28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 26, 2024
September 23, 2024
September 17, 2024
September 17, 2024
September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024

ബില്‍ക്കീസ് ബാനു കേസ്; ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2024 11:04 am

ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസ് കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി.
കുറ്റവാളികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ 11 കുറ്റവാളികളും വീണ്ടും തടവ് ശിക്ഷ അനുഭവിക്കണം. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും പരമോന്നത കോടതി ആവശ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചുള്ള വിധിപ്രസ്താവമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഗുജറാത്ത് സര്‍ക്കാരിന് കേസിലുണ്ടായ വീഴ്ചകള്‍ ഓരോന്നും അക്കമിട്ടു നിരത്തി ഒരു മണിക്കൂറോളം നീണ്ട വിധിപ്രസ്താവം കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി. 

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികം പ്രമാണിച്ച് 2022 ഓഗസ്റ്റ് 15 ന് ജയില്‍ മോചിതരാക്കി. ഇതിനെതിരായുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 

ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കീസ് ബാനുവിന് പുറമെ ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു), സിപിഐ(എം), ടിഎംസി അടക്കം നിയമപോരാട്ടം നടത്തിയിരുന്നു. 2023 ഒക്ടോബര്‍ 12ന് കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
കുറ്റവാളികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും ആദ്യം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാനും കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. 

സ്ത്രീ ബഹുമാനിക്കപ്പെടണം

ഒരു സ്ത്രീ ഏതു വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. നീതി എന്ന വാക്ക് കോടതികള്‍ക്ക് വഴികാട്ടണം. ഇതിനെതിരായ വിധികള്‍ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട്. പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെ നിയമവാഴ്ച ഉറപ്പാക്കാനാകണം. കോടതിയെ തെറ്റിദ്ധരിപ്പിച്ച പ്രതികള്‍ സഹാനുഭൂതി അര്‍ഹിക്കുന്നില്ലെന്നും ജസ്റ്റിസ് നാഗരത്ന വിധിന്യായത്തില്‍ പറഞ്ഞു.

കോടതിയെ കബളിപ്പിച്ചു

കേസിലെ മറ്റ് കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കിയത് ചോദ്യം ചെയ്ത് ഇളവ് ലഭിക്കാതിരുന്ന പ്രതി രാധേശ്യാം കോടതിയെ സമീപിച്ചിരുന്നു. വസ്തുതകള്‍ മറച്ചുവച്ചാണ് ഇത്തരമൊരു ഹര്‍ജിയുമായി സമീപിച്ചതെന്ന് കുറ്റപ്പെടുത്തിയ സുപ്രീം കോടതി ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുന്‍ ഉത്തരവും റദ്ദാക്കി.
പല കാര്യങ്ങളും മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ശിക്ഷാ ഇളവിനുവേണ്ടി സമീപിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന ഈ ഹര്‍ജിയിലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ശിക്ഷയിളവ് അനുവദിച്ചതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്നീട് വാദിച്ചിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ ഒത്തുകളിച്ചു

പ്രതികള്‍ക്കൊപ്പം ഒത്തുകളിക്കുകയായിരുന്നുവെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ഗുജറാത്ത് സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു ഉത്തരവ് പാസാക്കാന്‍ അവകാശമില്ല. ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെങ്കില്‍ വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരാണ് നിലപാട് എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാധേശ്യാം ഷാ, ജസ്വന്ത് ചതുർഭായ് നായി, കേശുഭായ് വദാനിയ, ബകാഭായ് വദാനിയ, രാജിഭായ് സോണി, രമേഷ്ഭായ് ചൗഹാൻ, ശൈലേഷ്ഭായ് ഭട്ട്, ബിപിൻ ചന്ദ്ര ജോഷി, ഗോവിന്ദ്ഭായ് നായി, മിതേഷ് ഭട്ട്, പ്രദീപ് മോഡിയ എന്നിവരാണ് കേസിലെ പ്രതികള്‍. ജയിലിന് പുറത്തുകഴിഞ്ഞ് കൊണ്ട് ശിക്ഷാ ഇളവിനായി മഹാരാഷ്ട്ര സര്‍ക്കാരിന് പുതിയ അപേക്ഷ നല്‍കാൻ അനുവദിക്കണം എന്ന പ്രതികളുടെ ആവശ്യവും സുപ്രീം കോടതി തള്ളി. 

Eng­lish Sum­ma­ry: Bilkis Bano case: supreme court can­celed the release of the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.