5 March 2026, Thursday

Related news

March 4, 2026
March 1, 2026
February 27, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026

ആര്‍എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വം പ്രതിക്കൂട്ടില്‍

ആനന്ദ് സജീവ സംഘ് പരിവാര്‍ പ്രവര്‍ത്തകനാണെന്നു തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് 
Janayugom Webdesk
തിരുവനന്തപുരം
November 16, 2025 12:25 pm

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആന്ദിന്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വം പ്രതിക്കൂട്ടില്‍. ആനന്ദിന്റെ മാനസിക സമ്മര്‍ദ്ദം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.ആനന്ദ് സജീവ സംഘ്പരിവാര്‍ പ്രവര്‍ത്തകനാണെന്നു തെളിക്കുന്ന കൂടുതല്‍ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട് . പ്രസ്ഥാനത്തിനുവേണ്ടി രണ്ടു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ബിജെപിയും, ആര്‍എസ്എസും ചെയ്തത് കണ്ടോ എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത്. 

ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു. സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലർക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാൻ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും. ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്ത് തീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്. എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ..എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽ വെച്ച് വീട്ടിൽ പോയിട്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല ഫോൺ സംഭാഷണത്തിൽ ആനന്ദ് സുഹൃത്തിനോട് പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിന്റെ പുറകിലെ ഷെഡില്‍ ആനന്ദ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി കേസന്വേഷണം ആരംഭിച്ചുണ്ട്. ആരേയും ഇതുവരെ പ്രതി ചേർത്തിട്ടില്ല. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ ചലരുടെ പേരുകൾ പരാമർശിക്കുന്നുണ്ട്. കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ താത്‌പര്യം പ്രകടിപ്പിച്ച് നേരത്തേ ആനന്ദ് നേതൃത്വത്തെ കണ്ടിരുന്നു. എന്നാൽ, ബിജെപി ഇവിടെ മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ച് സുഹൃത്തുകൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദിന്‍റെ ആത്മഹത്യ.

സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകർ മാനസിക സമ്മർദത്തിലാക്കിയെന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം, ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമാണ് ബിജെപിയുടെ വിശദീകരണം അദ്ദേഹം പാര്‍ട്ടിയിലും സജീവ പ്രവര്‍ത്തകന്‍ അല്ലെന്നും ബിജെപി നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ, ആനന്ദ് സംഘ് പരിവാറിന്റെ സജീവ പ്രവർത്തകനായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയിൽ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുതിർന്ന സംഘ് പരിവാർ നേതാക്കൾ വേദിയിലിരിക്കെയാണ് ആനന്ദ് പ്രസംഗിക്കുന്നത്. നേതൃത്വത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞമാസം ജീവനൊടുക്കിയ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ബന്ധു കൂടിയാണ് ആനന്ദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.