31 December 2025, Wednesday

മിനിട്ടുകൾക്കുള്ളിൽ റേഷൻ കാർഡ് റെഡി; ബിഹാർ സ്വദേശിനിക്ക് ആർസിസിയിൽ സൗജന്യ ചികിത്സ ഉറപ്പായി

Janayugom Webdesk
May 2, 2023 9:28 pm

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക്തല അദാലത്ത് വേദിയിലേക്ക് ആർസിസിയുടെ വാഹനം എത്തിയപ്പോൾ ഏവരുടെയും മുഖത്ത് ആശങ്ക. വാഹനത്തിനുള്ളിൽ നിന്നും ഒരു പതിനൊന്ന് വയസുകാരൻ മന്ത്രി ജി ആർ അനിലിന്റെ അടുത്തേക്ക്. പേര് മുഹമ്മദ് സൽമാൻ. കാൻസർ രോഗിയായ മുത്തശ്ശിയുമായി അവൻ എത്തിയത് റേഷൻ കാർഡ് വേണമെന്ന ആവശ്യവുമായി. രോഗിയായ ഗുൾഷൻ ഖാത്തൂണിന്റെ ചികിത്സയ്ക്കായി നാല് ലക്ഷം രൂപ ചെലവാകും. മുൻഗണന കാർഡുള്ളവർക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന് അറിഞ്ഞാണ് കുടുംബം അദാലത്തിലേക്ക് എത്തിയത്.
ബിഹാർ സ്വദേശികളായ കുടുംബം കഴിഞ്ഞ ഇരുപത് വർഷമായി പൂന്തുറയിൽ സ്ഥിര താമസക്കാരാണ്. ഗുൾഷൻ ഖാത്തൂണിന്റെ മകൻ മുഹമ്മദ് ഇസ്ലാം ഓടക്കുഴൽ വില്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. നാല് കുട്ടികൾ ഉൾപ്പടെ ഏഴ് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും ഇസ്ലാമാണ്.
അമ്മയുടെ ചികിത്സയ്ക്കായി ഇത്രയധികം തുക കണ്ടെത്തുന്നത് അസാധ്യമാണ്. ആർസിസിയിൽ ചികിത്സയിൽ കഴിയവേയാണ് അദാലത്തിനെ കുറിച്ച് ഇവർ അറിഞ്ഞത്. കുടുംബത്തിന്റെ പരിതസ്ഥിതി മനസിലാക്കിയ ആർസിസി വെൽഫയർ ഓഫിസർ ആശയുടെയും, ലേയ്സൺ ഓഫീസർ രാജഗോപാലിന്റെയും സഹായത്തോടെ വേദിയിലെത്തി റേഷൻ കാർഡിനുള്ള അപേക്ഷ നൽകി. നിമിഷനേരത്തിൽ നടപടികൾ പൂർത്തിയാക്കി, മുൻഗണന റേഷൻ കാർഡ് കയ്യിൽ നൽകി. ജീവിതത്തിൽ പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ആ കുടുംബം വേദിയിൽ നിന്നും മടങ്ങി.

eng­lish summary;Bihar native assured free treat­ment at RCC
you may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.