2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും സംഘ്പരിവാറിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരാന്‍ തുടങ്ങി. വിജയം അത്ര എളുപ്പമല്ല എന്ന് ഹിന്ദുത്വ ശക്തികളുടെ നേതൃത്വമായ ആര്‍എസ്എസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ഡിഎ മുന്നണി ദുര്‍ബലപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ അണ്ണാ ഡിഎംകെയും വേര്‍പിരിഞ്ഞു. പഞ്ചാബില്‍ അകാലിദളും ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയുമായുള്ള ബന്ധം നേരത്തെതന്നെ അവസാനിപ്പിച്ചു. നിതീഷ് കുമാര്‍ ഇന്ത്യാ സഖ്യ രൂപീകരണത്തില്‍ പങ്കുവഹിക്കുകയും ചെയ്തു. തങ്ങളുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാര്‍ നേതൃത്വം ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ വെറുതെ ഇരിക്കുകയല്ല ചെയ്യുന്നത്. പരിഹാരം കാണുന്നതിനായി നിരന്തരമായ ശ്രമങ്ങളും നടത്തുന്നുണ്ട്. അതെല്ലാം പരാജയപ്പെടുന്നതാണ് രാജ്യം കാണുന്നത്.
2014ല്‍ ആണ് നരേന്ദ്രമോഡി നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെ ജനദ്രോഹനയങ്ങളായിരുന്നു നരേന്ദ്രമോഡി അധികാരത്തില്‍ വരുന്നതിന് കാരണമായത്. വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിച്ച് ജനങ്ങളെ മോഹിപ്പിച്ച് വിജയിക്കുന്ന തന്ത്രമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി മുന്നില്‍ നിര്‍ത്തി നടപ്പിലാക്കിയത്. രണ്ടാം യുപിഎ ഗവണ്‍മെന്റിന്റെ നയങ്ങള്‍ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. അധികാരത്തില്‍ വന്നപ്പോള്‍ ഇതെല്ലാം വിസ്മരിക്കുകയായിരുന്നു. ആഗോള ദേശീയ ധനമൂലധന ശക്തികളുമായി കൈകോര്‍ത്ത് മുന്നോട്ടു പോകാനുള്ള നയങ്ങളാണ് നടപ്പിലാക്കിയത്. അമേരിക്ക നേതൃത്വം നല്‍കുന്ന സമ്പന്ന രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് അന്തര്‍ദേശീയ‑ദേശീയ ധനമൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും ഇതോടൊപ്പം ഹിന്ദു മുസ്ലിം ചേരിതിരിവ് സൃഷ്ടിച്ച് ഭൂരിപക്ഷ ഹിന്ദുജന വിഭാഗങ്ങളുടെ വോട്ട് ലഭിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രവും നടപ്പിലാക്കി.
2019ല്‍ അധികാരത്തില്‍ വന്നതിന് ശേഷം കൂടുതല്‍ ജനവിരുദ്ധമായ നടപടികള്‍ ആണ് രണ്ടാം മോഡി ഗവണ്‍മെന്റ് സ്വീകരിച്ചത്. ചങ്ങാത്ത മുതലാളിത്ത നയം കൂടുതല്‍ ശക്തമായി. ഇന്ത്യയുടെ പൊതുസമ്പത്ത് ആഗോള‑ദേശീയ ധനമൂലധന ശക്തികള്‍ക്ക് കൈമാറുന്ന നടപടികള്‍ സ്വീകരിച്ചു. വന്‍കിട മുതലാളിമാര്‍ക്ക് വാരിക്കോരി സഹായം നല്കി. ലോകത്തെ മുതലാളിത്ത രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പൊതുമേഖല ഇന്ത്യയില്‍ ആണ് ഉണ്ടായിരുന്നത്. 1947ന് ശേഷം ഇന്ത്യയില്‍ നടപ്പിലാക്കിയ നെഹ്രുവിയന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് പൊതുമേഖല വളര്‍ന്നുവന്നത്. അടിസ്ഥാന മേഖലകളിലെല്ലാം പൊതുമേഖല ശക്തമായിരുന്നു. ഉരുക്ക് ഖന വ്യവസായങ്ങള്‍, ഇന്‍ഷുറന്‍സ്-ധനകാര്യ‑ബാങ്കിങ് മേഖലകള്‍, ഊര്‍ജമേഖല, വ്യോമ, റെയില്‍-റോഡ് മേഖലകള്‍, ഖനനമേഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, രാജ്യരക്ഷാ വ്യവസായം തുടങ്ങി മര്‍മ്മ പ്രധാനമായ മേഖലകളില്‍ എല്ലാം നേതൃത്വപരമായ പങ്കുവഹിച്ചത്‍ പൊതുമേഖലയായിരുന്നു. നവഉദാരവല്‍ക്കരണ നയങ്ങള്‍ അതിവേഗതയില്‍ നടപ്പിലാക്കിയ മോഡി, ഈ മേഖലകള്‍ എല്ലാം മൂലധന ശക്തികള്‍ക്ക് കൈമാറ്റം ചെയ്തു. 140 കോടിയില്‍ അധികം ജനങ്ങളുള്ള ഇന്ത്യക്ക് സ്വന്തമായ ഒരു വിമാനംപോലും ഇല്ലാത്ത സാഹചര്യം നരേന്ദ്രമോഡി സൃഷ്ടിച്ചു.
ചങ്ങാത്ത മുതലാളിത്തത്തിന് നയത്തിന്റെ ഭാഗമായി ആഗോള‑ദേശീയ മൂലധനശക്തികള്‍ക്ക് നമ്മുടെ ബാങ്കിലെ പണം വാരിക്കോരി നല്കി, കിട്ടാക്കടമായി അതു പെരുകി. കിട്ടാക്കടമെന്ന് പ്രഖ്യാപിച്ച അതൊക്കെ എഴുതിത്തള്ളുകയാണ് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ എഴുതി തള്ളിയത് 15,31,453 കോടി രൂപയാണ്. എഴുതിത്തള്ളിയത് 90 ശതമാനവും ഇന്ത്യയിലെ വന്‍കിടക്കാരുടെ വായ്പകള്‍. സാധാരണ കര്‍ഷകര്‍ക്ക് പതിനായിരം രൂപ പൊതുമേഖലാ ബാങ്കില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സര്‍ഫാസി ആക്ട് ഉപയോഗിച്ച് അവരുടെ വീടും ഭൂമിയും കരസ്ഥമാക്കുന്നു. അത്തരം കടുംകൈ ചെയ്യാന്‍ മടി കാണിക്കാത്തവരാണ്, മൂലധന ശക്തികള്‍ക്ക് വായ്പയായി നല്‍കിയ പൊതു പണം കിട്ടാക്കടമായി എഴുതിത്തള്ളുന്നത്. ഇന്ത്യയിലെ വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത പണം തിരിച്ചെടുക്കുന്നതിനു പകരം അവരെ രക്ഷിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ 30,000ല്‍ അധികം വരുന്ന ഇടപാടുകളിലായി 2,20,000ല്‍ അധികം കോടി രൂപയുടെ തട്ടിപ്പുകള്‍ നടന്നതായി റിസര്‍വ് ബാങ്ക് തന്നെ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പൊതു സമ്പത്ത് കൊള്ളയടിക്കുന്നതിന് എല്ലാ സൗകര്യങ്ങളും നല്കുന്ന കേന്ദ്ര ഗവണ്‍മെന്റ് , ജനങ്ങള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണ്. ക്ഷേമരാഷ്ട്രം എന്ന നയം പൂര്‍ണമായും അവസാനിപ്പിച്ചു. പണം ഉള്ളവര്‍ക്ക് മാത്രം ജീവിതസൗകര്യങ്ങള്‍ മതി എന്നതാണ് നയം. ജനങ്ങള്‍ക്ക് നല്കേണ്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യത്തെ വരുമാനം കുറഞ്ഞ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ദുരിതത്തിലാണ്. കൃഷിക്കാര്‍, തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ഗ്രാമീണ ജനങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങള്‍ എല്ലാം വലിയ ദുരിതം ഇന്ന് അനുഭവിക്കുന്നു. മോഡി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നയങ്ങളാണ് തങ്ങളുടെ ദുരിതങ്ങള്‍ക്ക് കാരണം എന്ന തിരിച്ചറിവ് ശക്തിപ്പെട്ടുവരുന്നുണ്ട്. അതിശക്തമായ ജനകീയ സ്വരങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരികയാണ്. മോഡി ഗവണ്‍മെന്റിന്റെ തുടര്‍ച്ച 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഉണ്ടാകരുത് എന്ന് മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുവാന്‍ തുടങ്ങി. അതിന് ശക്തി പകരുന്നതാണ് ഇന്ത്യാ അലയന്‍സ്. ഇന്ത്യയിലെ മതേതര-ജനാധിപത്യ‑ദേശാഭിമാന ശക്തിയുടെ വിശാലമായ ഐക്യവേദിയാണത്.
ഇന്ത്യയിലെ മതേതര ജനാധിപത്യ ദേശാഭിമാന ശക്തികളും ഇടതുപക്ഷവും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിച്ചണിനിരക്കണമെന്ന് മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ സിപിഐ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ആ തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങി എന്നതാണ് ഏറ്റവും വേണ്ടപ്പെട്ട ഗുണപരമായ രാഷ്ട്രീയ മാറ്റം. 2019ല്‍ നടന്ന ലോക‌്‌സഭാ തെരഞ്ഞെടുപ്പില്‍ 38 ശതമാനത്തില്‍ താഴെ വോട്ടുമാത്രമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ലഭിച്ചത്. 62 ശതമാനം വോട്ടര്‍മാരും ബിജെപി മുന്നണിക്ക് എതിരായിരുന്നു. ജനവിരുദ്ധ നയങ്ങള്‍ കാരണം അവര്‍ ജനങ്ങളില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുകയാണ്. സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അതാണ് വ്യക്തമാകുന്നത്. കര്‍ണാടകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഉള്ള മിക്ക മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ബിജെപിയെ ഞെട്ടിച്ചു. യുപിയിലെ കിഴക്കന്‍ മേഖലയിലുള്ള ഘോസിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധാരാ സിങ് ചൗഹ്വാന്‍ 42,000ല്‍ അധികം വോട്ടിനാണ് പരാജയപ്പെട്ടത്.
സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് കൂറുമാറ്റിയാണ് ചൗഹാനെ ഘോസിയില്‍ താമര ചിഹ്നത്തില്‍ മത്സരിപ്പിച്ചത്. ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമാജ്‌വാദി പാര്‍ട്ടിയിലെ സുധാകര്‍ സിങ്ങിന്റെ വിജയം ഹിന്ദിഹൃദയഭൂമിയില്‍ വരുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യാ മുന്നണിക്ക് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടാകുക എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ വിഷയങ്ങളാണ്.
ഇന്ത്യയിലെ ജനങ്ങള്‍ മാറ്റത്തിനായി തയ്യാറെടുത്ത് രംഗത്തുവരികയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നികുതി, ഒറ്റ നേതാവ് ഒരു ഗവണ്‍മെന്റ്, ഒരു രാജ്യം ഒരു ഭാഷ ഇതെല്ലാം തങ്ങളെ വഞ്ചിക്കാനുള്ളതാണെന്ന് ജനങ്ങള്‍ മനസിലാക്കാന്‍ തുടങ്ങി. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും മരവിപ്പിച്ച് നിര്‍ത്തി ഏകാധിപത്യം നടപ്പിലാക്കുകയാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നു. മാധ്യമങ്ങളെയും അന്വേഷണ ഏജന്‍സികളെയും പാവകളാക്കി മാറ്റുകയാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തി തങ്ങളുടെ ദാസന്മാരാക്കി മാറ്റുന്നതാണ് രാജ്യം കാണുന്നത്. എഡിറ്റേഴ്സ് ഗില്‍ഡിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും ഒടുവില്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ കണ്ണു തുറപ്പിക്കുന്നതാണ്. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നത് രാജ്യത്ത് ഇരുട്ടാണ് ഉണ്ടാക്കുക എന്ന് ജനങ്ങള്‍ മനസിലാക്കാന്‍ തുടങ്ങി. പ്രതികരിക്കുന്നവരെ, നീതിക്കായി ശബ്ദിക്കുന്നവരെ, അനീതിക്കെതിരായി പോരടിക്കുന്നവരെ ഭരണകൂടം ഭീകരത സൃഷ്ടിച്ച് നിശബ്ദരാക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അതിനെതിരായി ഇന്ത്യയിലെ ജനങ്ങള്‍ ഉണരുകയാണ്, ശക്തമായി രംഗത്തുവരികയാണ്. ഇന്ത്യാ സഖ്യം അതാണ് വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.