ബിജെപി-കോണ്‍ഗ്രസ് ബാന്ധവത്തെ എതിര്‍ത്തുതോല്പിച്ച് മുന്നോട്ട് പോകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോഡി വിരുന്നിന് ക്ഷണിക്കുമ്പോഴേക്കും യുഡിഎഫ് എംപിമാര്‍ക്ക് രോമാഞ്ചമുണ്ടാകുന്നതും രാമക്ഷേത്ര ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോള്‍ ചാഞ്ചാട്ടമുണ്ടാകുന്നതുമെല്ലാം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞുവരുന്നതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയവും കേരളത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയവും മനസിലാക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിക്കുന്നില്ല. മതേതര മൂല്യങ്ങളെ ചവിട്ടിമെതിച്ച, കൃഷിക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കിയ, ബാബറി മസ്ജിദ് പൊളിച്ച സ്ഥാനത്ത് അമ്പലം പണിത് രാഷ്ട്രീയ രാമനെ പ്രതിഷ്ഠിച്ച, ഭൂരിപക്ഷ വര്‍ഗീയ ഭ്രാന്ത് ശീലമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. ഇന്ത്യക്കകത്തും പുറത്തും നാടകീയത ശീലമാക്കിയ ആളാണ് അദ്ദേഹം. മണിപ്പൂരില്‍ മാത്രം അദ്ദേഹം നാടകം നടത്താന്‍ പോയില്ല. തൃശൂരില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണ നടത്തി. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസം നാടകീയമായി വിരുന്ന് സംഘടിപ്പിച്ചു. ആ വിരുന്നിന്റെ അര്‍ത്ഥം മനസിലാക്കാന്‍ യുഡിഎഫ് എംപിക്ക് സാധിച്ചില്ലെന്നും ക്ഷണം സ്വീകരിക്കാന്‍ ഒരു മടിയുമുണ്ടായില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇതില്‍ പ്രശ്നമൊന്നുമില്ലെന്ന തരത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പറയുന്നത് പിന്നിലെ രാഷ്ട്രീയം കാണാതെയാണ്.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഗോഡ്സെയുടെ പാര്‍ട്ടി വിളിച്ചപ്പോള്‍ ഗാന്ധിജിയുടെ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടായി. ഇടതുപക്ഷം ഒരു നിമിഷം പോലും വൈകാതെയാണ് മറുപടി നല്‍കിയത്. വളരെ വെെകി മനസില്ലാ മനസോടെയാണ് കോണ്‍ഗ്രസ് തീരുമാനമെടുത്തത്. ബാബറി മസ്ജിദ് സ്വമേധയാ എടുത്തുമാറ്റുന്ന കാര്യം മുസ്ലിങ്ങള്‍ ചിന്തിക്കേണ്ടിയിരുന്നുവെന്നാണ് തിരുവനന്തപുരത്തെ എംപിയായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇതിന്റെ അടുത്ത ഭാഗമാണ് ഉണ്ണാന്‍ വിളിച്ചാല്‍ ഉടനെ ക്ഷണം സ്വീകരിക്കുന്നത്.
പഴയ മുഖ്യമന്ത്രിമാരുള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബിജെപിക്കാരായി ഇരിക്കുന്നത്. ഉറങ്ങാന്‍ പോകുമ്പോള്‍ കോണ്‍ഗ്രസും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ബിജെപിയുമെന്ന രീതിയാണ് അവര്‍ക്ക്. മോഡി വാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യ സഖ്യത്തിന് വിജയം ഉറപ്പാക്കാനാണ് നമ്മുടെ പോരാട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൂക്കു പാര്‍ലമെന്റാണ് ഉണ്ടാകുന്നതെങ്കില്‍ ആ രാത്രി എംപിമാര്‍ക്ക് കോടികള്‍ വിലപറയാന്‍ അഡാനി രംഗത്തിറങ്ങും. ഇഡിയും ഐടിയും സിബിഐയും ഉള്‍പ്പെടെ എംപിമാരുടെ വാതിലില്‍ മുട്ടും. അങ്ങനെയൊരു സാഹചര്യമുണ്ടായാലും എല്‍ഡിഎഫിലെ ഒറ്റ എംപിയും അങ്ങോട്ട് പോകില്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഓടിച്ചെല്ലുന്ന എംപിമാരുള്ള യുഡിഎഫില്‍ അങ്ങനെ പറയാന്‍ കെല്‍പ്പുള്ള ആരുണ്ടെന്ന് ബിനോയ് വിശ്വം ചോദിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരനും പങ്കെടുത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം മറക്കരുതെന്ന് ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കുമെന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പറഞ്ഞയയ്ക്കുന്നവര്‍ ഗൗരവമേറിയ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. ബിജെപിക്കെതിരെയുള്ള സമരകേന്ദ്രം ബിജെപിക്ക് ആധിപത്യമുള്ള ഉത്തരേന്ത്യയാണോ അതോ കേരളമാണോയെന്ന് കോണ്‍ഗ്രസ് പറയട്ടെ. മുഖ്യഎതിരാളി ആര്‍എസ്എസും ബിജെപിയുമാണോ അതോ ഇടതുപക്ഷമാണോയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. നവകേരള സദസിലും ഡല്‍ഹി സമരത്തിലുമെല്ലാം കണ്ട കാര്യം ആ വിശ്വാസം ഉറപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി ഘടകങ്ങളെയും എല്ലാ അംഗങ്ങളെയും അനുഭാവികളെയും ഒറ്റക്കെട്ടായി അണിനിരത്താന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗങ്ങള്‍ ചേരും.
എല്ലാതരത്തിലും സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്. അര്‍ഹതപ്പെട്ട ഒരു വിഹിതവും തരാതെ, കടമെടുപ്പിന് പോലും അനുവാദം തരാതെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിശ്ചലമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നാം നമ്പര്‍ ശത്രുവായാണ് ബിജെപി സര്‍ക്കാര്‍ കാണുന്നത്. ഇടതുപക്ഷത്തിന്റെ ഭരണമുള്ള ഏക സര്‍ക്കാര്‍ കേരളത്തിലാണ്. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയം എന്നത് ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ പരാജയമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ എതിര്‍ക്കുന്നത്.
English Summary:BJP-Congress tie-up will be defeated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.