ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ സഹകരണസംഘത്തിനെതിരേ നൽകിയ പരാതികളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. ഇന്ന് വരെ 15 കേസ് എടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. 95 ഓളം പേരാണ് ഇതുവരെ പരാതി നൽകിയത്. ഒരു ദിവസം നാലുപേരെ വീതം മൊഴിയെടുക്കാൻ വിളിക്കുന്നുണ്ട്. ആരോപണങ്ങൾ സാധൂകരിക്കുന്ന രേഖകളും തെളിവും ഹാജരാക്കുന്നവരുടെ പരാതികളാണ് രജിസ്റ്റർ ചെയ്യുന്നത്. തകരപ്പറമ്പ്, മണക്കാട്, കണ്ണമ്മുല, ശാസ്തമംഗലം എന്നിങ്ങനെ നാല് ശാഖകൾ ഉള്ള സംഘമാണ് തിരുവിതാംകൂർ. തകരപ്പറമ്പ് ശാഖയിലുള്ളവരാണ് പരാതിയുമായി രംഗത്തുവന്നത്. ഇവർക്കുമാത്രം 10 കോടിയോളം രൂപ തിരിച്ചുനൽകാനുണ്ട്. മറ്റ് ശാഖകളിലുൾപ്പെടെ 42 കോടിയുടെ അധികബാധ്യതയാണ് സംഘത്തിലുള്ളത്. ഇന്നലെ കണ്ണമ്മൂല ശാഖയിലെ 20 ഓളം നിക്ഷേപകർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ പരാതിക്കാരുടെ എണ്ണം 112 ആയി.
ഭരണസമിതിയുടെ ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് സഹകരണ ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നിക്ഷേപത്തുക നാലുവർഷത്തിനുള്ളിൽ തിരിച്ചുനൽകുമെന്നും മുൻ പ്രസിഡന്റ് എം എസ് കുമാറിന്റെ വാദം. മൂന്നു കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും എന്നാണ് സൂചന. തിരുവിതാംകൂർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് ഫോർട്ട് പൊലീസ് നല്‍കും. മൂന്നുകോടിവരെയുള്ള സാമ്പത്തിക ക്രമക്കേടുകൾ മാത്രമേ പൊലീസിന് അന്വേഷിക്കാനാകൂ. തിരുവിതാംകൂർ സംഘത്തിൽ 10 കോടിയുടെ ക്രമക്കേട് നടന്നതായാണ് ഇതുവരെയുള്ള കണ്ടെത്തൽ. തുടർന്നാണ് ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് കൈമാറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.