18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 23, 2024
November 14, 2024
November 10, 2024

വീണ്ടും പക്ഷിപ്പനി: 11,000 താറാവുകളെ കൊന്നു

ടി കെ അനിൽകുമാർ
ആലപ്പുഴ
December 9, 2021 7:12 pm

അഞ്ച് വർഷം മുമ്പ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തി പടര്‍ന്നു പിടിച്ച പക്ഷിപ്പനി വീണ്ടും. പുറക്കാട് അറുപതിൽ ചിറയിൽ ജോസഫ് ചെറിയാന്റെ പതിനായിരത്തിലേറെ താറാവുകൾ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 ഇൻഫ്ലുവെൻസ ഇനത്തിൽ പെട്ട വൈറസുകൾ ബാധിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് പുറക്കാട്-തകഴി ഗ്രാമ പഞ്ചായത്ത് അതിർത്തിയിലെ ഒരു കിലോമീറ്റർ ചുറ്റളവിലെ 11,000ത്തോളം താറാവുകളെ പ്രതിരോധമെന്ന നിലയിൽ ഇന്നലെ ചുട്ടുകൊന്നു. ജില്ലയിലെ സംശയമുള്ള മറ്റു പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഫലം വന്നതിന് ശേഷം മറ്റു നടപടികൾ ആലോചിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ ജി ജിയോ ജനയുഗത്തോട് പറഞ്ഞു. 

2014 ലും 2016 ലും ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് താറാവുകൾ ചാകുകയും നിരവധി താറാവുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് ആശങ്ക വർധിപ്പിച്ചിരുന്നു. എന്നാൽ റെയ്‌മറല്ല എന്ന ബാക്ടീരിയ മൂലമാണ് അവ ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. കളക്ടറേറ്റിൽ അടിയന്തരയോഗം ചേർന്നാണ് താറാവുകളെ കൊന്നൊടുക്കാൻ പത്തംഗ ടീമിനെ നിയോഗിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡോ. കൃഷ്ണ കിഷോർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലേഖ എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ആർആർടി സംഘമാണ് നടപടി സ്വീകരിച്ചത്. പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ സേവനം ഉറപ്പാക്കിയാണ് മൃഗസംരക്ഷണ വകുപ്പ് പക്ഷികളെ മറവുചെയ്യുക. രോഗം സ്ഥിരീകരിച്ച മേഖലകളിൽ ജനങ്ങൾക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. 

ക്രിസ്മസ് വിപണി ലക്ഷ്യംവച്ചുള്ള കർഷകരുടെ അധ്വാനമാണ് രോഗസ്ഥിരീകരണത്തോടെ ആശങ്കയിലായത്. ശീതകാലത്തിന്റെ തുടക്കത്തിൽ മറുനാടുകളിൽ നിന്ന് പറന്നെത്തിയ ദേശാടന പക്ഷികളിൽ നിന്നാകാം വൈറസുകൾ താറാവുകളിലേക്ക് പടർന്നതെന്നാണ് അനുമാനം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള ജന്തുജന്യ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് പക്ഷിപ്പനി. എന്നാൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതകൾ വളരെ കുറവാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ എച്ച് 5 എൻ 1 ബാധിച്ചുണ്ടായ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് ഈ വർഷം ജൂലൈയിൽ ഹരിയാനയിൽ ആയിരുന്നു.
eng­lish sum­ma­ry; Bird flu in Alap­puzha again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.