നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡില്‍ ഭിന്നിപ്പ് ഉണ്ടാക്കി വോട്ട് നേടാൻ ബിജെപി ശ്രമിക്കുന്നതായി പരാതി. ഝാർഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമെതിരെ ഝാർഖണ്ഡ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ശർമ്മ, ചൗഹാൻ, മറ്റ് ബിജെപി നേതാക്കൾ എന്നിവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റുകളും പരാതിക്കൊപ്പം കമ്മിഷന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുവരും നിരവധി തവണ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നു. തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചുമതല നല്‍കുന്നതെന്നും സര്‍ക്കാര്‍ ചോദിക്കുന്നു. ജൂണ്‍ 18നാണ് ഇരുവര്‍ക്കും ബിജെപി തെരഞ്ഞെടുപ്പ് ചുമതല നല്‍കുന്നത്. അന്നുമുതല്‍ ഇവര്‍ ആഴ്ചതോറും സംസ്ഥാനം സന്ദർശിക്കുന്നതായും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചു.
മന്ത്രിമാരുടെ ഓരോ സന്ദര്‍ശനത്തിനും സുരക്ഷ ഒരുക്കി നല്‍കിവരികയാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ സംസ്ഥാനത്തെത്തി വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തുകയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബന്ധപ്പെട്ട പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതായും സര്‍ക്കാര്‍ ആരോപിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുമ്പോൾ, ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ മുൻ ദിയോഘർ ഡെപ്യൂട്ടി കമ്മിഷണർ മഞ്ജുനാഥ് ഭജൻത്രിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിച്ച കാര്യവും പരാതിയില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടത്തിനായി പൊതു ഖജനാവിന്റെ ചെലവിൽ ഔദ്യോഗിക പദവിയും സംവിധാനവും ദുരുപയോഗം ചെയ്യുന്നത് അനുവദിക്കരുതെന്നും കമ്മിഷനോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.