വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എന്‍ എം വിജയന്റെയും, മകന്റെയും ആത്മഹത്യയും, ബത്തേരി ബാങ്ക് കോഴയിലും അമര്‍ന്നിരിക്കുന്ന വയനാട്ടിലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. നേതാക്കന്‍മാരുടെ ഇടയില്‍ ഭിന്നത രൂക്ഷവുമാണ്. ഇപ്പോള്‍ വയനാട് എംപി കൂടിയായ പ്രിയങ്കയുടെ സന്ദര്‍ശനവും പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
എംപി എന്ന നിലയില്‍ അവര്‍ വന്‍ പരാജയമാണെന്നു അണികള്‍ക്കിടയില്‍ സംസാരവും ശക്തമാണ്. എൻ എം വിജയന്റെ വീട് സന്ദർശിച്ചപ്പോൾ ഐ സി ബാലകൃഷ്ണൻ എം എൽ എ യേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ ഡി അപ്പച്ചനേയും കെ എൽ പൗലോസിനേയും ഒഴിവാക്കിയത് ആയുധമാക്കിയാണ് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ഇവർക്കെതിരെ നടപടിയാവശ്യം ശക്തമാക്കിയാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്.
ബത്തേരി ബാങ്ക് നിയമന അഴിമതിയിൽ കുറ്റാരോപിതരായ മുഴുവൻ ആളുകൾക്കെതിരെയും നടപടി വേണമെന്ന് കഴിഞ്ഞ ഡി സി സി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ ഭിന്നത പരസ്യപ്രതിഷേധങ്ങളിലേക്ക് നീങ്ങിയേക്കും.ഡി സി സി യോഗം പോലും വിളിക്കാനാവാത്ത സ്ഥിതിയിലേക്ക് നേതാക്കൾ കോൺഗ്രസിനെ എത്തിച്ചു, കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് നേതാക്കൾക്കെന്നും കെ പി സി സി സമിതി റിപ്പോർട്ടിൽ ആത്മഹത്യ കുറിപ്പിൽ പരാമർശ്ശിക്കപ്പെട്ട പേരുകൾ ഒഴിവാക്കിയത് നാണക്കേടാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ നടന്ന അഴിമതിയും ആത്മഹത്യയുമെല്ലാം അണികളെ ബാധിച്ചു. സംഘടനാ പ്രവർത്തനം അടിത്തട്ടിൽ നിലച്ചുവെന്നും ആരോപണമുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്ന് നേതാക്കളോട് ചില ഡി സി സി സെക്രട്ടറിമാർ ഭീഷണി മുഴക്കിയതായും വിവരമുണ്ട്.കഴിഞ്ഞ ദിവസം മലയോര സമര ജാഥയുമായി പ്രതിപക്ഷ നേതാവ് ജില്ലയിലെത്തിയപ്പോൾ ചിലർ ഇക്കാര്യം ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.