
കേന്ദ്രസർക്കാർ പദ്ധതികളുടെ പേരില്‍ ബിജെപി പൊതുജനങ്ങളിൽ നിന്നും കരാറുകാരിൽ നിന്നും നിർബന്ധപൂർവം പാർട്ടി ഫണ്ട് പിരിച്ചെടുത്തതായി വെളിപ്പെടുത്തൽ. ‘സ്വച്ഛ് ഭാരത്’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘കിസാൻ സേവ’ തുടങ്ങിയ പദ്ധതികളുടെ മറവിൽ 2021 — 22 കാലഘട്ടത്തിലാണ് ഫണ്ട് ശേഖരണം നടത്തിയത്. ഈ പദ്ധതികൾക്കായി ഫണ്ട് പിരിക്കാൻ കേന്ദ്ര മന്ത്രാലയങ്ങളോ പ്രധാനമന്ത്രിയുടെ ഓഫിസോ പ്രത്യേക അനുമതി നൽകിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ വ്യക്തമാക്കുന്നു.
ചെന്നൈയിലെ മാധ്യമപ്രവർത്തകന്‍ ബി ആർ അരവിന്ദാക്ഷന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. 2021 ഡിസംബർ മുതൽ 22 ഫെബ്രുവരി വരെ, ‘നരേന്ദ്ര മോഡി.ഇൻ’, ‘നമോ ആപ്പ്’ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ബിജെപി സംഭാവനാ കാമ്പയിൻ നടത്തിയത്. സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ എന്നീ മൂന്ന് സർക്കാർ പദ്ധതികളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനും സംഭാവന നല്‍കാനുമാണ് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം ഈ സർക്കാർ പദ്ധതികളുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതിന് ബിജെപിക്ക് ഏതെങ്കിലും മന്ത്രാലയങ്ങളിൽ നിന്നോ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നോ പ്രത്യേക അനുമതിയോ ഔദ്യോഗിക അംഗീകാരമോ ലഭിച്ചിട്ടില്ല. പണം ശേഖരിക്കുന്നതിന് പദ്ധതികളുടെ പേര് ഉപയോഗിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുമതി നൽകിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ മറുപടി.
2021 ഡിസംബർ 25ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ മൈക്രോ ഡൊണേഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര പദ്ധതികളുടെ നിർവഹണ ചുമതലയുള്ള കരാറുകാരിൽ നിന്നും ഫണ്ട് പിരിച്ചത്. പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ താല്പര്യമില്ലാത്തവരോട് സർക്കാർ പദ്ധതികളിലേക്ക് സംഭാവന ചെയ്യാനാണ് ആവശ്യപ്പെട്ടത്.
അരവിന്ദാക്ഷനും ഈ പ്ലാറ്റ്‌ഫോമിലൂടെ സർക്കാർ പദ്ധതികളിലേക്ക് സംഭാവന നൽകി. ഇതിന്റെ രസീത് ബിജെപിയുടെ ഓഫിസിൽ നിന്നും ഇമെയിൽ വഴി ലഭിക്കുകയും ചെയ്തു. ഇതോടെ പണം ബിജെപിയുടെ കേന്ദ്ര ഓഫിസാണ് കൈപ്പറ്റിയതെന്ന് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഇതിനോടകം തന്നെ ഇലക്ടറൽ ബോണ്ട് വഴി കോര്‍പറേറ്റുകളില്‍ ബിജെപി സഹസ്രകോടികള്‍ സമാഹരിച്ചതായി വിവരം പുറത്തുവന്നിരുന്നു. അടുത്തിടെ സെമികണ്ടക്ടർ യൂണിറ്റ് അനുവദിച്ചതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പ് 785 കോടി രൂപ സംഭാവന നൽകിയെന്ന വിവരവും വെളിപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പേരിൽ ഫണ്ട് പിരിച്ചെന്ന വെളിപ്പെടുത്തലിനോട് ബിജെപി ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.