുവദിക്കും എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. 24 വരെയാണ് മോഡിയുടെ യുഎസ് സന്ദർശനം. ഡ്രോണ്‍ വില്പന കരാറടക്കം സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചേക്കും.

eng­lish sum­ma­ry; Biden says India-US rela­tion­ship is strong

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.