19 December 2024, Thursday
KSFE Galaxy Chits Banner 2

ബിൽക്കീസ് ബാനു: പ്രതികളുടെ വിട്ടയക്കൽ വലിയൊരു മുന്നറിയിപ്പാണ്

Janayugom Webdesk
August 26, 2022 6:00 am

നാമിപ്പോൾ ബിൽക്കീസ് ബാനുവിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയാണ്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇരകളിലൊന്നാകാതെ അതിജീവിതയായി അവൾ നടത്തിയ പോരാട്ടം 15 വർഷം നീണ്ടുപോയി. പക്ഷേ അഞ്ചുവർഷം പോലും തികയുന്നതിനു മുമ്പ് അവളുടെ പോരാട്ടത്തിന്റെ ഫലത്തെ സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് ഗുജറാത്തിലെ ബിജെപി സർക്കാർ വൃഥാവിലാക്കി. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷഘോഷം കുറ്റവാളികൾക്ക് സ്വൈരവിഹാരത്തിനുള്ളതാണെന്ന് നിശ്ചയിച്ചുറപ്പിച്ചത് ഗുജറാത്തിലെ ബിജെപി സർക്കാർ തന്നെയാണെന്നത് യാദൃച്ഛികമല്ലെന്ന് പിന്നീടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളും നിലപാട് വിശദീകരണങ്ങളും വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആനുകൂല്യത്തിന്റെ പേരിൽ വിട്ടയച്ച പ്രതികൾ ഗർഭിണിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കൊടുംകുറ്റവാളികളായിരുന്നു. ആ സംഭവത്തിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെ അനാരോഗ്യം പരിഗണിച്ച് മാറ്റിയാണ് 2001ൽ നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വിജയം അനായാസമാകില്ലെന്നു മനസിലാക്കിയാണ് തെരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിനില്ക്കേ ബിജെപി മുഖ്യമന്ത്രി മാറ്റം നടപ്പിലാക്കുന്നത്. അധികാര ദുർവിനിയോഗം, ഭരണ പരാജയം, അഴിമതി ആരോപണങ്ങൾ, 2001ൽ ഭുജിലുൾപ്പെടെയുണ്ടായ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനത്തിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾ എന്നിവയെല്ലാം സംസ്ഥാനത്ത് ബിജെപി ഭരണത്തിനെതിരായ ജനവികാരമുണ്ടാക്കി.

2001 അവസാനം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നിലവിലുണ്ടായിരുന്ന സബർമതി അടക്കമുള്ള രണ്ട് മണ്ഡലങ്ങളിൽ ബിജെപി തോറ്റു. സഭയിൽ അംഗമല്ലാതിരുന്ന മോഡി 2002 ഫെബ്രുവരിയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ജയിച്ചുവെങ്കിലും ഒപ്പം തെരഞ്ഞെടുപ്പ് നടന്ന മഹുവ, സജിഗഞ്ച് മണ്ഡലങ്ങൾ കോൺഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തു. നാലുമാസത്തിനിടെ നാലു മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടു. ഇതോടെയാണ് 2002 ഡിസംബറിൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിൽ അപകടം മണത്ത നരേന്ദ്രമോഡിയും സംഘപരിവാറും സാമുദായിക ധ്രുവീകരണവും ന്യൂനപക്ഷങ്ങളിൽ ഭീതി വളർത്തലും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞത്. മോഡി മാത്രം ജയിക്കുകയും രണ്ടു മണ്ഡലങ്ങൾ നഷ്ടപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് 2002 ഫെബ്രുവരി 24നായിരുന്നു. കൃത്യം മൂന്നാംദിവസം ഫെബ്രുവരി 27ന് അയോധ്യയിൽ നിന്ന് കർസേവകരുമായി മടങ്ങുകയായിരുന്ന സബർമതി എക്സ്പ്രസ് വണ്ടിക്ക് ഗോധ്രയിൽ വച്ച് ദുരൂഹസാഹചര്യത്തിൽ തീവയ്ക്കുന്നതോടെ കലാപം ആരംഭിക്കുകയും ചെയ്യുന്നു. സമയഗണന പ്രധാനമാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഭരണകൂട ഒത്താശയോടെ വംശഹത്യതന്നെ നടക്കുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,044 മരണങ്ങൾ, 2500ലധികം പേർക്ക് പരിക്കേറ്റു. 223 പേരെ കാണാതായി. മരിച്ചവരിൽ 790 പേരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ. പൗരത്വ ട്രൈബ്യൂണലിന്റെ റിപ്പോർട്ട് പ്രകാരം 1926 പേർ കൊല്ലപ്പെട്ടു. ഹ്യൂമൺ റൈറ്റ് വാച്ച് തുടങ്ങിയ സംഘടനകൾ കലാപാനന്തരം നടത്തിയ സർവേയ്ക്കു ശേഷം പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടികളടക്കം 250ലധികം പേർ കൂട്ട ബലാത്സംഗത്തിനിരയായി. പലരും കൊല്ലപ്പെട്ടു. ഗർഭിണികളുടെ വയർ കുത്തിക്കീറി പുറത്തെടുത്ത ശിശുക്കളുടെ ജഡങ്ങൾ പ്രദർശന വസ്തുവാക്കി. കുട്ടികളെ പോലും മണ്ണെണ്ണയൊഴിച്ച് തീയിട്ടു. നൂറുകണക്കിന് കുടുംബങ്ങൾ പലായനം ചെയ്യുകയും ഭവന രഹിതരാകുകയും ചെയ്തു. ഭീതിദമായിരുന്നു ഗുജറാത്ത് കലാപത്തിന്റെ ശേഷിപ്പുകൾ. ആ കലാപം എന്തുനല്കിയെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമായിരുന്നു 2002 ഡിസംബറിൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയം.

ബിജെപിക്ക് ഗുജറാത്തിലെ അധികാരമുറപ്പിക്കുന്നതിന് ചോരയും പെൺകുട്ടികളുടെയും സ്ത്രീകളുടെയും മാനത്തിന്റെയും വിലയും വഴിയൊരുക്കിയെന്നർത്ഥം. ഗുജറാത്ത് കലാപം സമൂഹം മറക്കാത്തത് ബിൽക്കീസ് ബാനുവെന്ന അതിജീവിത ഇപ്പോഴും നമുക്കു മുന്നിൽ നില്ക്കുന്നുവെന്നതുകൊണ്ടുകൂടിയാണ്. 2002 മാർച്ച് മൂന്നിനാണ് അഹമ്മദാബാദിനടുത്ത് രംധിക്പുർ ഗ്രാമത്തിൽ വടിവാളുകളും മറ്റ് ആയുധങ്ങളുമായെത്തിയ അക്രമിക്കൂട്ടം ഗർഭിണിയായ ബാനുവിനെ കാമാർത്തരായി പിച്ചിച്ചീന്തിയത്. യഥാർത്ഥത്തിൽ പേരും വിലാസവും നഷ്ടപ്പെട്ടവളായാണ് ബിൽക്കീസ് ബാനു ഇപ്പോഴും ജീവിക്കുന്നത്. നീതിശാസ്ത്രത്തിന്റെ ചട്ടക്കൂടുകളിലും ഇരകൾക്കു മുഖവും വിലാസവും പാടില്ലെന്ന വ്യവസ്ഥയുണ്ട്. പക്ഷേ ഇരയുടെ പരിവേഷം ഉപേക്ഷിച്ച് അവൾ മാധ്യമങ്ങൾക്കും മനുഷ്യർക്കും മുന്നിൽ ഹിജാബ് നീക്കി മുഖംതുറന്ന് അതിജീവിതയാണെന്ന് സ്വയം പ്രഖ്യാപിച്ചു, പ്രവർത്തിച്ചു, നിയമപോരാട്ടം നടത്തി. കോടതിമുറികളിൽ നിശ്ചയദാർഢ്യത്തോടെ ചെന്നുനിന്നും മാധ്യമങ്ങൾക്ക് മുന്നിൽ പതറാതെ വന്നിരുന്നും അവൾ തുടർന്ന ഒന്നര പതിറ്റാണ്ടു നീണ്ട പോരാട്ടത്തെയാണ് ബിജെപി സ്വാതന്ത്ര്യവാർഷികത്തിന്റെ പേരിൽ ഒരൊറ്റ സർക്കാർ ഉത്തരവിലൂടെ തോല്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലും കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഈ വർഷം അവസാനം ഗുജറാത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. കാര്യങ്ങൾ എത്ര എളുപ്പമല്ലെന്ന് മോഡിക്കും അമിത്ഷായ്ക്കും നന്നായറിയാം. തട്ടകത്തിൽ ബിജെപിക്ക് തോൽവിയെന്നാൽ തങ്ങൾക്കുതന്നെ കിട്ടുന്ന മുഖത്തടിയാണെന്നും അവർക്കറിയാം. അതുകൊണ്ട് ചിത്രം വ്യക്തമാണ്. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്ക്കേ ഗോധ്രയിൽ നിന്നുള്ള ബിജെപി എംഎൽഎ സി കെ റൗൾജി നടത്തിയ പ്രസ്താവനയിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പ്രതികൾ ബ്രാഹ്മണരാണെന്നും നല്ല സംസ്കാരമുള്ളവരാണെന്നും പറഞ്ഞ അദ്ദേഹം അവരെ ശിക്ഷിക്കുകയെന്നത് ആരുടെയോ ദുരുദ്ദേശമായിരുന്നുവെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രതികളെ വിട്ടയക്കുന്നതിന് നിർദ്ദേശം നല്കുവാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നിയോഗിച്ച സമിതിയിലെ അംഗങ്ങളിൽ ഒരാൾകൂടിയായിരുന്നു റൗൾജി. സന്ദേശം ഒന്നുമാത്രമേയുള്ളൂ. ബിജെപി സവർണർക്കൊപ്പമാണ്. അവർക്കൊപ്പം മാത്രമാണ്.

ന്യൂനപക്ഷ വിഭാഗങ്ങൾ എപ്പോഴും ഭീതിയിൽതന്നെ കഴിഞ്ഞുകൊള്ളുകയും വേണം. കൂട്ട ബലാത്സംഗമായാലും കൊലപാതകമായാലും പ്രതികൾ തങ്ങളാൽ സംരക്ഷിക്കപ്പെടുമെന്ന സന്ദേശവും ഇതിലൂടെ നല്കുവാൻ ശ്രമിക്കുന്നു. 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ഗുജറാത്തിൽ ജയിച്ചുകയറിയത് കഷ്ടിച്ചായിരുന്നു. വംശഹത്യയുടെയും കലാപങ്ങളുടെയും ഫലമായി സംഭവിച്ച ധ്രുവീകരണങ്ങളുടെ പശ്ചാത്തലത്തിൽ നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 2002 ഡിസംബറിൽ പന്ത്രണ്ട് സീറ്റ് വർധിപ്പിച്ച് 117 അംഗങ്ങളുമായാണ് ബിജെപി അധികാരം നിലനിർത്തിയത്. 2007ൽ പത്തു സീറ്റുകൾ കുറഞ്ഞ് 117 ആയി. 2012ൽ മുഖ്യമന്ത്രിയെന്ന നിലയിൽ മോഡിയുടെ അവസാന തെരഞ്ഞെടുപ്പിൽ രണ്ടു കുറഞ്ഞ് 115 സീറ്റുകളായി. 2017ൽ 16 സീറ്റുകൾ കുറയുകയും 99 അംഗങ്ങളുമായി കഷ്ടിച്ച് അധികാരം നിലനിർത്തുകയുമായിരുന്നു. കോവിഡ് നേരിടുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലായതും ഈ തെരഞ്ഞെടുപ്പിൽ നില കൂടുതൽ പരുങ്ങലിലാക്കുമെന്നു ബിജെപി തീർച്ചയായും ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കലാപങ്ങളും സാമുദായിക ധ്രുവീകരണ ശ്രമങ്ങളും അത്യന്താപേക്ഷിതമാണ്. ബിൽക്കീസ് ബാനു കേസിലെ പ്രതികളെത്തന്നെ വിട്ടയച്ചതിനു പിന്നിൽ രണ്ടുദ്ദേശ്യങ്ങളുണ്ടായിരിക്കണം. ഒന്ന്, ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും പ്രമാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗവും ഏഴുപേരുടെ കൊലപാതകവും. അതിലെ പ്രതികളെ വിട്ടയക്കുന്നതിലൂടെ സാമുദായിക വികാരമുണ്ടാക്കുവാനും ഒരു കലാപത്തിലേയ്ക്ക് വഴി തുറക്കുവാനും സാധ്യതയുണ്ടെന്ന് അവർ കരുതിയിരിക്കാം. രണ്ടാമത്തേത് കലാപസാധ്യത ഇല്ലാതായാലും മോചിപ്പിച്ച പ്രതികളുടെ സവർണമുദ്ര ഉയർത്തിക്കാട്ടി ആ വിഭാഗത്തെയാകെയും തീവ്ര ഹിന്ദുത്വവികാരമുയർത്തി സമുദായത്തെയാകെയും പ്രീണിപ്പിക്കാമെന്ന ലക്ഷ്യമാണ്. അതുകൊണ്ടാണ് കാലഗണന ശ്രദ്ധിക്കണമെന്ന് എടുത്തു പറഞ്ഞത്. ഇനിയുള്ള നാളുകൾ പ്രധാനപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ – പ്രത്യേകിച്ച് ഗുജറാത്തിലെങ്കിലും — കലാപത്തിനുള്ള ആസൂത്രണങ്ങളുണ്ടാകും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ബിജെപിക്കും മോഡി-അമിത്ഷാ ദ്വയങ്ങൾക്കും അത്രമേൽ പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.