വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷത്തിനുശേഷമുള്ള മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ രാജി നിരര്‍ത്ഥകമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. വംശീയ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ബിരേന്‍ സിങ് രാജിവയ്ക്കണമെന്ന് സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. വൈകിയ വേളയിലുള്ള മുഖ്യമന്ത്രിയുടെ രാജി പ്രശ്നപരിഹാരം സാധ്യമാക്കാന്‍ ഉപകരിക്കില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ബിജെപി ഭരണം പൂര്‍ണ പരാജയമാണെന്നാണ് രാജിയിലുടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് നിരപരാധികളുടെ ജീവനപഹരിച്ച കലാപം ബിജെപിയുടെ പിടിപ്പുകേട് കാരണമാണ് സംഭവിച്ചത്. സംസ്ഥാന സര്‍ക്കാരിലും ബിജെപിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കലാപം നിയന്ത്രിക്കുന്നതിലും സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടു.
ജനാധിപത്യ ധ്വംസനമായിരുന്നു ബിരേന്‍ സിങ് സര്‍ക്കാരിന്റെ മുഖമുദ്ര. മെയ്തികളെ സംരക്ഷിച്ചും കുക്കികളുടെ ഉന്മൂലനാശനവുമായിരുന്നു അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത കിരാത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറി നിഷ സിദ്ധു എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ജനാധിപത്യവിരുദ്ധ നടപടി പോലുമുണ്ടായി. മണിപ്പൂരിന്റെ പേരില്‍ മുതലക്കണ്ണിരൊഴുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനം സന്ദര്‍ശിക്കാനും സമാധനം ഉറപ്പുവരുത്താനും തയ്യാറാകണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.