
എഎപി നേതാവും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി ആക്രമണം. കാറിനുനേര്‍ക്ക് കല്ലേറുണ്ടായി.
ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ പ്രചരണത്തിനിടെയാണ് കെജ്‌രിവാൾ സഞ്ചരിച്ച വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എഎപി പങ്കുവച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമ്മയുടെ ഗുണ്ടകളാണ് ആക്രമണം അഴിച്ചുവിട്ടതെന്നും എഎപി ആരോപിക്കുന്നു.
കെജ്‌രിവാൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന് സമീപം നിന്ന് ചില വ്യക്തികൾ കരിങ്കൊടി വീശുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. തോൽവി ഭയന്ന് ബിജെപി പരിഭ്രാന്തരായി, ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ ഭയപ്പെടാൻ പോകുന്നില്ലെന്നും ഡൽഹിയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും എഎപി എക്സില്‍ കുറിച്ചു. അക്രമികളിൽ ഒരാൾ പർവേഷ് വർമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രവും എഎപി സമൂഹമാധ്യമ പോസ്റ്റിലൂടെ പങ്കുവച്ചു. എന്നാൽ ബിജെപി പ്രവർത്തകര്‍ കൂടിനിന്നിടത്തേക്ക് കെജ്‌രിവാളിന്റെ കാർ പാഞ്ഞുകയറുകയായിരുന്നുവെന്ന് പർവേഷ് വർമ്മ പ്രതികരിച്ചു. പരിക്കേറ്റ ഒരു ബിജെപി പ്രവര്‍ത്തകനെ ലേഡി ഹാർഡിങ് ആശുപത്രിയിലേക്ക് മാറ്റിയതായും വര്‍മ്മ പറഞ്ഞു.
നേരത്തെ ഖലിസ്ഥാൻ അനുകൂല സംഘടനകളില്‍ നിന്ന് അരവിന്ദ് കെജ്‌രിവാളിനെതിരെ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നല്‍കിയിരുന്നു. കഴിഞ്ഞ നവംബറിൽ നഗരത്തിൽ പദയാത്ര നടത്തുകയായിരുന്ന അരവിന്ദ് കെജ്‌രിവാളിന് നേരെ ഒരാൾ ദ്രാവകം എറിഞ്ഞിരുന്നു. ഈ സംഭവത്തിലെ അക്രമിക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് എഎപി ആരോപിച്ചിരുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള കെജ്‌രിവാളിന്റെ സുരക്ഷാസംഘത്തില്‍ പൈലറ്റ്, എസ്‌കോർട്ട് ടീമുകൾ, ക്ലോസ് പ്രൊട്ടക്ഷൻ സ്റ്റാഫ്, സെർച്ച് ആന്റ് ഫ്രിസ്‌ക് യൂണിറ്റുകൾ എന്നിവയുൾപ്പെടെ 63 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.