
സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും, മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവുമായ പി പളനിവേളിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഇടുക്കി ജില്ലയിലെ പ്രമുഖ നേതാവായ സഖാവ് പി.പളനിവേല്‍ ഇന്ന് പുലർച്ചെ ആറ് മണിയ്ക്ക് നമ്മെ വിട്ടുപോയി. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയില്‍ കഴിയവേയാണ് തന്റെ 70-ാം വയസ്സില്‍ അദ്ദേഹം നിര്യാതനായത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. മൂന്നാറില്‍ ഒരു തോട്ടം തൊഴിലാളിയായി ജീവിതമാരംഭിച്ച സഖാവ് ആ മേഖലയിലെ ത്യാഗപൂർണ്ണമായ ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയജീവിതത്തിന്റെ മുന്‍ നിരയിലേക്ക് വന്നത്. തോട്ടം തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ജീവിതാവസ്ഥകള്‍ മാറ്റിയെടുക്കാനുള്ള ഒരു തൊഴിലാളി പ്രവർത്തകന്റെ നിശ്ചയദാർഢ്യമുള്ള പാതയിലൂടെ സഞ്ചരിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും ഇടുക്കി ജില്ലയിലെങ്ങും അറിയപ്പെടുന്ന പൊതുവ്യക്തിത്വവും ആയി മാറുകയും ചെയ്തു സഖാവ് പളനിവേല്‍.
1995 ല്‍ നടന്ന പ്രഥമ ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റും പിന്നീട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയി സേവനമനുഷ്ഠിച്ചു. പാർട്ടിയുടെ സംസ്ഥാന കൗണ്‍സിലിലും അംഗമായിട്ടുണ്ട്. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം അറിയിക്കുകയും ഇടുക്കി ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ബിനോയ് വിശ്വം അനുശോചനത്തില്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.