26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 22, 2025
April 21, 2025
April 21, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 19, 2025

ഡല്‍ഹിയിലും ബിജെപി തമ്മിലടി; മുഖ്യമന്ത്രി തീരുമാനമായില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2025 9:05 pm

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിജയം നേടി ഒരാഴ‍്ച പിന്നിട്ടിട്ടും നേതാക്കളുടെ തമ്മിലടി കാരണം മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. തര്‍ക്കം മുറുകിയതോടെ പ്രധാനമന്ത്രി അമേരിക്കയില്‍ നിന്ന് വരട്ടെ എന്നുപറഞ്ഞ് തല്‍ക്കാലം തടിതപ്പുകയാണ് നേതൃത്വം. കാല്‍ നൂറ്റാണ്ടിന് ശേഷം വലിയ വിജയത്തോടെ ഡല്‍ഹി ഭരണം പിടിച്ചെടുത്തിട്ടും പാര്‍ട്ടിയിലെ അധികാര വടംവലിയില്‍ വലയുകയാണ് ബിജെപി. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്‍രിവാളിനെ മുട്ടുകുത്തിച്ച പര്‍വേഷ് വര്‍മ്മയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുന്നു. അതിനെ എതിര്‍ത്ത് മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
ആര്‍എസ്എസ് ബന്ധമുള്ള പവന്‍ ശര്‍മ്മ, കപില്‍ മിശ്ര എന്നിവരെ മുഖ്യമന്ത്രിയാക്കണമെന്ന് സംഘം ശുപാര്‍ശ ചെയ്തതായി അറിയുന്നു. പവന്‍ ശര്‍മ്മയുടെ പിതാവ് ആര്‍ ഡി ശര്‍മ്മ ആര്‍എസ്എസുകാരനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട്. 

കപില്‍മിശ്ര ഡല്‍ഹി കലാപകാലത്താണ് ശ്രദ്ധേയായത്. ആംആദ്മി പാര്‍ട്ടിയിലൂടെയാണ് രാഷ‍്ട്രീയത്തിലെത്തിയത്. ജലവിഭവ മന്ത്രിയായിരുന്നു. പാര്‍ട്ടിയുമായുള്ള ഭിന്നത കാരണം സ്ഥാനത്തുനിന്ന് നീക്കി. അതോടെ കെജ്‍രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തി, ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ യുവാക്കള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും ഇടയില്‍ നല്ല സ്വാധീനമുള്ളയാളാണ്. വകുപ്പ് വിഭജനത്തെ ചൊല്ലിയും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. മോഡി മടങ്ങിയെത്തിയ ശേഷം ജവഹര്‍ലാല്‍ നെഹ്രു സ‍്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നാണ് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നത്. യമുനാ തീരത്തോ, രാംലീലാ മൈതാനത്തോ ബദല്‍ വേദികള്‍ പരിഗണിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യം നേതാക്കള്‍ മിണ്ടുന്നില്ല.

അതേസമയം ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അതിഷി ആരോപിച്ചു. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ‍്ദാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപിക്ക് ഉദ്ദേശമില്ലെന്നും അതുകൊണ്ടാണ് ആംആദ്മി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഖജനാവില്‍ പണമില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. 2014–15ല്‍ സംസ്ഥാന ബജറ്റ് 31,000 കോടിയായിരുന്നത് 2024–25ല്‍ 77,000 കോടിയായി ഉയര്‍ന്നെന്നും അവര്‍ വ്യക്തമാക്കി. 10 കൊല്ലത്തിനിടെ ബജറ്റ് 2.5 മടങ്ങ് വര്‍ധിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്ത കടം പോലും ആംആദ്മി സര്‍ക്കാര്‍ തിരിച്ചടച്ചെന്നും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.