18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 17, 2024
January 2, 2024
December 9, 2023
August 3, 2023
June 22, 2023
May 23, 2022
May 11, 2022
April 30, 2022
April 23, 2022
April 4, 2022

മസര്‍ ജിഹാദെന്ന് ബിജെപി; ചരിത്രപ്രസിദ്ധമായ ഡൂണ്‍ സ്കൂളിലെ മുസ്ലിം പള്ളി പൊളിച്ചുനീക്കി

Janayugom Webdesk
ഡെറാഡൂണ്‍
November 17, 2024 9:19 pm

അന്ധമായ മുസ്ലിം വിരുദ്ധതയില്‍ രാജ്യത്തെ ചരിത്രപ്രസിദ്ധമായ ഡൂണ്‍ സ്കൂളിലെ മുസ്ലിം പള്ളി പുഷ്കര്‍ സിങ് ധാമി സര്‍ക്കാര്‍ പൊളിച്ചുനീക്കി. അനധികൃതമായ നിര്‍മ്മിച്ച മുസ്ലിം പളളികളും മസറുകളും (ശവകൂടീരം) ഇടിച്ച് നിരത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൗണ്ടിനകത്തെ മസര്‍ പൊളിച്ച് നീക്കിയത്. മസര്‍ ജിഹാദ് എന്ന പേരില്‍ അനധികൃത പള്ളികളും മസറുകളും ഇടിച്ച് നിരത്തുന്നതിന്റെ ഭാഗമായി ഡെറാഡൂണിലെ വിവാദ സന്യാസിനി രാധ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇടിച്ചുനിരത്തല്‍. 

ഈമാസം 13 ന് സനാതന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള മസര്‍ പൊളിച്ച് നീക്കിയത്. പ്രദേശത്തെ മുസ്ലിം വഴിവാണിഭക്കാരുടെ വ്യാപാരസ്ഥാപനങ്ങള്‍ ഇടിച്ച് നിരത്താന്‍ നേതൃത്വം നല്‍കുന്ന സംഘടന പുറത്ത് വിട്ട വിഡിയോ ദൃശ്യത്തിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്. സനാതന്‍ സന്‍സ്ഥാന്‍ സ്കൂളിനുള്ളില്‍ ബലംപ്രയോഗിച്ച് കടന്നാണ് മസര്‍ തകര്‍ത്തത്. എന്നാല്‍ മസര്‍ തകര്‍ത്ത സംഭവത്തില്‍ ഇതുവരെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നിട്ടില്ല. അഞ്ച് പേരടങ്ങുന്ന സംഘമാണ് മസര്‍ തകര്‍ക്കുന്നത്. ഇതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ സവിന്‍ ബന്‍സാല്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യട്ടതായും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഉന്നതരുടെ മക്കള്‍ ഉള്‍പ്പെടെ പഠിക്കുന്ന ഡൂണ്‍ സ്കൂളിനുള്ളിലെ അതിസുരക്ഷാ മറികടന്നുള്ള പള്ളി പൊളിക്കല്‍ നടപടി സുരക്ഷയിലും ചോദ്യചിഹ്നം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മസര്‍ ഇടിച്ച് നിരത്തിയെന്ന മാധ്യമവാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദമാണെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജഗ്പ്രീത് സിങ് പറഞ്ഞു. സ്കൂളിന്റെ ചുറ്റുമതില്‍ പുതുക്കിപണിയുന്ന ജോലി പൊതുമരാമത്ത് വകപ്പ് നടത്തി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ ഏറ്റെടുത്ത വ്യക്തി സ്കൂള്‍ അധികൃതരുടെ അനുമതിയില്ലാതെ മസര്‍ പൊളിച്ച് നീക്കുകയായിരുന്നാണ് അദ്ദേഹത്തിന്റെ വാദം.

പള്ളി പൊളിച്ച നടപടി ഇതിനകം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് കാരണമായി. സ്കൂളിന്റെ അനുമതിയില്ലാതെ, ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തീവ്ര ഹിന്ദു സംഘടന മസര്‍ ഇടിച്ച് നിരത്തിയതാണ് വിവാദമായിരിക്കുന്നത്. പുഷ്കര്‍ സിങ് ധാമി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ക്ഷേത്ര സംസ്ഥാനമെന്ന് പേരുകേട്ട ഉത്തരഖണ്ഡില്‍ ന്യൂനപക്ഷ വേട്ട തുടര്‍ക്കഥയായി മാറിയിരുന്നു. ബദരിനാഥ്, കേദാര്‍നാഥ് , ഗംഗോത്രി അടക്കമുള്ള ക്ഷേത്രങ്ങളുടെ പരിസരത്ത് നിന്ന് മുസ്ലിം വ്യാപാരികളെ സംസ്ഥാന ഭരണകൂടം അന്യായമായി കുടിയിറക്കിയതും വ്യാപകമായി മുസ്ലിം പള്ളികള്‍ തകര്‍ത്തതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.