18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് തയ്യാറെടുത്ത് ബിജെപി

Janayugom Webdesk
ബംഗളൂരു
May 11, 2023 10:07 pm

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ‌പൂര്‍ത്തിയായതിനു പിന്നാലെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇക്കുറിയും ബിജെപിയുടെ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്ന് ഉറപ്പാക്കുന്നു. ബഹുഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അപൂര്‍വം ഫലങ്ങള്‍ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇത് 2018ന് സമാനമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. 2018ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 76, ജെഡിഎസിന് 37 സീറ്റുകളായിരുന്നു ലഭിച്ചത്. ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ ബിജെപി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ കുതിരക്കച്ചടത്തിലൂടെ ഭൂരിപക്ഷം നേടാമെന്ന കണക്കുകൂട്ടല്‍ നടക്കാത്തതിനാല്‍ വൈകാതെ രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.

മൂന്ന് സ്വതന്ത്ര എംഎല്‍എമാരെയും ഒപ്പം കൂട്ടി. പക്ഷെ ഒരു വര്‍ഷം തികയും മുമ്പ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 17 എംഎല്‍എമാരെ നഷ്ടമായി. ഇവര്‍ ബിജെപിക്കൊപ്പം നിന്നതോടെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഈയവസ്ഥ ഉണ്ടാകരുതെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഒറ്റയ്ക്ക് 130 സീറ്റ് നേടണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. 2018ലെ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് ശതമാനം അല്പം ഉയര്‍ന്നതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കുകള്‍ പറയുന്നത്. തെക്കേ ഇന്ത്യയിലെ തങ്ങളുടെ ഏക പിടിവള്ളിയായ കർണാടകയിൽ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്ന് സർവേ വിദഗ്ധർ പ്രവചിക്കുമ്പോള്‍ ബിജെപി അണിയറനീക്കം തുടങ്ങുമെന്നുറപ്പാണ്. 38 വർഷത്തിനിടെ ഭരണകക്ഷിയെ അധികാരത്തിലെത്തിച്ചിട്ടില്ലാത്ത ചരിത്രം തിരുത്താന്‍ ശ്രമിക്കുമ്പോൾ, അത്യന്താപേക്ഷിതമായ ഒരു വിജയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ (സെക്കുലർ)സർക്കാർ രൂപീകരണത്തില്‍ നിര്‍ണായകമാകാനും സാധ്യതയുണ്ട്.

അവര്‍ക്ക് 20ലേറെ സീറ്റുകള്‍ ഉറപ്പാണെന്ന് സര്‍വേകളെല്ലാം പറയുന്നു. പഞ്ചാബിലും ഡൽഹിയിലും ഭരണത്തിലുള്ള ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെങ്കിലും വലിയ നേട്ടം പ്രതീക്ഷിക്കുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ശക്തമാകുമോ എന്നതിന്റെ വിലയിരുത്തലാകും നാളെ പുറത്തുവരുന്ന കര്‍ണാടക ഫലം. ബിജെപി ദക്ഷിണേന്ത്യയില്‍ എത്രമാത്രം വളര്‍ച്ചനേടുമെന്നും ഫലം തെളിയിക്കും. അതുകൊണ്ടാണ് അവരുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ തന്റെ എല്ലാ ശ്രമങ്ങളും നടത്തിയത്. അദ്ദേഹത്തിന്റെ പ്രചരണം അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചുവെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഏതുമാര്‍ഗത്തിലൂടെയും അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുമെന്നുറപ്പ്.

കര്‍ണാടക ഫലം മേയ് 13ന് 

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 72.67 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. 2018ലെ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതലാണിത്. കഴിഞ്ഞതവണ 72.44 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് അവസാനിച്ചിരുന്നു. ഏതാനും അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് കമ്മിഷന്‍ പറഞ്ഞു. ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് കൂടിയ പോളിങ് രേഖപ്പെടുത്തിയത്, 85.83 ശതമാനം. വര്‍ഗീയ സംഘര്‍ഷവും പ്രതികാര കൊലകളും റിപ്പോര്‍ട്ട് ചെയ്തിരുന്ന ദക്ഷിണ കന്നഡയിലും പോളിങ് ശതമാനം കൂടുതലാണ്. 58,545 പോളിങ് സ്റ്റേഷനുകളിൽ ഒന്നിലും റീപോളിങ് വേണ്ടിവരില്ലെന്നും കമ്മിഷൻ പറഞ്ഞു. നാളെയാണ് വോട്ടെണ്ണല്‍.

eng­lish summary;BJP is prepar­ing for horse trad­ing in Karnataka

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.