
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ബിജെപിയുടെയും വ്യാജ പ്രചരണങ്ങള്‍ പൊളിഞ്ഞു. വോട്ടെടുപ്പ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ (യുഎസ്എഐഡി) 2.1 കോടി ഡോളര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും വിദേശ സഹായം കൈപ്പറ്റി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ കോൺഗ്രസ് ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചുവെന്നായിരുന്നു ബിജെപി ഉന്നയിച്ച ആരോപണം. എന്നാല്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും യുഎസ്എഐഡി പങ്കാളികളായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. യുഎസ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ഓഗസ്റ്റ് 15 നകം ഇന്ത്യയിലെ എല്ലാ യുഎസ്എഐഡി പ്രവർത്തനങ്ങളും അവസാനിപ്പിക്കുമെന്ന് യുഎസ് എംബസി ജൂലൈ 29 ന് പ്രഖ്യാപിച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ബെെഡന്‍ ഭരണകൂടം ധനസഹായം നല്‍കിയെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. ധനസഹായം ഇന്ത്യക്കല്ല, ബംഗ്ലാദേശിനാണെന്ന് അന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ്എഐഡി ഇന്ത്യയുമായി സഹകരിച്ച് ഏഴ് പദ്ധതികൾ നടപ്പിലാക്കിയതായി 2023–24 ലെ വാർഷിക റിപ്പോർട്ടിൽ ധനമന്ത്രാലയം വ്യക്തമാക്കി. കൃഷി, ഭക്ഷ്യസുരക്ഷ, വെള്ളം, ശുചിത്വം, പുനരുപയോഗ ഊർജം, ദുരന്തനിവാരണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളായിരുന്നു അവ. 1951ലാണ് യുഎസ്എഐഡി വഴി ഇന്ത്യക്ക് ഉഭയകക്ഷി വികസന സഹായം ആരംഭിച്ചത്. അതിനുശേഷം, വിവിധ മേഖലകളിലായി 555ലധികം പദ്ധതികളിലായി യുഎസ്എഐഡി ഇന്ത്യക്ക് 1.7 കോടി ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.