19 December 2024, Thursday
KSFE Galaxy Chits Banner 2

വിമോചനത്തിന്റെ നാൾവഴികൾ

Janayugom Webdesk
January 21, 2024 5:00 am

കെട്ടുപാടുകളിൽ നിന്നുള്ള സ്ത്രീകളുടെ മോചനം മനുഷ്യവർഗത്തെ പൂർണ വിമോചനത്തിലേക്ക് നയിക്കും. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ഈ ആശയം മാറ്റമില്ലാതെ തുടരുകയാണ്. അക്രമത്തിന്റെ എല്ലാ സന്ദർഭങ്ങളിലും ആദ്യത്തെ ഇര സ്ത്രീയാണ്. വീടിന്റെ അകത്തളങ്ങളിൽത്തുടങ്ങുന്നു സാമൂഹിക അനീതികൾ. മാനവകുലത്തിന്റെ വളർച്ച എത്രത്തോളം എത്തിയിരിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് സ്ത്രീ. ബിൽക്കീസിന്റെ ദുരവസ്ഥ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ്. പത്തൊമ്പതു വയസുകാരിയായ അമ്മയായ യുവതിയുടെ നിലച്ചുപോയ കാലത്തിന് നീതിപീഠം സമ്മാനിച്ച ആശ്വാസം. 11 പുരുഷന്മാരുടെ പൈശാചികദാഹത്തിൽ നിന്ന് രക്ഷപ്പെടുക ബിൽക്കീസിന് അസാധ്യമായിരുന്നു. കൂടെയുണ്ടായിരുന്ന നാല് വയസുള്ള മകൾ അമ്മയുടെ കൈകളിൽ തന്റെ കുരുന്നുകൈകൾ ചേർത്ത് പിടിച്ചിരുന്നു. വംശവെറിയുടെ വന്യതയിൽ അമ്മയെ മറന്നവർ കുരുന്നിന്റെ തലയോട്ടി തകർത്തു. ബിൽക്കീസിനെ മൃഗീയപീഡനത്തിനിരയാക്കി അബോധാവസ്ഥയിലാക്കി. മനുഷ്യരൂപങ്ങളിലെ മൃഗങ്ങൾ പാതിമരിച്ച ബിൽക്കീസിനെ ഉപേക്ഷിക്കുന്നു. മണിക്കൂറുകൾ ഇഴയുമ്പോൾ മരണം മാറിനിന്നതുകൊണ്ട് അവൾ കണ്ണുതുറന്നു. ചുറ്റും വന്യതയുടെ ഭയം. പ്രിയപ്പെട്ടവരെല്ലാം മരിച്ചു. സമീപമുള്ള ആദിവാസി ഗ്രാമം വസ്ത്രവും വെള്ളവും നൽകി. ഇഷ്ടമില്ലെങ്കിലും ഒരു പൊലീസ് വാഹനം അവളെ വഹിച്ചു, സ്റ്റേഷനിലെത്തിച്ചു. തന്റെ മാനം കവർന്നവരെ നിയമത്തിനുമുമ്പില്‍ ചൂണ്ടിക്കാട്ടി, ക്രൂരതകൾ അക്കമിട്ടു. എന്നാൽ അവിടെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബലാത്സംഗം കൊലപാതകം തുടങ്ങിയ വാക്കുകളുണ്ടായിരുന്നില്ല. നീതിപീഠം ഉണരാൻ കാലമെടുത്തു. ഉണർത്താൻ കടുത്ത പോരാട്ടം വേണ്ടി‌‌വന്നു.

രാജ്യത്തുടനീളം ജനകീയ പ്രതിഷേധമുയർന്നു. 2008 ജനുവരിയിൽ, നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം, പ്രത്യേക കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ലെ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്തിലെ ബിജെപി ഭരണകൂടം അവരുടെ ശിക്ഷ ഇളവ് ചെയ്തു. സ്ത്രീയുടെ മാനം പിച്ചിച്ചീന്തി ആഘോഷിച്ച 11 കുറ്റവാളികളെ മോചിതരാക്കി. ബിൽക്കീസ് ഹെെക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തി. “സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കി“യതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി മോചന ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ബിൽക്കീസിന്റെ ജീവൻ തച്ചുടച്ച കുറ്റവാളികൾ രണ്ടാഴ്ചയ്ക്കകം ജയിൽ അധികൃതർക്ക് കീഴടങ്ങണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2002ൽ അഹമ്മദാബാദിലും ബറോഡയിലും ഗുജറാത്തിലെ ഇതര പട്ടണങ്ങളിലും സംഭവിച്ചതെല്ലാം മനുഷ്യനെ വര്‍ഗത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന നരാധമന്മാരുടെ വിളയാട്ടമാണ്. ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഒരു സമുദായത്തെ മുഴുവൻ ഉന്മൂലനം ചെയ്യാനുള്ള നീക്കം. കുറ്റകൃത്യം ചെയ്തവരെയും പ്രോത്സാഹിപ്പിച്ചവരെയും മോചിപ്പിച്ചപ്പോൾ, അവരെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത മുഴുവൻ പ്രവര്‍ത്തനങ്ങളെയും പരിഹസിച്ചുകൊണ്ട് പ്രതികളെ വിധ്വംസകര്‍ അഭിനന്ദിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിലേക്ക് മടങ്ങാൻ കോടതി നിർദേശിച്ചതോടെ ആഘോഷങ്ങൾക്ക് ശമനമായി.


ഇതുകൂടി വായിക്കൂ:തെറ്റ് തിരുത്തുന്ന സുപ്രീം കോടതി വിധി


മഹാരാഷ്ട്രയിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ഇളവ് അനുവദിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്തിന് അധികാരമില്ലെന്ന യുക്തിയിൽ കേന്ദ്രീകരിച്ചായിരുന്നു വിധി. ശിക്ഷ ഇളവുനൽകാൻ നിർദേശം നൽകണമെന്ന് പ്രതികൾ സമർപ്പിച്ച ഹർജിയിലെ വിധിയില്‍, വിചാരണയും ശിക്ഷാവിധിയും നടന്ന മഹാരാഷ്ട്ര സർക്കാർ മാത്രമാണ് ഇളവ് പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. “ഇതാണ് നീതി. എനിക്കും എന്റെ കുട്ടികൾക്കും മറ്റ് സ്ത്രീകൾക്കും ഈ വിധി ബഹുമാനവും പ്രത്യാശയും നൽകുന്നു. സുപ്രീം കോടതിക്ക് നന്ദി പറയുന്നു,” ബിൽക്കീസ് പറഞ്ഞു. “എന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക്, എന്റെ അസ്തിത്വത്തെ തച്ചുടച്ചവർക്ക് ഒന്നര വർഷം മുമ്പ് മോചനം ലഭിച്ചപ്പോൾ ഞാൻ തകർന്നു. ആ കാലയളവിൽ തനിക്കൊപ്പം നിന്നവരുടെ വിലയേറിയ ഐക്യദാർഢ്യത്തിനും ശക്തിക്കും എന്റെ നന്ദി. എനിക്കു മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നീതി വീണ്ടെടുക്കാൻ, പോരാടാനുള്ള ഇച്ഛാശക്തി ഇതിലൂടെ നൽകി.” ബിൽക്കീസ് ബാനു പറഞ്ഞു. “ആദ്യം തീരുമാനമെടുക്കുകയായിരുന്നു, പിന്നീടാണ് പ്രാബല്യത്തിലാക്കാനുള്ള പരിശ്രമം” ബിൽക്കീസ് ബാനുവിനുവേണ്ടി കോടതിയില്‍ പോരാടിയ അഭിഭാഷക ശോഭാ ഗുപ്ത പറഞ്ഞു. മോചനം നേടിയ കുറ്റവാളികളുടെ “നല്ല പെരുമാറ്റത്തെ“യും അവർ പരിഹസിച്ചു. “നല്ല പെരുമാറ്റത്തിന്റേതായി ഒന്നും അവരിൽക്കണ്ടില്ല, ജുഡീഷ്യറിയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു ചൂണ്ടുപലകയാണ് ഈ വിധി. അധികാരം നിര്‍വഹിക്കാനുള്ള സംവിധാനത്തിന്റെ കഴിവുകളെക്കുറിച്ചുള്ള സംശയം ദൂരീകരിക്കാനുള്ള പരിശ്രമവും”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.