4 January 2025, Saturday
KSFE Galaxy Chits Banner 2

മാപ്പപേക്ഷ പോര, ബിരേന്‍ സിങ് രാജിവയ്ക്കണം: സിപിഐ

Janayugom Webdesk
ന്യൂഡൽഹി
January 1, 2025 9:21 pm

മാപ്പപേക്ഷ കൊണ്ട് പ്രശ്നം തിരില്ലെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നീണ്ട നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ക്ഷാമപണം മണിപ്പൂര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തന്റെ സർക്കാരിന് സംഭവിച്ച വീഴ്ചകളും സമ്മതിക്കുന്നതാണ്. അതോടൊപ്പം സംസ്ഥാനത്തെ ക്രമസമാധാന നില പാടേ തകർന്നുവെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ പ്രതിസന്ധി സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയത്തന്റെ പ്രതിഫലനമാണ്. ക്രമസമാധാന പാലനം, ജനങ്ങളുടെ സുരക്ഷ, നീതി ഉറപ്പാക്കല്‍ എന്നിവയിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടത് വ്യാപക അരക്ഷിതാവസ്ഥയ്ക്ക് കാരണമായി. അനുരഞ്ജനത്തിനുവേണ്ടിയുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിവിധ വിഭാഗങ്ങൾക്കിടയിൽ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാക്കുന്നതിനോ നിലവിലുള്ള പ്രതിസന്ധി സമൂഹത്തിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകൾ ഉണക്കുന്നതിനോ കൃത്യമായ നടപടികളുണ്ടായില്ല. 

രാഷ്ട്രീയ പരിഹാരത്തിനായി ശ്രമിക്കുന്നതിനോ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിലെടുത്ത് അതില്‍ അവരെ പങ്കാളികളാക്കാനോ തയ്യാറായതുമില്ല. മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡി കാട്ടിയ വിമുഖത, സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോടുള്ള അവഗണനയാണ് വെളിപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനം വിശ്വാസക്കുറവ് വര്‍ധിപ്പിക്കുകയും സ്ഥിതി കൂടുതല്‍ വഷളാക്കുകയുമാണ് ചെയ്തത്.
മണിപ്പൂരിലെ ജനങ്ങൾ ഉത്തരവാദിത്തബോധവും സഹാനുഭൂതിയുമുള്ള ഭരണം ആഗ്രഹിക്കുന്നുവെന്നാണ് സിപിഐ വിശ്വസിക്കുന്നത്. അത് നല്‍കുന്നതില്‍ മുഖ്യമന്ത്രി ബിരേൻ സിങ്ങും സർക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. അതുകൊണ്ട് ഭരണത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ, ജനകേന്ദ്രീകൃത നടപടികള്‍ക്ക് വഴിയൊരുക്കുന്നതിനും ബിരേന്‍ സിങ്ങിന്റെ രാജി അനിവാര്യമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച സെക്രട്ടേറിയറ്റ് സംസ്ഥാനത്ത് സമാധാനവും നിയമവാഴ്ചയും സമവായവും കൈവരിക്കാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.