
രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തുന്നവരില്‍ ഭൂരിഭാഗവും ബിജെപി സംസ്ഥാനങ്ങളില്‍ നിന്ന്. വോട്ട് ചോരി ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് നരേന്ദ്ര മോഡിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി കൂട്ടത്തോടെ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്ത് വിട്ട രേഖയിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ ബിഹാറില്‍ കൂടുതലായി നിയമിച്ച വിവരമുള്ളത്.
243 മണ്ഡലങ്ങളില്‍ ഓരോ ഐഎഎസ് ഓഫിസര്‍മാരെ വീതമാണ് നിരീക്ഷകരായി നിയമിച്ചിരിക്കുന്നത്. ഇതില്‍ ഗുജറാത്തില്‍ നിന്നു മാത്രം പതിനാല് പേരാണുള്ളത്. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതമായി തോന്നാമെങ്കിലും നിലവില്‍ സര്‍വീസിലുള്ള ഇന്ത്യയിലെ ആകെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ബിഹാറിന്റെ വിഹിതവുമായി ഇത് ആനുപാതികമല്ല. ഗുജറാത്തിലെ ആകെ ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം 255 ആയിരിക്കെ പ്രതിപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിനെക്കാളും കര്‍ണാടകയേക്കാളും നിരീക്ഷകരെയാണ് ബിഹാറിലേക്ക് അയച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം ഐഎഎസ് ഉദ്യോഗസ്ഥരില്‍ 57 % മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു. എന്നാല്‍ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊതു നിരീക്ഷകര്‍ 68 %മാണ് ബിഹാറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതുകൂടാതെ 68 % നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് നിരീക്ഷകരും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
2020 ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് ഈ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പില്‍ കമ്മിഷന്റെ കണ്ണും കാതും പോലെ പ്രവര്‍ത്തിക്കുക, നീതി, നിഷ്പക്ഷത , സുതാര്യത എന്നിവ ഉറപ്പ് വരുത്തുകയാണ് നിരീക്ഷകരുടെ ഉത്തരവാദിത്വം. വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടത്തിപ്പ് ചുമതലയും ഇവരുടെ കടമയാണ്. പൊലീസ് നിരീക്ഷകര്‍ ക്രമസമാധാനം ഉറപ്പ് വരുത്തുക, സിവില്‍ പൊലീസ് ഭരണകൂടങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുക എന്നീ ചുമതലയാണ് നിര്‍വഹിക്കുക. തെരഞ്ഞടുപ്പ് കമ്മിഷന്‍ നടത്തിയ എസ്ഐആര്‍ പ്രക്രിയ വഴി 80 ലക്ഷത്തോളം വോട്ടര്‍മാരെ ഒഴിവാക്കി ശുദ്ധീകലശം നടത്തിയെന്ന് അവകാശപ്പെടുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരായി ബിജെപി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ നിരീക്ഷക വേഷമണിഞ്ഞ് എത്തിയിരിക്കുന്നത്. ഈമാസം ആറിനും പതിനൊന്നിനുമാണ് ബിഹാറില്‍ വോട്ടെടുപ്പ്. 14 ന് ഫലം പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.