19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ശതകോടീശ്വരന്മാര്‍ പെരുകുമ്പോള്‍ സാമ്പത്തിക വളര്‍ച്ച മുടന്തി നീങ്ങുന്നു

പ്രൊഫ:കെ അരവിന്ദാക്ഷന്‍
January 28, 2022 4:57 am

കോവിഡിന്റെ രണ്ടു തരംഗങ്ങളും ഒമിക്രോണ്‍ എന്ന വകഭേദവും കോവിഡും ചേര്‍ന്നുള്ള മൂന്നാം തരംഗവും ലോകജനതയെ ആകെതന്നെയും ഇന്ത്യന്‍ ജനതയെ വിശേഷിച്ചും കൊടിയദുരന്തത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ക്കതീതമായി ഇന്നും സുരക്ഷിതാവസ്ഥയില്‍ തുടരുന്നൊരു വിഭാഗവുമുണ്ട് നമ്മുടെ നാട്ടില്‍.‍ ന്യൂനപക്ഷം മാത്രം വരുന്ന സമ്പന്ന വര്‍ഗവിഭാഗം, അതിവേഗതയോടെയുള്ള മാരകമായ രോഗവ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ 84 ശതമാനം കുടുംബങ്ങളുടേയും വരുമാനം ഈ കാലയളവില്‍ കുത്തനെ ഇടിവു രേഖപ്പെടുത്തിയപ്പോള്‍ ഇതൊന്നും തന്നെ സമൂഹത്തിലെ അതിസമ്പന്നരെ തെല്ലും ബാധിക്കുകയുണ്ടായില്ല. മാത്രമല്ല, ഓക്സ്­ഫാം ഇന്ത്യ എന്ന സ്വതന്ത്ര പഠന ഏജന്‍സി തയാറാക്കിയ “ഇന്‍ ഇക്വാലിറ്റികില്‍സ്” “അസമത്വം കൊന്നൊടുക്കുന്നു” എന്ന ശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. അതിസമ്പന്നരായ ഇന്ത്യ­ക്കാര്‍, സമ്പദ്‌വ്യവസ്ഥയുടെ അടിത്തട്ടിലുള്ള 552 ദശലക്ഷം‍ ജനങ്ങള്‍ക്കുള്ള സ്വത്തിനു തുല്യമായ വിഹിതം സ്വയം കയ്യടക്കിയിരിക്കുന്നെന്നാണ് അതില്‍ പറയുന്നത്. മറ്റൊരു വിധത്തില്‍ ഗുരുതരമായ അപകടാവസ്ഥയിലും വരുമാനവും സ്വത്തും കുന്നുകൂടുന്നതിന് ഒരുതരത്തിലും പ്രതിബന്ധം സൃഷ്ടിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്നും വായിച്ചെടുക്കേണ്ടത്.

 

ഒരു വര്‍ഷക്കാലത്തിനിടയില്‍ (2020–21) അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യയിലുണ്ടായ വര്‍ധന 102ല്‍ നിന്നും 142 ലേക്കായിരുന്നു. ഈ വിവരം അടങ്ങിയിരിക്കുന്നത് നടക്കാനിരിക്കുന്ന സാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ സമ്മേളന അജണ്ടയിലാണ്. ആഗോള ഇന്‍ഇക്വാലിറ്റി റിപ്പോര്‍ട്ടിന്റെയും ഓക്സ്ഫാം റിപ്പോര്‍ട്ടിന്റെയും സ്ഥിതിവിവര കണക്കുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് “ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ (2022 ജനുവരി 17) ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്‍ ഇക്വാലിറ്റി റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വരുമാന വിതരണത്തിലെ അസമത്വം ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സമൂഹത്തിലെ മുകള്‍ത്തട്ടിലുള്ള 10 ശതമാനമാണ് 57 ശതമാനം സ്വത്തും കയ്യടക്കിവച്ചിരിക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ളവരുടേത് വെറും 13 ശതമാനത്തിലൊതുങ്ങുന്നു. ശേഷിക്കുന്ന 30 ശതമാനമാണ് ഇടത്തട്ടിലുള്ളവര്‍. അവരിലും ഒരു വിഭാഗം കാലക്രമേണ താഴെത്തട്ടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ പ്രവണതയാണെങ്കില്‍ കോവിഡിന്റെ വരവോടെ തൊഴിലും വരുമാനവും ഉയരുകയോ തീര്‍ത്തും നഷ്ടപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ ഗതിവേഗത്തോടെ തുടരുകയുമാണ്. അതായത് ഓരോ വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യന്‍ സമൂഹം കൂടുതല്‍ അസമത്വത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ്. ഈ പോക്ക് നിയന്ത്രിക്കുന്നതിനായി ഓക്സ്­ഫാം റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്ന ഒരു മാര്‍ഗം നിലവിലുള്ള നികുതികള്‍ക്കു പുറമെ കോര്‍പറേറ്റുകള്‍ അടക്കമുള്ള സമ്പന്നര്‍ക്കുമേല്‍ ഒരു ശതമാനമെങ്കിലും സര്‍ചാര്‍ജ് ചുമത്തണമെന്നാണ്.

 

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍തുടര്‍ന്നുവരുന്ന സാമ്പത്തിക സാമൂഹ്യ നയങ്ങള്‍ എത്രമാത്രം നീതിയുക്തമാണെന്നും അതിന്റെ ഗുണഫലങ്ങള്‍ സംഘടിത, അസംഘടിത മേഖലകളിലുള്ള തൊഴിലാളികള്‍ക്ക് തുല്യമായിട്ടല്ല ചെന്നെത്തുന്നതെന്നുള്ളതും ഒരു വസ്തുതയാണ്. എന്നാല്‍ ഇത് കൃത്യമായി തിരിച്ചറിയാന്‍ ഇപ്പോള്‍ വ്യവസ്ഥാപിത സംവിധാനങ്ങളോ നിയമങ്ങളോ ഇല്ല എന്നതും തിരിച്ചറിയണം. ഈ കുറവിനുള്ള പരിഹാരങ്ങളിലൊന്നായി ഓക്സ്ഫാം ശുപാര്‍ശ ചെയ്യുന്നത് ഓരോ ദശകക്കാലത്തിനിടയിലും ഇതിലേക്കായി ശാസ്ത്രീയമായ അവലോകനങ്ങള്‍ നടത്തുക എന്നതാണ്. ആദിവാസി സമൂഹങ്ങള്‍ക്കിടയിലും മറ്റു പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളിലെത്താനുള്ള പ്രചോദനമായി സ്വീകരിച്ചുവരുന്നൊരു മാര്‍ഗമാണല്ലോ സൗജന്യമായ ഉച്ചഭക്ഷണ പരിപാടി. സ്വന്തം കുടുംബങ്ങളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലെങ്കിലും സ്കൂളുകളില്‍ അവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വന്നേക്കാം. ഈ സൗകര്യം കൃത്യമായി ഒരുക്കാന്‍ നിരവധി പള്ളിക്കൂടങ്ങള്‍ക്ക് കഴിയാതെ വരുന്നത് പണത്തിന്റെ ഞെരുക്കം മൂലവുമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ പലപ്പോഴും ഇക്കാര്യത്തില്‍ വീഴ്ച സംഭവിക്കുകയും പതിവാണ്. ഇതിനുള്ള വരുമാന സ്രോതസെന്ന നിലയില്‍ ഓക്സ്ഫാം റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ 98ല്‍പരം ബില്യനയര്‍മാരുടെ സ്ഥലത്തിനുമേല്‍ നാല് ശതമാനം നികുതി ചുമത്തുകയും അങ്ങനെ കിട്ടുന്ന മുഴുവന്‍ പണവും ഉച്ചഭക്ഷണ ചെലവിലേക്കായി കൃത്യതയോടെ ലഭ്യമാക്കുകയും ചെയ്യണമെന്നുമാണ്. ഇതിനു പുറമെയാണ് ഒരു ശതമാനം അധിക നികുതി അതിസമ്പന്നരുടെ സ്വത്തിനുമേല്‍ ചുമത്തണമെന്നും അതില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സ്കൂള്‍ വിദ്യാഭ്യാസ ചെലവിലേക്കായോ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ നടത്തിപ്പിലേക്കായോ കിട്ടാറാക്കണമെന്നാണ് ഓക്സ്ഫോം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

 

ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ നല്കുന്ന ശുപാര്‍ശകള്‍ തീര്‍ത്തും ശരിവയ്ക്കുന്ന തോതിലുള്ള വളര്‍ച്ചയാണ് കോവിഡ് കാലയളവില്‍ അതായത് 2021 ല്‍ ബില്യനയര്‍മാരുടെ ക്ലബ്ബിലുണ്ടായിരിക്കുന്ന അഭൂതപൂര്‍വമായ വളര്‍ച്ച. ഈ ക്ലബ്ബിലേക്ക് 2010ല്‍ പുതുതായി കടന്നുവരുന്നത് 24 പേരായിരുന്നെങ്കില്‍ 2021 ല്‍ ഇത് 40 ആയി പെരുകിയെന്നാണ് “ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്” (2021 ജനുവരി 3) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2019നും 2020നും ഇടയ്ക്ക് പുതുതായി അംഗത്വത്തിനുള്ള അര്‍ഹത വെറും 10 പേര്‍ക്കു മാത്രമായിരുന്നു. 2021 ല്‍ കടന്നുവന്ന 40 പേര്‍ക്ക് 2020ല്‍ ഉണ്ടായിരുന്നതിനേക്കാള്‍‍ 243 ശതമാനം അധികം സ്വത്താണ് നേടാനായതത്രെ. അതായത് 21.2 ബില്യനില്‍ (2020) നിന്ന് 73 ബില്യന്‍ (2021) ഡോളറിലേക്ക്. മാത്രമല്ല, ഓഹരിവിപണികളിലെ മുന്നേറ്റത്തിന്റെയും ഊര്‍ജസ്വലതയുടെയും ഫലമായി, 2020ല്‍ പുതുതായി എത്തിയവരില്‍ ആര്‍ക്കും പുറത്തുപോകേണ്ടതായി വന്നതുമില്ല. 2019ല്‍ ഓഹരി വില തകര്‍ച്ചയെത്തുടര്‍ന്ന് 12 പ്രൊമോട്ടര്‍മാര്‍ക്ക് ബില്യനയര്‍മാരുടെ ക്ലബ്ബില്‍ നിന്നും പുറത്തുപോകേണ്ടതായി വന്നിരുന്നതാണ്. പുതുതായി അംഗത്വമെടുത്തവരുടെ കൂട്ടത്തില്‍ ഒരു കറുത്ത കുതിര എന്ന് വിശേഷിപ്പിക്കപ്പെടുന്നത്, നയ്‌കാ എന്ന കമ്പനി പ്രൊമോട്ടര്‍ ഫല്‍ഗുനി നായര്‍ ആണ്. അവര്‍ വന്നതുതന്നെ ഏഴ് ബില്യന്‍ ഡോളറോടെ ‘സൂപ്പര്‍റിച്ച്’ വിഭാഗത്തില്‍ 23-ാം സ്ഥാനത്താണ്. ഈ വരവോടെ പുറന്തള്ളപ്പെട്ടത് പാരമ്പര്യവും അനുഭവസമ്പത്തുമുള്ള നിരവധി ബിസിനസ് ഗ്രൂപ്പുകളാണ്. ഇവര്‍ക്കു പുറമെ പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ്മ, നിര്‍മ്മാണ കമ്പനി പ്രൊമോട്ടര്‍ വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ ബി കെ ഗോയങ്ക, ആല്‍കയ്ന്‍ അമയ്ന്‍സിന്റെ യോഗേഷ് കൊത്താരി, മാക്രോടെക്ക് ഡവലപ്പേഴ്സിന്റെ അഭിഷേക മംഗള്‍പ്രഭാത് ലോധ, ഇനോക്സ് ഗ്രൂപ്പിന്റെ സി കെ ജെയിന്‍, ട്രെെഡന്റിന്റെ രാജീവ് ഡേവന്‍ എന്നിവരുമുണ്ട്. യാദൃശ്ചികമായി എന്നുതന്നെ പറയട്ടെ ബില്യനയര്‍ ഗ്രൂപ്പിലേക്കെത്തിയവരില്‍ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലെെഡ് ഇന്‍ഷുറന്‍സിന്റെ രാകേഷ് തസുന്‍ തവുനുവാലയുമുണ്ട്. 2021ലെ കോടിപതി ക്ലബ്ബിലേക്കെത്തിയവരുടെ കൂട്ടത്തില്‍ പഴയകാല ബിസിനസ് ഗ്രൂപ്പുകളില്‍പ്പെട്ടവരുമുണ്ടായിരുന്നു. ആര്‍ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിലെ സഞ്ജീവ് ഗോയങ്ക, സി കെ ബിര്‍ളാ ഗ്രൂപ്പിലെ ചന്ദ്രകാന്ത് ബിര്‍ള, ഡല്‍ഹി ആസ്ഥാനമായ ഡിസിഎം ഗ്രൂപ്പിലെ അജയ് ശ്രീറാം, ചെന്നെെ ആസ്ഥാനമായ ടിടികെ ഗ്രൂപ്പിലെ ടി ടി ജഗന്നാഥന്‍, പൂനെ ആസ്ഥാനമായ തെര്‍മാക്സിലെ പസംജി, എസ് കോര്‍ട്ട്സിലെ നിഖില്‍ നന്ദ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. ഈ പട്ടികയില്‍ കാണപ്പെടുന്നവരുടെ കൂട്ടത്തില്‍ അപ്രതീക്ഷിതമായ വിധം നേട്ടം കൊയ്തെടുത്തവരില്‍ ഒന്നാണ് സഞ്ജയ് ഗോയങ്കയുടെ കമ്പനി. ഈ കമ്പനി കേവലം ഒരു വര്‍ഷത്തിനകം, ‘സരിഗമ ഇന്ത്യ’ എന്ന മ്യൂസിക്ക് എന്റര്‍ടെയ്ന്‍മെന്റ്’ സംരംഭത്തിന്റെ വിപണി മൂലധന നിക്ഷേപ വര്‍ധനവിലൂടെ നേടിയ മൂല്യ വര്‍ധന 0.95 ദശലക്ഷത്തില്‍ നിന്ന് 1.9 ദശലക്ഷം‍ ഡോളര്‍ (14,300 കോടി രൂപ) എന്നതിലേക്കുമായിരുന്നു. നടപ്പു ധനകാര്യ വര്‍ഷത്തേക്കുള്ള എന്‍എസ്ഒവിന്റെ മുന്‍കൂര്‍ കണക്കുകൂട്ടലനുസരിച്ച് പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും ഒരുപോലെ സാധ്യതകളാണ് കാണുന്നത്.

 

സ്വാഭാവികമായും തന്മൂലം വളര്‍ച്ചാസാധ്യതകള്‍‌ക്ക് കൂടുതല്‍ മങ്ങലേല്പിക്കുന്നു എന്ന നിഗമനത്തിലാണ് നിഷ്പക്ഷമതികളായി വിലയിരുത്തുന്നവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുക. എന്‍എസ്ഒ വിഭാവനം ചെയ്തിരിക്കുന്നതനുസരിച്ചാണെങ്കില്‍ 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന 12 മാസക്കാലയളവിനുള്ളില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാനിരക്ക് 9.2 ശതമാനം വര്‍ധിച്ച് മുന്‍വര്‍ഷത്തേതിലെ 135.13 ലക്ഷം കോടി രൂപക്കു പകരം 147.54 ലക്ഷം കോടി രൂപയിലെത്തുമെന്നുമാണ് കാണാന്‍ കഴിയുക. പരോക്ഷനികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന 16.2 ശതമാനം വര്‍ധനവാണ് തൊട്ടുമുമ്പുള്ള കാലയളയവില്‍ ഇത് 18.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന്. അതേസമയം പ്രതീക്ഷ യാഥാര്‍ത്ഥ്യമാകുമെന്നു കരുതാവുന്നൊരു മേഖല കാര്‍ഷികോല്പാദന മേഖലയാണ് അതുപോലെതന്നെ ഉല്പാദന മേഖലയില്‍ പ്രതീക്ഷിക്കപ്പെടുന്ന 12.5 ശതമാനം വളര്‍ച്ചയുമുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട നിലയില്‍ നിരീക്ഷിക്കുമ്പോള്‍ അനുകൂലഘടകങ്ങളായി തോന്നാം. എന്നാല്‍, പാന്‍ഡെമിക്കിനു മുമ്പുള്ള മൊത്തം മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കാര്യമെടുത്താല്‍, 2.5 ലക്ഷം കോടി രൂപ 1.9 ശതമാനം വര്‍ധന മാത്രമേ കാണാന്‍ കഴിയുന്നുള്ളു. ചരക്കുകളുടെ ഉപഭോഗം അവയുടെ ലഭ്യതയുമായി പൊരുത്തപ്പെടുത്തുന്നതിനേക്കാള്‍ പ്രയാസമായിരിക്കും സേവനങ്ങളുടെ ഡിമാന്‍ഡും സപ്ലെെയും തമ്മില്‍ പൊരുത്തപ്പെടാന്‍. സേവനങ്ങളിലേറെയും വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം, പ്രക്ഷേപണം തുടങ്ങിയ മേഖലകളില്‍ നിന്നായതിനാല്‍ അവയെ വികസനത്തിലേക്ക് തിരികെയെത്തിക്കുക ശ്രമകരമായിരിക്കും. ഈ മേഖലയുടെ വികസനം പിന്നിട്ട ധനകാര്യവര്‍ഷത്തില്‍ ചുരുങ്ങിയത് 18.2 ശതമാനമായിരുന്ന നടപ്പു ധനകാര്യ വര്‍ഷത്തില്‍ ന്യായമായും പ്രതീക്ഷിക്കാവുന്ന തിരിച്ചുവരവ് പരമാവധി 11.9 ശതമാനത്തിലേറെയാവില്ല. മൂന്നാമത്തെ തരംഗത്തിന്റെ ആഘാതം ഒഴിവാക്കിയാല്‍ത്തന്നേയും ഈ തോതിലുള്ള മാറ്റം സാധ്യമാവാനിടയില്ല എന്നു വേണം കരുതാന്‍. നിഷ്പക്ഷ നിരീക്ഷകര്‍ കണക്കാക്കിയിരിക്കുന്നത് 8.5 ശതമാനം മാത്രമാണ്. ഇനിയും എന്തെങ്കിലും പ്രതീക്ഷിക്കാമെങ്കില്‍ അതിന് ബജറ്റ് വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരിടുന്ന ബഹുമുഖ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, ശുഭപ്രതീക്ഷക്കു വക ഒട്ടുംതന്നെ കാണുന്നുമില്ല, കോര്‍പറേറ്റു മേഖലയ്ക്കൊഴികെ.

Eng­lish Sum­ma­ry :As bil­lion­aires pro­lif­er­ate, eco­nom­ic growth stagnates

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.