23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ഇന്ത്യയില്‍ മതാന്ധത: വര്‍ഗീയത രൂക്ഷം

യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം
Janayugom Webdesk
വാഷിങ്ടണ്‍
November 16, 2024 10:46 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പത്തുവര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഇന്ത്യയില്‍ മതാന്ധതയും ഹിന്ദു വര്‍ഗീയതയും രൂക്ഷമായെന്ന് യുഎസ്. ഇന്ത്യ: മതസ്വാതന്ത്ര്യ പ്രശ്നങ്ങള്‍ എന്ന പേരില്‍ ഈ ആഴ്ച ആദ്യം യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഇന്ത്യയിലെ സാമൂഹ്യ അസമത്വത്തിന് ആക്കം കൂട്ടിയ മതപരവും രാഷ‍്ട്രീയവുമായ വീഴ‍്ചകളെക്കുറിച്ചും ഇന്ത്യ‑യുഎസ് ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം ഹിന്ദുവര്‍ഗീയതയും മതാന്ധതയും രാജ്യത്ത് കൂടുതല്‍ പ്രകടമാണ്. സമീപ വര്‍ഷങ്ങളില്‍ വര്‍ഗീയ കലാപങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നും കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അടുത്തിടെ കാനഡയും യുഎസ് പ്രോസിക്യൂട്ടര്‍മാരും നിജ്ജര്‍ വധം, പന്നൂന്‍ വധശ്രമം എന്നിവയെക്കുറിച്ച് നടത്തിയ ആരോപണങ്ങളും നടപടികളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവവികാസങ്ങള്‍ ഇന്ത്യ‑കാനഡ ബന്ധത്തെ കാര്യമായി ബാധിച്ചു, യുഎസ്-ഇന്ത്യ പങ്കാളിത്ത സംരംഭങ്ങളുടെ കാലയളവിനെയും ഇത് ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്തെ പൗരന്മാര്‍ക്ക് ഏത് മതത്തിലും വിശ്വസിക്കാമെന്ന് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്‍പ്പെടെ കടുത്ത വേര്‍തിരിവ് നേരിടേണ്ടിവരുന്നുണ്ടെന്നും 48 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞുവയ്ക്കുന്നു. ഹൈന്ദവ ദേശീയ നയത്തിലൂടെ രാജ്യത്ത് മത ഭൂരിപക്ഷവാദം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മോഡിയുടെയും ബിജെപിയുടെയും പദ്ധതി തുടര്‍ന്നാല്‍ ആത്യന്തികമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത ഇല്ലാതായേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മതവിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രശ‍്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാതെ വഷളാക്കുകയാണ് ചെയ്തത്. ഇന്ത്യ ആഗ്രഹിക്കുന്ന ‘മഹത്തായ ശക്തി’ എന്ന പദവി കൈവരിക്കാന്‍ സാമൂഹ്യ ഐക്യം ആവശ്യമാണെന്നും അമേരിക്ക അതിന് നിര്‍ബന്ധം പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര, വാണിജ്യ പങ്കാളിത്തങ്ങളായിരിക്കും നയരൂപീകരണത്തെ സ്വാധീനിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. 

യുഎസ് ഗവണ്‍മെന്റ് മനുഷ്യാവകാശങ്ങളില്‍ ശക്തമായി സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ അവരുമായുള്ള പങ്കാളിത്തം നിലനിര്‍ത്തുന്നതിനും ശക്തമാക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യക്കുറവ് പ്രകടിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ വര്‍ഷങ്ങളായി ഇന്ത്യക്കെതിരെ ഉപരോധം അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തുടര്‍ച്ചയായി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ യുഎസ് ഭരണകൂടം റിപ്പോര്‍ട്ടുകളില്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.