വിവാദ ഇലക്ടറല്‍ ബോണ്ട് സംഭാവനയ്ക്ക് പിന്നാലെ ഇലക്ടറല്‍ ട്രസ്റ്റ് സംഭാവനയിലും ബിജെപിയുടെ ആധിപത്യം. 2023–24ല്‍ ആകെ ലഭിച്ച ട്രസ്റ്റ് സംഭാവനയില്‍ 857 കോടി (70 ശതമാനം) ബിജെപി അക്കൗണ്ടിലാണ് എത്തിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിംഫോസ് (എഡിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആറ് പ്രമുഖ ഇലക്ടറല്‍ ട്രസ്റ്റുകളായ പ്രൂഡന്റ്, ട്രിംഫ്, ജയഭാരത്, പരിബര്‍ത്തന്‍, ഇന്‍സിഗര്‍ടിക്, സ്വദേശി എന്നിവയുടെ അക്കൗണ്ടിലേക്ക് 1,218.39 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിച്ചേര്‍ന്നത്. രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളും വ്യക്തികളുമാണ് സംഭാവന നല്‍കിയത്. ഇതില്‍ പ്രൂഡന്റ് ട്രസ്റ്റിലേക്ക് മാത്രം 1,075.717 കോടി ലഭിച്ചു. 723 കോടിയാണ് പ്രൂഡന്റ് മാത്രം ബിജെപി അക്കൗണ്ടിലേക്ക് സംഭാവന ചെയ്തത്. 2022–23ല്‍ 252 കോടി രൂപയായിരുന്നു പ്രൂഡന്റ് നല്‍കിയത്. ഒരുവര്‍ഷത്തിനിടെ 182 ശതമാനം വര്‍ധനവാണ് പ്രൂഡന്റില്‍ നിന്ന് മാത്രം ബിജെപിക്ക് ലഭിച്ചത്.
2023–24ല്‍ 142 വ്യവസായ സ്ഥാപനങ്ങള്‍ ട്രസ്റ്റുകള്‍ വഴി സംഭാവന നല്‍കി. ഇതില്‍ 133 സ്ഥാപനങ്ങളും പ്രൂഡന്റ് വഴിയാണ് തുക നല്‍കിയത്. 32 വ്യക്തികളും ട്രസ്റ്റിലേക്ക് സംഭാവന നല്‍കി. ഇവിടെയും ബിജെപിക്ക് വാരിക്കോരി നല്‍കിയ പ്രൂഡന്റിനെയാണ് വ്യക്തികളും കൂടുതലായി ആശ്രയിച്ചത്. 22 പേരാണ് പ്രൂഡന്റ് വഴി സംഭാവന നല്‍കിയത്. 38.99 കോടി രൂപ. ശേഷിക്കുന്ന ഒമ്പതില്‍ അഞ്ചെണ്ണം ഇന്‍സിഗാര്‍ട്ടിക്കും സ്വദേശിക്കും ലഭിച്ചു.
ഡിഎല്‍എഫ്, ആര്‍സിലോ നിപ്പോണ്‍ സ്റ്റീല്‍, മാത പ്രോജക്ട്സ്, മാരുതി സുസുക്കി, സിഇഎസ്‌സി, ഹിത്രോ ലാബ്സ്, ചോളമണ്ഡലം ഫിനാന്‍സ്, അപ്പോളോ ടയേഴ്സ്, ടിവിഎസ് മോട്ടേഴ്സ്, സിപ്ല തുടങ്ങിയവ വന്‍തുക സംഭാവന ചെയ്ത 10 കമ്പനികളുടെ പട്ടികയില്‍ ഇടംനേടി. ഇതില്‍ ഡിഎല്‍എഫ്, ആര്‍സിലോ നിപ്പോണ്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ 100 കോടി രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസാണ് ട്രസ്റ്റ് സംഭാവനയില്‍ രണ്ടാമത്. 156.40 കോടി. ബിആര്‍എസ് 85, വൈഎസ്ആര്‍ കോണ്‍ഗ്രസ് 72.50, ടിഡിപി 33.00, ജനസേന പാര്‍ട്ടി അഞ്ച് കോടി ക്രമത്തിലാണ് മറ്റുള്ളവരുടെ സ്ഥാനം. മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഇലക്ടറല്‍ ബോണ്ട് സംഭാവനയിലും ഭൂരിഭാഗവും ബിജെപിക്കായിരുന്നു. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ അടക്കമുള്ള പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിരോധിക്കുകയായിരുന്നു. 2013ല്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന പദ്ധതി വഴി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സാധിക്കും. ലഭിക്കുന്ന തുകയുടെ കൃത്യമായ കണക്ക് ട്രസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.