വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഉറ്റവരെ നഷ്ടമായ വേദനയിലാണ് ബീഹാർ സ്വദേശിയായ രോസൻ കുമാർ. വയനാട്ടിൽ മരണപ്പെട്ട അമ്മ ഫുൽകുമാരി ദേവിയുടെ മരണാനന്തര ക്രിയകൾക്കായി വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമത്തിലെത്തിയ രോസൻകുമാർ അപകടത്തിൽ കാണാതായ സുഹൃത്തുക്കളെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ആറു ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ പെട്ടത്. ഇതിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. ദുരന്തത്തിൽ മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകനാണ് രവി രോസൻ കുമാർ. ഇദ്ദേഹം മുഖേനയാണ് ദുരന്തത്തെക്കുറിച്ച് നാട്ടുകാർ അറിയുന്നത്.
ജന്മദേശത്തേക്ക് മടങ്ങണമെന്ന് ഫുൽകുമാരി ദേവി അതിയായി ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം പൊലിഞ്ഞെങ്കിലും അമ്മയുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്ക് നാട്ടിലെത്തിക്കണമെന്നായിരുന്നു രോസൻ കുമാർ ചിന്തിച്ചത്. എന്നാൽ ഒപ്പമുള്ളവരുടെ ചികിത്സ ഉറപ്പാക്കാനും കാണാതായ ബന്ധുക്കളെ തിരയാനുമെല്ലാം രോസന് ഇവിടെ നിൽക്കേണ്ടിവന്നു. മടങ്ങാൻ തീരുമാനിച്ചപ്പോൾ കയ്യിലുള്ള സമ്പാദ്യമെല്ലാം ദുരന്തത്തിൽ നഷ്ടപ്പെട്ടതോടെ ഇതിന് സാധിക്കില്ലെന്ന് രോസന് മനസിലായി. ഒടുവിൽ മരണാനന്തരക്രിയകൾക്ക് അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന രോസൻകുമാറിന്റെ ആഗ്രഹത്തിന് എസ് വൈ എസ് പ്രവർത്തകർ സൗകര്യമൊരുക്കുകയായിരുന്നു. വിമാന ടിക്കറ്റും മറ്റു യാത്രാ സൗകര്യങ്ങളും ഇവർ ഒരുക്കിക്കൊടുത്തു.
സംഭവ സ്ഥലത്ത് നിന്നാണ് രോസൻകുമാറിന്റെ അമ്മ ഫൂൽകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺകുമാർ എന്നിവർ പരിക്കുകളോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുക്കളായ സാദു പാസ്വാൻ, രഞ്ജിത് കുമാർ, ബിജിനസ് പാസ്വാൻ എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്.
തന്റെ ദനയീയ സാഹചര്യം മനസിലാക്കിയ വൈശാലി എം എൽ എ സിദ്ധാർത്ഥ് പട്ടേൽ ആണ് ബീഹാർ മർകസിനെ സാബിത്ത് നൂറാനിയുമായി ബന്ധപ്പെട്ട് തനിക്ക് നാട്ടിലെത്താനുള്ള വഴിയൊരുക്കിയതെന്ന് രോസൻകുമാർ പറഞ്ഞു. സാബിത്ത് വയനാട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് സാന്ത്വനം പ്രവർത്തകർ രോസൻ കുമാറിനെ കണ്ടെത്തി ചൂരൽമലയിലെ ക്യാമ്പ് ഓഫീസിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് അമ്മയുടെ അന്ത്യകർമങ്ങൾക്കായി ബീഹാറിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റും അടിയന്തര സഹായങ്ങളും നൽകി. തുടർന്നു നടന്ന അന്വേഷണത്തിലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരെ കണ്ടെത്തുന്നത്.
നാട്ടിലെത്തിയ രോസൻ കുമാറിൽ നിന്നാണ് ദുരന്തത്തിന്റെ ഭീകരത ബന്ധുക്കൾ തിരിച്ചറിഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർത്ഥനയിലാണ് ഇവരെല്ലാവരും. കുടുംബത്തിന്റെ ആശ്രയമായിരുന്നവരുടെ വിയോഗത്തോടെ നിത്യ ചെലവുകൾ പോലും എങ്ങിനെ സാധിക്കുമെന്ന ആശങ്കയിലാണ് ഇവരെല്ലാവരുമെന്ന് രോസൻ കുമാർ പറയുന്നു. ചികിത്സയിലുള്ളവർ ഭേദമായി ഉടൻ നാട്ടിലെത്തുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. ദുരിതബാധിതർക്ക് കേരള സർക്കാർ നൽകുന്ന ധനസഹായത്തിൽ തങ്ങളെയും സഹായിക്കണമെന്ന അഭ്യർത്ഥനയാണ് ഭഗവാൻപൂരിലെ അതിദരിദ്രരായ ഈ കുടുംബങ്ങൾ.
English Summary: Bihar native lost relatives in Wayanad landslide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.