
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാം രത്തന്‍ സിങ് (തെഗ്‌ര), സൂര്യകാന്ത് പാസ്വാന്‍ (ബാഖ്രി-സംവരണ മണ്ഡലം), അവദേശ് കുമാര്‍ റായ് (ബച്വാഡ) എന്നീ മണ്ഡലങ്ങളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ബച്വാഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രകാശ് ഗരീബ് ദാസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സിപിഐ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി മത്സര രംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ഔദ്യോഗിക ചിഹ്നത്തിലാകും മത്സര രംഗത്തുണ്ടാകുകയെന്നും നേതാക്കള്‍ പറഞ്ഞു.
രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്. സഞ്ജയ് കുമാര്‍ (ബങ്ക), രാകേഷ് കുമാര്‍ പാണ്ഡെ (ഹാര്‍ലഖി), രാം നാരായണ്‍ യാദവ് (ജാന്‍ഹര്‍പൂര്‍) എന്നിവര്‍ 18, 19 തിയതികളിലായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മറ്റ് മണ്ഡലങ്ങളും പാര്‍ട്ടി പരിഗണനയിലുണ്ട്. വിശാല സഖ്യത്തിന്റെ സീറ്റ് വീതം വയ്പ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായ ശേഷമാകും തുടര്‍ നടപടികള്‍.
രണ്ട് ഘട്ടമായി നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നവംബര്‍ ആറിന് ഒന്നാം ഘട്ടവും 11 ന് രണ്ടാം ഘട്ടവും വോട്ടെടുപ്പ് നടക്കും. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷവും അടങ്ങിയ വിശാല സഖ്യവും ജെഡിയു, ബിജെപി എന്നിവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ഇരുപക്ഷത്തും നിലയുറപ്പിച്ച് പോരാട്ടം നടത്തുമ്പോള്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.