6 December 2025, Saturday

കണക്കുകള്‍ ഒന്നും ശരിയാകാത്ത ബിഹാര്‍ വോട്ട്

അബ്ദുൾ ഗഫൂർ
November 16, 2025 4:00 am

ബിഹാറിലെ തെരഞ്ഞെടുപ്പ് വിധി സംബന്ധിച്ച വിശദമായ വിലയിരുത്തലുകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അപ്രതീക്ഷിതം മാത്രമല്ല അസ്വാഭാവികവുമായിരുന്നു അവിടെയുണ്ടായ എന്‍ഡിഎ വിജയം. തൂത്തുവാരല്‍ എന്ന വാക്ക് ഈ വിജയത്തെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥവത്താണ്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ പറഞ്ഞതുപോലെ, പ്രകടമായ ഒരു അനുകൂല തരംഗവും ഇല്ലാതിരുന്നിട്ടും എന്‍ഡിഎ നേടിയ വന്‍ വിജയം നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളും വിദ്വേഷ പ്രചരണങ്ങളും ധ്രുവീകരണ നീക്കങ്ങളും വിജയത്തിന് കാരണമായെന്ന് വിലയിരുത്തുമ്പോഴും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതുപോലുള്ള തൂത്തുവാരലുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

പ്രത്യേകിച്ച്, ബിഹാര്‍ അവകാശവാദങ്ങള്‍ക്കപ്പുറം പിന്നാക്കാവസ്ഥയെ മറികടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളും മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും അവിടെ സഞ്ചരിച്ച് സമൂഹത്തിന് കാട്ടിത്തന്ന അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളും പരിഗണിക്കുമ്പോള്‍. അതുകൊണ്ടുതന്നെ തീരെ പൊരുത്തപ്പെടാത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷ (ഇസിഐ)ന്റെ വോട്ടുകണക്കുകള്‍ തന്നെയാണ് ജനാധിപത്യം തോറ്റുപോയതിന്റെ തെളിവായെടുക്കേണ്ടത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) പ്രക്രിയയുമായി ബന്ധപ്പെട്ട് ഇസിഐ നല്‍കിയ കണക്കുകളില്‍തന്നെ ആദ്യാവസാനം ഈ പൊരുത്തക്കേടുകള്‍ പ്രകടമാണ്. എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമായി പഴയ വോട്ടര്‍ പട്ടിക, അതായത് 2003ല്‍ നടന്ന തീവ്ര പരിഷ്കരണത്തെ തുടര്‍ന്ന് തയ്യാറാക്കിയ പട്ടിക പ്രസിദ്ധീകരിച്ചത് ജൂലൈ 31നായിരുന്നു. പ്രസ്തുത പട്ടിക പ്രകാരം 7.24 കോടിയായിരുന്നു സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം. 2003ലെ പരിഷ്കരണത്തിന് ശേഷം വിവിധ കാലയളവുകളില്‍ പുതിയതായി ചേര്‍ന്നവരുടെ എണ്ണം ചേര്‍ത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ടു ചെയ്തവരുടെ എണ്ണം 7.93 കോടി. അതുപ്രകാരം വെട്ടിപ്പോയ വോട്ടര്‍മാരുടെ എണ്ണം 65 ലക്ഷം.

ജൂലൈ 31ന് പട്ടിക പ്രസിദ്ധീകരിക്കുകയും വീടുവീടാന്തരം കയറിയുള്ള പരിശോധനകളും പരാതികളുടെ പരിഹാരവുമെല്ലാം കഴിഞ്ഞ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 30ന്. അതുപ്രകാരം ആകെ വോട്ടര്‍മാരുടെ എണ്ണം 7.43 കോടി. ജൂലൈ 31ലെ കരട് പട്ടികയില്‍ ഉണ്ടായിരുന്ന 7.24 കോടിയില്‍ നിന്ന് 3.66 ലക്ഷം വോട്ടര്‍മാരെ അയോഗ്യരെന്ന് കണ്ടെത്തി ഒഴിവാക്കിയും 21.53 ലക്ഷം പേരെ കൂട്ടിച്ചേര്‍ത്തുമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഇതില്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷത്തിലധികം പേരില്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ച 21.53 ലക്ഷം പേരെയാണ് കൂട്ടിച്ചേര്‍ത്തതെന്ന് അനുമാനിക്കാം. അങ്ങനെ വന്നാലും യഥാര്‍ത്ഥ പട്ടികയില്‍ നിന്ന് 45 ലക്ഷത്തോളം പേര്‍ പുറത്തായി എന്ന് കണ്ടെത്താനാകും. മരിച്ചവരും താമസം മാറിയവരും ഇരട്ടവോട്ടുള്ളവരുമാണ് ഈ 45 ലക്ഷമെന്നാകാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ന്യായീകരണം.

ഇതിനെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ മറ്റൊരു കണക്കുകൊണ്ട് നിരാകരിക്കാവുന്നതാണ്. രാജ്യത്ത് ആധാര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യമുണ്ടായത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമായിരു‌ന്നു. അതിനുശേഷമുള്ള 11 വര്‍ഷത്തിനിടെ 9.3 കോടിയോളം ജനസംഖ്യയുള്ള പശ്ചിമബംഗാളില്‍ മരിച്ചുപോയരുടെ എണ്ണം 34 ലക്ഷമാണെന്ന് കേന്ദ്ര ആധാര്‍ ഏജന്‍സി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി കഴിഞ്ഞ ദിവസം വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. അങ്ങനെയങ്കില്‍ 2003ന് ശേഷമുള്ള 22 വര്‍ഷത്തിനിടെ ഇപ്പോള്‍ 12 കോടിയിലധികം ജനസംഖ്യയുള്ള ബിഹാറില്‍ മരിച്ചവരുടെ എണ്ണം എത്രയായിരിക്കുമെന്ന് അനുമാനിക്കുന്നത് കൗതുകകരമായിരിക്കും. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ബംഗാളിനെക്കാള്‍ മെച്ചമല്ല ബിഹാറിന്റെ സ്ഥിതിയെന്നതുകൂടി പരിഗണിക്കുമ്പോള്‍ വോട്ടര്‍മാരെ ഒഴിവാക്കിയതിന്റെ മാനദണ്ഡം മരണമോ താമസം മാറ്റമോ ആയിരുന്നില്ലെന്നും വ്യക്തമായ ലക്ഷ്യത്തോടെയുള്ള ഒഴിവാക്കല്‍ തന്നെയാണെന്നും കണ്ടെത്തുന്നതിന് പ്രയാസമില്ല.

മറ്റൊരു കണക്കു വൈരുധ്യം കൂടിയുണ്ട്. എസ്ഐആര്‍ പൂര്‍ത്തിയാക്കിയതിനുശേഷം സെപ്റ്റംബര്‍ 30ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പുറത്തിറക്കിയ ശേഷമുള്ള വോട്ടര്‍മാരുടെയും എണ്ണം സംബന്ധിച്ച പൊരുത്തക്കേടുകളാണ് അത്. അന്തിമ വോട്ടര്‍ പട്ടികയിലെ എണ്ണം 7.43 കോടിയാണ് (ഇക്കാര്യം ഒക്ടോബര്‍ ആറിന് ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഇസിഐ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ കുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. കമ്മിഷന്‍ വെബ്സൈറ്റില്‍ ഇപ്പോഴും അത് ലഭ്യവുമാണ്). അതേസമയം വെട്ടെടുപ്പിന് ശേഷം എണ്ണം 7.45 കോടി ആയിരിക്കുന്നു (ഈ പത്രക്കുറിപ്പും വെബ്സൈറ്റില്‍ ലഭ്യമാണ്). അതായത് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ കൂടിയെന്നര്‍ത്ഥം. ഈ രണ്ടുലക്ഷം എവിടെനിന്ന് വന്നു എന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ടത് ഇസിഐയുടെ ഉത്തരവാദിത്തമാണ്.

അന്തിമ പട്ടിക പ്രസിദ്ധീകരിച്ച സെപ്റ്റംബര്‍ 30നുശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഒക്ടോബര്‍ ആറുവരെ തീയതികളില്‍ 18 വയസ് പൂര്‍ത്തിയാക്കിയ ഇത്രയും പേര്‍ പുതിയതായി വോട്ട് ചേര്‍ത്തെന്നായിരിക്കും ന്യായീകരണം. എന്നാല്‍ നവംബര്‍ 13ലെ പത്രക്കുറിപ്പില്‍ വ്യക്തമായി പറയുന്നത് എസ്­ഐആറില്‍ പൂജ്യം അപ്പീലുകള്‍, അന്തിമ വോട്ടര്‍ പട്ടികയില്‍ 7,45,26,858 വോട്ടർമാർ എന്നായതിനാല്‍ ഈ ന്യായീകരണവും വിശ്വസിക്കാവുന്നല്ല. മാത്രവുമല്ല, സംസ്ഥാനത്ത് ഇത്രയും പേര്‍ 18 വയസ് പൂര്‍ത്തിയാക്കിയെന്നും അവരെല്ലാമാണ് വോട്ട് ചേര്‍ത്തതെന്നും വിശ്വസിക്കുവാന്‍ മാത്രം വിഡ്ഢികളല്ലാത്ത കുറേപേരും രാജ്യത്തുണ്ടെന്നാണ് ഇസിഐ മനസിലാക്കേണ്ടത്.
മൂന്നാമത്തെ കണക്ക് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് രീതി തന്നെ മാറ്റണമെന്ന ദീര്‍ഘകാല അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. 20.08% വോട്ട് ലഭിച്ച ബിജെപിക്ക് 89, 19.25% കിട്ടിയ ജെഡിയുവിന് 85 വീതം സീറ്റുകളില്‍ ജയിക്കാനായപ്പോള്‍ 23% വോട്ടുകള്‍ കരസ്ഥമാക്കിയ ആര്‍ജെഡിക്ക് ജയിക്കാനായത് 25 സീറ്റുകളില്‍ മാത്രം. മത്സരിച്ച മണ്ഡലങ്ങളുടെ എണ്ണ വ്യത്യാസമാണ് ഇതിന് കാരണമെന്ന് വാദിക്കാം. എന്നാല്‍ തുല്യസീറ്റുകളില്‍ മത്സരിച്ച ബിജെപി, ജെഡിയു കക്ഷികളുടെ വോട്ടുകളിലും സീറ്റുകളിലുമുള്ള വ്യത്യാസം ആ വാദത്തെയും അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നു. മണ്ഡലങ്ങളിലുള്ള വോട്ടുകളുടെ ഏറ്റക്കുറച്ചിലുകള്‍ വിജയഘടകമാകുന്നുവെന്ന വസ്തുതയും ഇവിടെ ഉയര്‍ന്നുവരുന്നു. എല്ലാ മണ്ഡലങ്ങളെയും തുല്യ വോട്ടുനിലയില്‍ ക്രമീകരിക്കുക എന്നത് പ്രയാസകരവുമാണ്.

ഈ സാഹചര്യത്തില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന വോട്ട് ശതമാനം കണക്കാക്കി പ്രാതിനിധ്യം ലഭിക്കുന്ന സമ്പ്രദായം നടപ്പിലാക്കി നമ്മുടെ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കണമെന്ന അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു. അങ്ങനെ വരുമ്പോള്‍ വര്‍ഗീയ, സാമുദായിക സമവാക്യങ്ങള്‍ ഉള്‍പ്പെടെ പരിഗണനകള്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്നുതന്നെ അപ്രത്യക്ഷമാകുകയും ചെയ്യും. തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവരുന്നതാണ് ഈ അഭിപ്രായം. സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുടെ നേതൃത്വത്തിലുള്ള സമിതി ഉള്‍പ്പെടെ ഇത്തരം നിര്‍ദേശം സമര്‍പ്പിച്ചിരുന്നതാണ്. സിപിഐ ആ നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. ഏതായാലും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്ന വോട്ടെടുപ്പ് പ്രക്രിയയും അത് സത്യസന്ധമായി നടത്തേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനും ഉത്തരം പറയേണ്ട നിരവധി ചോദ്യങ്ങള്‍ ബിഹാര്‍ ഫലം അവശേഷിപ്പിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.