2 July 2024, Tuesday
KSFE Galaxy Chits

Related news

July 1, 2024
June 30, 2024
June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 19, 2024
June 19, 2024
June 19, 2024

ബിജുകുമാറിന്റെ ആത്മഹത്യ: കോണ്‍ഗ്രസുകാരനായ സഹകരണസംഘം പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം

Janayugom Webdesk
കഴക്കൂട്ടം
June 30, 2024 4:45 pm

ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുകളിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജുകുമാറിന്റെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹവുമായി ചെമ്പഴന്തി ജങ്ഷനിലെ സഹകരണസംഘത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞ് ജീവനക്കാർ നേരത്തെ ബാങ്ക് പൂട്ടി പോയിരുന്നു. കഴക്കൂട്ടം എസിപി യുടെ നേതൃത്വത്തിൽ വലിയൊരു സംഘം പൊലീസ് സ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബന്ധുക്കളും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി.

കളക്ടറോ അല്ലെങ്കില്‍ ആർഡിഒ യോ എത്താതെ മൃതദേഹവുമായി പോവില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ തിരുവനന്തപുരം തഹസിൽദാർ കെ എസ് പ്രമോദ്, ഡെപ്യൂട്ടി തഹസിൽദാർ ഷൈലജൻ, സഹകരണവകുപ്പ് ജോയിൻ രജിസ്റ്റാർ അയ്യപ്പൻ നായർ എന്നിവർ സ്ഥലത്തെത്തി എസിപിയും ചേർന്ന് ബന്ധുക്കളുമായി സംസാരിച്ചു. പരാതി പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ ബാങ്കിനു മുന്നിലെ പ്രതിഷേധം ബന്ധുക്കള്‍ അവസാനിപ്പിച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം ചടങ്ങുകൾക്കുശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു.

നാലുമാസം മുമ്പ് ഇതേ സംഘത്തിലെ പത്തുലക്ഷം രൂപയുടെ ചിട്ടിപിടിച്ച് നാല് ലക്ഷം രൂപ ലോൺ കുടിശിക അടയ്ക്കുകയും ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പണയം വച്ച സ്വർണം തിരിച്ചു എടുക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഘം പ്രസിഡന്റുമായുള്ള സൗഹൃദത്തിൽ ഈ സ്വർണം അപ്പോൾ തന്നെ സംഘത്തിൽ നിന്നു പ്രസിഡന്റു് അയച്ച ഒരു ജീവനക്കാരനൊപ്പം ബിജുകുമാർ ചേങ്കോട്ടുകോണത്തെ ഗ്രാമീൺ ബാങ്കിൽ അപ്പോൾ തന്നെ രണ്ടര ലക്ഷം രൂപയ്ക്ക് പണയം വച്ച് ആ തുക ജീവനക്കാരന്റെ കൈവശം പ്രസിഡന്റിനു കൊടുത്തുവിട്ടു എന്നും ബന്ധുക്കള്‍ പറയുന്നു. എന്നാൽ രസീത് കൈപ്പറ്റുകയോ മറ്റോ ഉണ്ടായിട്ടില്ല. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒന്നേകാൽ ലക്ഷം രൂപ സംഘത്തിൽ കുടിശിക ഉണ്ടെന്ന് സെക്രട്ടറി നോട്ടീസ് കൊടുത്തതിനെ തുടർന്ന് ബാങ്കിലെത്തിയ ബിജു തന്റെ രണ്ടര ലക്ഷത്തിന്റെ പലിശ ഉള്ളതിനാലാണ് ചിട്ടി തുക അടയ്ക്കാത്തത് എന്ന് പറഞ്ഞതിനെ തുടർന്ന് അടുത്ത ദിവസം പ്രസിഡന്റുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ രണ്ടരലക്ഷം കൈപ്പറ്റിയ തെളിവ് കൊണ്ടുവരണമെന്നും കുടിശിക തുക അടയ്ക്കാതെ ലോണിന് ഈടുവച്ച പ്രമാണം മടക്കി നൽകില്ലെന്നും പറഞ്ഞ് ബിജു കുമാറിനെ വിഷമത്തിലാക്കി. ഈ മാനസിക സംഘർഷമാണ് ബിജു കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടികളുടെ സ്വർണം നഷ്ടപ്പെട്ടതും കഴിഞ്ഞ ദിവസം സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പറയുന്നു.

എന്നാൽ രാവിലെ പൊലീസ് ചെമ്പഴന്തിയിലെ സംഘത്തിൽ എത്തി പരിശോധിച്ചപ്പോൾ 11,85,220 രൂപയുടെ ബാധ്യത ബിജുകുമാറിനു ഉണ്ടെന്നാണ് സെക്രട്ടറി എഴുതി നൽകിയ കത്തിൽ പറയുന്നത്. ഇതു തെറ്റാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ബിജുകുമാർ മരിച്ചതറിഞ്ഞും സംഘത്തിന് മുന്നിൽ മൃതദേഹം വച്ച് പ്രതിഷേധിക്കുന്നതറിഞ്ഞും ഇടപാടുകാർ ബാങ്കിൽ തടിച്ചുകൂടിയിരുന്നു. നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും മാസങ്ങളായി നൽകുന്നില്ല എന്ന് കാണിച്ചത് അവിടെവച്ചു തന്നെ നിരവധി പേർ പരാതികൾ എഴുതി സഹകരണ ജോയിന്റ് രജിസ്ട്രാർക്കും തഹസിൽദാർക്കും നല്കുകയും ചെയ്തു. നാൽപതിലേറെ ജീവനക്കാരുള്ള ഈ സംഘത്തിൽ ഒരു വർഷമായി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല എന്ന് ജീവനക്കാരും പറയുന്നു. സംഘം ആരംഭിച്ച് 13 വർഷത്തിനുള്ളിൽ നാല് സ്ഥലങ്ങളിലായി നാല് ബ്രാഞ്ചുകളും മെഡിക്കൽ സ്റ്റോർ, സഹകരണ ബസാർ, വളം ഡിപ്പോ, മെഡിക്കൽ ലാബുകൾ, കാലിത്തീറ്റ മാർക്കറ്റ്, ചായക്കട വരെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഈ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തി പോന്നിരുന്നത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി സിസി ക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം പ്രസിഡന്റ് അഡ്വ. അണിയൂർ ജയകുമാറിനെ കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

Eng­lish sum­ma­ry : Bijuku­mar’s su icide: There is strong protest against the Con­gress­man­’s coop­er­a­tive soci­ety president

You may also like this video

TOP NEWS

July 2, 2024
July 2, 2024
July 2, 2024
July 1, 2024
July 1, 2024
July 1, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.