
ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിയമവിരുദ്ധത ഉണ്ടെങ്കിൽ റദ്ദാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി. അതേസമയം ആധാർ പൗരത്വത്തിന്റെ ആധികാരിക രേഖയായി കണക്കാക്കാൻ ആകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ വാദം കോടതി വാക്കാല്‍ ശരിവച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാദം ഇന്നും തുടരും. ആധാർ പൗരത്വത്തിന്റെ അന്തിമ തെളിവായി സ്വീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് ശരിയാണ്. അത് പരിശോധിക്കേണ്ടതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഹര്‍ജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് ഈ പരിശോധന നടത്താനുള്ള അധികാരമുണ്ടോ എന്നതാണ് ആദ്യം തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. “അവർക്ക് അധികാരമില്ലെങ്കിൽ എല്ലാം അവസാനിക്കും. പക്ഷേ അധികാരമുണ്ടെങ്കിൽ പ്രശ്നമില്ല,” ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രക്രിയ വോട്ടർമാരെ വൻതോതിൽ ഒഴിവാക്കുന്നതിലേക്ക് നയിക്കുമെന്നും, പ്രത്യേകിച്ച് ആവശ്യമായ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്തവരെ ബാധിക്കുമെന്നും സിബൽ വാദിച്ചു. 2003ലെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെട്ടവർ പോലും പുതിയ ഫോമുകൾ നൽകണമെന്നും, അങ്ങനെ ചെയ്യാത്തവരുടെ പേരുകൾ ഇല്ലാതാക്കപ്പെടുമെന്നും, വിലാസത്തിൽ മാറ്റമില്ലെങ്കിലും ഇത് സംഭവിക്കുമെന്നും അദ്ദേഹം ആരോപിച്ചു. 2025ലെ പട്ടികയിൽ 7.9 കോടി വോട്ടർമാരുണ്ടെന്നും, അതിൽ 4.9 കോടി 2003 ലെ പട്ടികയിൽ നിന്നുള്ളതാണെന്നും, 22 ലക്ഷം പേര്‍ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിബൽ പറഞ്ഞു.
മരണമോ വിലാസമാറ്റമോ കാരണം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതി ഫയലിങ്ങിലോ വെബ്സൈറ്റിലോ വെളിപ്പെടുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. “അവർ ബൂത്ത്-ലെവൽ ഏജന്റുമാർക്ക് ചില വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് പറയുന്നു, പക്ഷേ മറ്റാർക്കും നൽകേണ്ട ബാധ്യതയില്ലെന്ന് അവകാശപ്പെടുന്നു,” എന്ന് ഭൂഷൺ വാദിച്ചു. ഒരു വോട്ടർ ആധാറും റേഷൻ കാർഡും സഹിതം ഫോം സമർപ്പിച്ചാൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദാംശങ്ങൾ പരിശോധിക്കാൻ ബാധ്യസ്ഥരാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. നഷ്ടപ്പെട്ട രേഖകളെക്കുറിച്ച് അർഹതയുള്ളവരെ യഥാർത്ഥത്തിൽ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.