4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 3, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024

ചരിത്രനിഷേധവും അഗ്നിപഥും: ബിജെപി-ജെഡിയു ബന്ധം ഉലയുന്നു

Janayugom Webdesk
June 19, 2022 10:17 pm

പാഠപുസ്തക പരിഷ്കരണത്തിന്റെ പേരിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ബിജെപി ശ്രമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച സഖ്യകക്ഷിയായ ജെഡിയു അഗ്നിപഥിനെതിരെ പരസ്യമായി രംഗത്ത്. അഗ്നിപഥിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് കേന്ദ്രത്തോട് ജെഡിയു ആവശ്യപ്പെട്ടിരുന്നു. മാസങ്ങളായി ഉലഞ്ഞുനിൽക്കുന്ന ജെഡിയു–ബിജെപി ബന്ധം ഇതോടെ കൂടുതൽ വഷളായി. യുവാക്കൾക്ക് പദ്ധതിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും ജെഡിയു ദേശീയ പ്രസിഡന്റുമായ രാജീവ് രഞ്ജൻ സിങ് പറഞ്ഞു. അഗ്നിപഥിൽ വീണ്ടുവിചാരം വേണമെന്ന് പാർട്ടി വക്താവ് നിഖിൽ മണ്ഡലും ആവശ്യമുന്നയിച്ചു. അതേസമയം പ്രതിഷേധക്കാർ ബിജെപി ഓഫീസുകൾ ആക്രമിച്ചപ്പോൾ പൊലീസ് നോക്കി നിൽക്കുകയായിരുന്നു എന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം തടയാൻ പൊലീസിനോട് വെടിവയ്ക്കാൻ ഉത്തരവിടാത്തത് എന്താണെന്നായിരുന്നു രാജീവ് രഞ്ജൻ സിങ് തിരിച്ച് ചോദിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാർ നവാഡ, മധുബനി, മധേപുര എന്നിവിടങ്ങളിലെ ബിജെപി ഓഫീസുകളും നേതാക്കളായ ജയ്സ്വാൾ, ഉപമുഖ്യമന്ത്രി രേണു ദേവി, സി എൻ ഗുപ്ത എംഎൽഎ തുടങ്ങിയവരുടെ വീടുകളും ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ജയ്സ്വാൾ പൊലീസിനെതിരെ രംഗത്തെത്തിയത്. മധേപുരയിലെ ബിജെപി ഓഫീസിന് സമീപം 300 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു, എന്നിട്ടും പാർട്ടി ഓഫീസ് തകർത്തപ്പോൾ അവർ കാഴ്ചക്കാരായി തുടർന്നു എന്നാണ് സഞ്ജയ് ജയ്സ്വാൾ പറഞ്ഞത്. ബിജെപിയുടെ നവാഡ ഓഫീസ് തകർക്കുമ്പോഴും പൊലീസുകാരുണ്ടായിരുന്നു. 

നേരത്തെ പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയും ജെഡിയു രംഗത്തെത്തിയിരുന്നു. ‘ചരിത്രം ചരിത്രമാണ്, അത് തിരുത്താനോ മാറ്റിയെഴുതാനോ കഴിയില്ല. നടന്ന സംഭവങ്ങൾ, അത് നല്ലതോ ചീത്തയോ ആവട്ടെ, മാറ്റാൻ കഴിയില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്- ജെഡിയു ദേശീയ വക്താവും മുൻ രാജ്യസഭാ എംപിയുമായ കെ സി ത്യാഗി പറഞ്ഞു. അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു നേതാവിന്റെ വാക്കുകള്‍. ജാതി സെൻസസിലും ജനസംഖ്യാ നിയന്ത്രണനിയമത്തിലും ബിജെപിയെ ജെഡിയു വെട്ടിലാക്കിയിരുന്നു. എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ജെഡിയുവിനെ പ്രകോപിപ്പിക്കരുതെന്ന് നേതാക്കൾക്ക് ബിജെപി കേന്ദ്രനേതൃത്വം ശക്തമായ നിർദേശം നൽകി. എങ്കിലും ബിജെപിക്ക് പിന്തുണ നൽകുമെന്ന് നിതീഷ് ഉറപ്പു നൽകിയിട്ടില്ല. 

Eng­lish Summary:BJP-JDU rela­tion­ship is strained
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.