
ബിഹാറിലെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്എെആര്‍) ന് ശേഷം ഏകദേശം 65 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പായ വോട്ട് ഫോർ ഡെമോക്രസി (വിഎഫ്ഡി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രക്രിയ അപാകതകൾ നിറഞ്ഞ ഒരു സ്റ്റാറ്റിസ്റ്റിക്കൽ ശുദ്ധീകരണം ആണെന്ന് വെളിപ്പെടുത്തുന്നു.
വോട്ടർമാരുടെ പങ്കാളിത്തത്തോടെ നടത്തിയ പട്ടികകളുടെ സുതാര്യവും വിജയകരവുമായ ശുദ്ധീകരണമായിരുന്നു പ്രക്രിയയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. 2003 ന് ശേഷം ബിഹാറിൽ ആദ്യമായി നടന്ന പുനരവലോകനത്തിൽ 7.24 കോടി വോട്ടർമാർ വീണ്ടും ഇടംപിടിച്ചു. 65 ലക്ഷം (വോട്ടർമാരുടെ 8.31%) പേർ ഒഴിവാക്കപ്പെട്ടു. 36 ലക്ഷം സ്ഥിരമായി സ്ഥലം മാറ്റപ്പെട്ടവരോ കണ്ടെത്താത്തവരോ (4.59%), 22 ലക്ഷം പേർ മരിച്ചവർ (2.83%), ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത ഏഴ് ലക്ഷം പേർ (0.89%) എന്നിങ്ങനെയാണ് ഒഴിവാക്കിയവരുടെ കണക്ക്.
പെട്ടെന്നുള്ള ഡാറ്റ കുതിച്ചുചാട്ടം, ഡാറ്റാ പൊരുത്തക്കേടുകൾ, വ്യക്തമല്ലാത്ത റിപ്പോർട്ടിങ്, സ്ഥിരമായ കണക്കുകൾ തുടങ്ങിയ നിരവധി അപാകതകളിലേക്ക് വിഎഫ്ഡിയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നു. ജൂലൈ 22 നും ജൂലൈ 23 നും ഇടയിൽ 24 മണിക്കൂറിനുള്ളിൽ ‘തിരിച്ചറിയാൻ കഴിയാത്ത’ വോട്ടർമാരുടെ എണ്ണം 771% വർധിച്ചു. ‘സ്ഥിരമായി ഒഴിവാക്കിയ’ വോട്ടർമാരുടെ എണ്ണം മൂന്ന് ദിവസത്തിനുള്ളിൽ (ജൂലൈ 21–24) 15 ലക്ഷത്തിലധികം കൂടി. അതേസമയം തിരിച്ചറിഞ്ഞ ‘മരിച്ച’ വോട്ടർമാരുടെ എണ്ണം ഒരു ദിവസം കൊണ്ട് 2,11,462 ആയി വർധിച്ചു, ലോജിസ്റ്റിക്പരമായും സ്ഥിതിവിവരക്കണക്കിലും ഈ ഫലം അസാധ്യമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ജൂലൈ 22–23 തീയതികളിൽ ഫീൽഡിൽ നിന്ന് ലഭിച്ച ഓരോ പുതിയ എണ്ണൽ ഫോമിലും നാലിൽ കൂടുതൽ വോട്ടർമാരെ നീക്കം ചെയ്യുന്നതിനായി തിരിച്ചറിഞ്ഞതായി വിഎഫ്ഡി വിശകലനം കണ്ടെത്തി. ഇത് ഫോം ശേഖരണത്തിൽ തന്നെ സ്വതന്ത്രമായി നീക്കംചെയ്യല്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു. ജൂലൈ 22 ന് ശേഷം ‘ലയിപ്പിച്ച ഡാറ്റ’ എന്ന ഒരൊറ്റ തലക്കെട്ടിന് കീഴിൽ കൃത്യമായ കണക്കുകൾ റൗണ്ട് ചെയ്യുകയോ ഗ്രൂപ്പുചെയ്യുകയോ ചെയ്‌തുകൊണ്ട് കമ്മിഷന്‍ റിപ്പോർട്ടിങ് കൂടുതൽ സൂക്ഷ്മമായി മാറി.
ഒഴിവാക്കൽ നിരക്കുകൾ സംസ്ഥാന ശരാശരിയേക്കാൾ വളരെ കൂടുതലുള്ള ഹോട്ട്‌സ്‌പോട്ട് ജില്ലകള്‍ കുടിയേറ്റ തൊഴിലാളികളും ന്യൂനപക്ഷ ജനസംഖ്യയും കൂടുതലുള്ള പ്രദേശങ്ങളാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഗോപാൽഗഞ്ച് (15.10%), പൂർണിയ (12.08%), കിഷൻഗഞ്ച് (11.82%), മധുബാനി (10.44%) തുടങ്ങിയ ജില്ലകളാണ് ഇവ.
ജൂലൈ 14 നും ജൂലൈ 17 നും ഇടയിൽ, “മരിച്ചിരിക്കാൻ സാധ്യത”, “ശാശ്വതമായി താമസം മാറ്റിയിരിക്കാൻ സാധ്യത” എന്നിവയുടെ കണക്കുകൾ പൂർണമായും സ്ഥിരമായി തുടർന്നു. ചലനാത്മകവും തത്സമയവുമായ പ്രക്രിയയാണ് ബിഹാറില്‍ സംഘടിപ്പിച്ചതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശവാദത്തിന് വിരുദ്ധമാണിതെന്നും വിഎഫ്ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.