22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ബിജെപിയും സംഘ്പരിവാറും നീതി പീഠത്തിനെതിരെ

പ്രത്യേക ലേഖകൻ
ന്യൂഡല്‍ഹി
April 20, 2025 10:40 pm

സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ വിദ്വേഷ പരാമർശം നടത്തിയ നേതാക്കളെ പരോക്ഷമായി ന്യായീകരിച്ച് ബിജെപി — സംഘ്പരിവാര്‍ നേതൃത്വം. മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാർലമെന്റ് അംഗങ്ങളായ നിഷികാന്ത് ദുബെ, ദിനേശ് ശർമ്മ എന്നിവരുടെ പരാമർശങ്ങളെ തള്ളിക്കളയാതെ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന് വിശേഷിപ്പിച്ച് ഒഴിഞ്ഞുമാറുകയാണ് ബിജെപിയും ആർഎസ്എസും. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറലിസം തകര്‍ക്കാനുള്ള നീക്കത്തിലും വഖഫ് നിയമഭേദഗതിയിലും സുപ്രീം കോടതിയുടെ ഇടപെടൽ തിരിച്ചടിയായപ്പോഴാണ് മുന്‍ വിദ്വേഷ പ്രാസംഗികർ ഉന്നത നീതിപീഠത്തിനെതിരെ രംഗത്തുവന്നത്. വിദ്വേഷ പ്രയോഗത്തിനും നീതിപീഠത്തെ വെല്ലുവിളിച്ചതിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നപ്പോള്‍ ‘അത് അവരുടെ വ്യക്തിപരമായ അഭിപ്രായ’മാണെന്ന് പറഞ്ഞ് തലയൂരുകയാണ് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ. കോടതിയോടുള്ള അധിക്ഷേപത്തെ തള്ളിപ്പറയാനോ താക്കീത് നല്‍കാനോ തയ്യാറാകാത്തത് സംഘ്പരിവാർ നയം തന്നെയാണ് പ്രസ്താവന എന്ന് വ്യക്തമാക്കുന്നു.

ജൂഡീഷ്യറിയുടെ സവിശേഷാധികാരം ആണവ മിസൈല്‍ പോലെ ഉപയോഗിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ബിജെപി നേതാക്കളും രംഗത്തെത്തിയത്. ഗവര്‍ണര്‍മാര്‍ക്കെതിരെയുള്ള സുപ്രീം കോടതി വിധിക്കെതിരെ ആദ്യം രംഗത്തുവന്നത് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ്. ഭരണഘടന ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഭേദഗതിക്കുള്ള അവകാശം പാര്‍ലമെന്റിനാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമായിരുന്നുവെന്നും അര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം അര്‍ലേക്കര്‍ ജഗ്‌ദീപ് ധന്‍ഖറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജനാധിപത്യത്തിനൊപ്പം നിന്ന കോടതിയെ വെല്ലുവിളിക്കാന്‍ സംഘ്പരിവാര്‍ അണിയറയില്‍ ഒരുക്കം നടത്തുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഭരണഘടനാസ്ഥാനങ്ങളിലിരിക്കുന്ന ഓരോരുത്തരായി സുപ്രീം കോടതിയെ ചോദ്യം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. നേരത്തേ പലതവണ കോടതിയെ വെല്ലുവിളിച്ചിരുന്ന ധന്‍ഖറിനു പിന്നാലെയാണ് നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും രംഗത്തുവന്നത്. രാജ്യത്ത് മതസ്പര്‍ധ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദി സുപ്രീം കോടതി മാത്രമാണെന്ന അധിക്ഷേപമാണ് നിഷികാന്ത് ദുബെ നടത്തിയത്. സുപ്രീം കോടതി പരിധി വിടുകയാണെന്നും കോടതികള്‍ നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വഖഫ് ഭേദഗതി നിയമത്തില്‍ ചില നല്ല വശങ്ങളുണ്ടെങ്കിലും നിലവിലെ സ്ഥിതി തടസപ്പെടുത്താന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞതിന് തൊട്ടുപിന്നലെയായിരുന്നു പ്രതികരണം. 

ഡോ. ബി ആര്‍ അംബേദ്കര്‍ ഭരണഘടന എഴുതിയപ്പോള്‍, നിയമനിര്‍മ്മാണസഭയുടെയും നീതിന്യായ വ്യവസ്ഥയുടെയും അവകാശങ്ങള്‍ വ്യക്തമായി എഴുതിയോ എന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ടെന്നും രാഷ്ട്രപതിക്ക് നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമാണ് ദിനേശ് ശര്‍മ്മ പറഞ്ഞത്.
ഈ രണ്ട് എംപിമാരെ ഉപയോഗിച്ച് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരെ മോശം പരാമര്‍ശങ്ങളുമായി രംഗത്തുവന്ന നിഷികാന്ത് ദുബെയ്ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനസ് തന്‍വീര്‍, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് കത്ത് നല്‍കി. നിഷികാന്ത് ദുബെ, ദിനേശ് ശര്‍മ്മ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാതെ ബിജെപി നേതൃത്വം താല്‍ക്കാലിക അകലംപാലിക്കുന്നത് നാണക്കേട് മറയ്ക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതാണ് ഏറ്റവും കുറഞ്ഞനടപടിയെന്നും, കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു. ചീഫ് ജസ്റ്റിസിനെതിരെ എംപിമാര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് സ്ഥാനം ഒഴിയുന്ന ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.