20 January 2026, Tuesday

Related news

January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

മണിപ്പൂരില്‍ ബിജെപി നടപ്പാക്കുന്നത് ഭിന്നിപ്പിക്കല്‍ അജണ്ട: ഇടത് എംപിമാര്‍

Janayugom Webdesk
ഇംഫാൽ
July 7, 2023 9:41 pm

മണിപ്പൂരി ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും അക്രമത്തിന് ഇരയായവരുടെ ദുഃഖത്തിൽ പങ്കുചേരാനും ഇടതുപക്ഷ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനം രണ്ടാംദിവസവും തുടര്‍ന്നു. ഇന്നലെ വൈകിട്ട് സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ അനസൂയ ഉയ്‌കെയുമായി കൂടിക്കാഴ്ച നടത്തി. സമാധാനം കൈവരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ പരിഹാരം തേടണമെന്ന് സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു.
സിപിഐയുടെ മൂന്നും സിപിഐഎമ്മിന്റെ രണ്ടും എംപിമാരടങ്ങുന്ന പ്രതിനിധി സംഘമാണ് ബിജെപിയുടെ വെറുപ്പിന്റെയും കലഹത്തിന്റെയും ‘ഇരട്ട എഞ്ചിൻ’ പ്രഹരമേല്പിച്ച മണിപ്പൂരി ജനതയ്ക്കൊപ്പം ചേര്‍ന്നത്. രാജ്യസഭാ എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ, ലോക്‌സഭാ എം പി കെ സുബ്ബരായൻ എന്നിവരാണ് സംഘത്തിലെ സിപിഐ അംഗങ്ങൾ. രാജ്യസഭാ എംപിമാരായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ജോൺ ബ്രിട്ടാസുമാണ് സിപിഐ(എം)നെ പ്രതിനിധീകരിക്കുന്നത്.
ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള ഒന്നിലധികം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ഇടതുനേതാക്കള്‍, ഇരകളുമായി സംവദിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ‘മണിപ്പൂരി ജനത സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ജീവിക്കാൻ നിർബന്ധിതരാകുകയാണെ‘ന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതി നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് പി സന്തോഷ് കുമാര്‍ പറഞ്ഞു. ‘അതിർത്തികൾ നിയന്ത്രിക്കുന്നതടക്കം മണിപ്പൂരിലെ എല്ലാ മേഖലകളിലും മോഡി സർക്കാർ പരാജയപ്പെട്ടു. ജീവനും സ്വത്തുക്കളും നഷ്‌ടമായതിന്റെ വ്യാപ്തിയെക്കുറിച്ച് ഭരണകൂടത്തിന് യാതൊരു ധാരണയുമില്ല’, സന്തോഷ് കുമാര്‍ പറഞ്ഞു. മണിപ്പൂരി ജനതയിൽ ആർഎസ്എസ് നടപ്പാക്കുന്നത് ഭിന്നിപ്പിക്കൽ അജണ്ടയാണെന്ന് ലോക് സഭാംഗം കെ സുബ്ബരായന്‍ പ്രതികരിച്ചു.
അഞ്ച് എംപിമാരും വിവിധ സമുദായങ്ങളിലെ ജനങ്ങളെയും നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തി. സമാധാന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്‍കാനായി പ്രതിനിധി സംഘം ചുരാചന്ദ്പൂർ സന്ദർശിക്കും. എംപിമാരോടൊപ്പം മണിപ്പൂരിലെ പാര്‍ട്ടി നേതാക്കളും സ്ദര്‍ശനത്തില്‍ മണിപ്പൂർ ഗവർണറെയും സന്ദർശിക്കും.

eng­lish sum­ma­ry; BJP imple­ment­ing divi­sive agen­da in Manipur: Left MPs

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.