12 December 2025, Friday

Related news

July 10, 2025
March 24, 2025
December 12, 2024
October 21, 2024
September 9, 2024
March 12, 2024
November 30, 2023
September 8, 2023
September 8, 2023
August 9, 2023

നീലഗിരിയിലെ പക്ഷിസര്‍വേ 264 വര്‍ഗ്ഗങ്ങളെ കണ്ടെത്തി

Janayugom Webdesk
കല്‍പ്പറ്റ
March 24, 2025 4:22 pm

നീലഗിരിയിലെ മുതുമല കടുവസംരക്ഷണകേന്ദ്ര പരിധിയിലുൾപ്പെടെ പക്ഷികളുടെ കണക്കെടുപ്പുനടത്തി. വിവിധയിനങ്ങളിൽപ്പെട്ട 264 പക്ഷിവർഗങ്ങളെ നീലഗിരിയുടെ വിവിധഭാഗങ്ങളിൽ പക്ഷിഗവേഷകർ കണ്ടെത്തി. വംശനാശഭീഷണി നേരിടുന്ന, കേരളത്തിന്റെ സംസ്ഥാനപക്ഷി മലമുഴക്കിവേഴാമ്പലിന്റെയും കൊമ്പൻമൂങ്ങയുടെയും അപൂർവസാന്നിധ്യം നീലഗിരിയിലെ ചേരമ്പാടി, ചേരങ്കോട് മേഖലയിൽ കണ്ടെത്തി. അപൂർവ ജൈവസാന്നിധ്യത്തിന്റെ കണ്ടെത്തൽ ആശാവഹമായ ചുവടുവെപ്പാണെന്ന് നീലഗിരി ഫോറസ്റ്റ് ഓഫീസർ എസ് ഗൗതം പറഞ്ഞുലോങ്‌വുഡ് ഷോല, സിംസ് പാർക്ക്, ദൊഡാബെട്ട വ്യൂപോയിന്റ്, ഗെഡായി, തിയാഷോല, കിന്നകൊറൈ, ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡൻ, അലക്കറൈ എന്നിവിടങ്ങളിലും പക്ഷികളുടെ സർവേനടത്തി. വെള്ളയും കറുപ്പും നിറത്തിലുള്ള പുള്ളിമീൻകൊത്തി പക്ഷികളെ മാവനല്ലയിലും യുറേഷ്യൻ കൂട്ട് അഥവാ വെള്ളക്കൊക്കൻ കുളക്കോഴിയെയും അസിപിട്രിഡേ പക്ഷികുടുംബത്തിൽപ്പെടുന്ന പ്രാപ്പിടിയനെ മസിനഗുഡിയിലും കാണാനായി. 

കൊളംബിഡേ കുടുംബത്തിലെ പ്രാവിനത്തിൽപ്പെട്ട പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന മലബാർ സാമ്രാജ്യപ്രാവിനെ മാനാർ എസ്റ്റേറ്റ് പരിസരത്തുനിന്ന്‌ കണ്ടെത്തി. യൂറോ-ഏഷ്യൻ മിതശീതോഷ്ണമേഖലയിൽമാത്രം കണ്ടുവരുന്ന മരവരമ്പൻ പക്ഷികളെ അവളാഞ്ചിക്കടുത്ത ഡസ്റ്റിനി ഫാം റിസോർട്ട് ഏരിയയിൽനിന്ന്‌ കണ്ടെത്തി. ആറ്റുമണൽക്കോഴി, നീളൻ കറുപ്പുവാലോടുകൂടിയ നീലനിറത്തിലുള്ള കിന്നരിക്കാക്കകൾ, ചൂളക്കാക്കകൾ, പച്ചനിറത്തിലുള്ള ചെങ്കണ്ണൻ കുട്ടുറുവൻ, പാഞ്ചാലിക്കാട, പാമ്പുപരുന്തുകൾ, കൊക്കിനത്തിൽപ്പെട്ട പെരുമുണ്ടികൾ, ചാരത്തലച്ചിക്കാളിപ്പക്ഷി എന്നിവയുടെ സാന്നിധ്യവും പലയിടങ്ങളിലായി സർവേക്കിടെ കണ്ടെത്തിയിട്ടുണ്ട്. രണ്ടുദിവസമായി നടത്തിയ സർവേയിൽ വനം ജീവനക്കാരും വൊളന്റിയർമാരും ഉൾപ്പെടെ 316 പേർ പങ്കെടുത്തു.

മുതുമല കടുവസങ്കേതത്തിലും മുകുറുത്തി ദേശീയോദ്യാനത്തിലും 25 സ്ഥലങ്ങളിലായി 100 വൊളന്റിയർമാരും വനം ഉദ്യോഗസ്ഥരും പക്ഷിസർവേയിൽ പങ്കെടുത്തു. ഗൂഡല്ലൂർ വനംഡിവിഷനിൽ 23 സ്ഥലങ്ങളിൽ 138 വൊളന്റിയർമാരും വനം ജീവനക്കാരും മുതുമല മസിനഗുഡി ഡിവിഷനിൽ 13 സ്ഥലങ്ങളിൽ 78 പേരും സർവേനടത്തി. മുതുമലയിലും ഗൂഡല്ലൂരിലും 61 സ്ഥലങ്ങളിലായിരുന്നു പക്ഷിനിരീക്ഷണം. രേഖപ്പെടുത്തിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പക്ഷിയിനങ്ങളുടെ എണ്ണം ലഭ്യമാക്കും. സർവേയുടെ ഭാഗമായി ഗൂഡല്ലൂർ വനംഡിവിഷനിൽ നടത്തിയ ജലപക്ഷികളുടെ സർവേയിലും പതിന്നാലിനം പക്ഷികളുടെ എണ്ണത്തിൽ വർധന. 135 എണ്ണം പക്ഷികളെ ഈവിഭാഗങ്ങളിൽ അധികമായി ഇത്തവണ കണ്ടെത്തി. 

മുതുമല കടുവസംരക്ഷണകേന്ദ്രത്തിനു സമീപത്തെ 20 ജലാശയങ്ങളിൽ നടത്തിയ സെൻസസിലാണ് ഈ വർധന കണ്ടെത്തിയത്. നീലഗിരിയിലെ മറ്റുഭാഗങ്ങളിൽ കണ്ടെത്തിയ പക്ഷിവർഗങ്ങളിൽ 148 ഇനം പക്ഷികൾ ഗൂഡല്ലൂർ വനാതിർത്തിയിലുണ്ട്. 23 സ്ഥലങ്ങളിലാണ് കരപ്പക്ഷി സെൻസസ് നടത്തിയത്. രണ്ടിനത്തിലുള്ള മരംകൊത്തിവിഭാഗം പക്ഷികൾ, മയിൽ, പ്രാപ്പിടിയൻ, കരിങ്കൊക്ക്, മഞ്ഞത്തേൻകിളി, നീർക്കോഴി, ചാരപ്പൂണ്ടൻ പക്ഷി, മീൻകൊത്തിച്ചാത്തൻ പക്ഷി, പെരുമുണ്ടിക്കൊക്ക് എന്നിവയുടെ കൂടുതലെണ്ണം ഗൂഡല്ലൂർ വനമേഖലയിലുണ്ടെന്ന് സ്ഥിരീകരിച്ചതായി ഗൂഡല്ലൂർ ഡിഎഫ്ഒ ജെ. വെങ്കിടേഷ് പ്രഭു പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.