19 December 2025, Friday

Related news

December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

നേതാക്കളെക്കൊണ്ട് പൊറുതിമുട്ടി ബിജെപി

ബേബി ആലുവ
കൊച്ചി
May 31, 2025 10:41 pm

‘ആളാ‘കാൻ മത്സരിക്കുന്ന നേതാക്കളുടെ പ്രവൃത്തികൾ മൂലം പൊറുതിമുട്ടി ബിജെപി. പൊതുവിഷയങ്ങളിൽ അംഗങ്ങളുടെ ഇടപെടലുകള്‍ക്ക് കർശന വിലക്കേർപ്പെടുത്തി ഗതികേടിൽ നിന്ന് കരകയറാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍. ഇതിന്റെ ഭാഗമായി, മുൻകൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും പൊതുവിഷയങ്ങളിൽ നിയമ നടപടികള്‍ക്കും അന്വേഷണ ഏജൻസികൾക്ക് പരാതി നൽകാനും പ്രസ്താവന ഇറക്കാനും പാടില്ലെന്ന കർശന വിലക്കാണ് സർക്കുലർ വഴി ബിജെപി നൽകിയിരിക്കുന്നത്. 

വക്താക്കളോ പാർട്ടി ചുമതലപ്പെടുത്തിയ മീഡിയ പാനലിൽ ഉള്ളവരോ അല്ലാതെ മറ്റാരും സംസ്ഥാന അധ്യക്ഷൻ, മീഡിയാ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പൊതു വിഷയങ്ങളിൽ പ്രതികരിക്കരുതെന്നും അഭിമുഖം നൽകരുതെന്നും ചർച്ചയിൽ പങ്കെടുക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി സുധീറിന്റെ പേരിലുള്ള കത്തില്‍ നിർദേശിക്കുന്നുണ്ട്. 

പാലക്കാട് നഗരസഭാംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനി, റാപ് ഗായകൻ വേടനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും എൻഐഎയ്ക്കും പരാതി നൽകി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവത്തിന് പിന്നാലെയാണ് വിലക്ക്. 

നാല് വർഷത്തിന് മുമ്പ് പുറത്തിറങ്ങിയ ആൽബത്തിലെ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീർത്തിപ്പെടുത്താൻ റാപ്പർ വേടൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിനും എൻഐഎയ്ക്കും വനിതാ കൗൺസിലർ പരാതി നൽകിയത്. ഇതേത്തുടർന്ന്, പൊതുസമൂഹത്തിൽ നിന്ന് നിശിത വിമർശനമാണുയർന്നത്. ഇതാണ് സർക്കുലറിന് കാരണമെന്ന് തോന്നുമെങ്കിലും, പി സി ജോർജ് അടക്കമുള്ള ചില നേതാക്കളുടെ ഇടപെടലുകളിൽ ഗതിമുട്ടിയാണ് അറ്റകൈ പ്രയോഗമെന്ന വർത്തമാനം ബിജെപിയിലും പുറത്തും സജീവമാണ്. 

ടെലിവിഷൻ ചാനൽ ചർച്ചയിൽ സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്നവിധം പ്രസ്താവനകൾ നടത്തുകയും ജബൽപൂരിൽ ക്രിസ്ത്യൻ വൈദികനെ ആക്രമിച്ച ബജ്റംഗ്‌ദളിനെ ന്യായീകരിക്കാൻ ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടി കൊള്ളുമെന്ന് പറയുകയും ചെയ്ത് പി സി ജോർജ് ബിജെപിയെ വെട്ടിലാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.