
പേരാമ്പ്രയിൽ പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ നടപടി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ അനുയായികളായ ബിജെപി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കോഴ വാങ്ങിയ വിഷയത്തെച്ചൊല്ലി ആർ എസ് എസ് പ്രവർത്തകർ ബിജെപി യോഗം കയ്യേറിയിരുന്നു. പ്രശ്നമുണ്ടാക്കിയത് സാമൂഹ്യ വിരുദ്ധരാണെന്ന വാദമായിരുന്നു ജില്ലാ നേതൃത്വം ഉയർത്തിയിരുന്നത്. എന്നാൽ ഗത്യന്തരമില്ലാതെ ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കോർ കമ്മിറ്റി നടപടി സ്വീകരിക്കുകയായിരുന്നു. പെട്രോൾ പമ്പുടമയായ പ്രജീഷ് പാർട്ടി നേതാക്കൾക്കെതിരെ ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി പത്തിന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി യോഗത്തിലേക്ക് അതിക്രമിച്ച് കയറി വന്ന് ബഹളമുണ്ടാക്കിയവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് മാറ്റി നിർത്തുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ യോഗം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു.
ആർ എസ് എസ് പ്രവർത്തകനും മുൻ ബിജെപി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾ ഒരു ലക്ഷത്തോളം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. പമ്പ് നിർമ്മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രാദേശിക പ്രതിഷേധം പരിഹരിക്കാമെന്ന് പറഞ്ഞായിരുന്നു ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേർന്ന് പ്രജീഷിൽ നിന്നും പണം വാങ്ങിയത്.
വീണ്ടും ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് നേതാക്കൾ സമീപിക്കുകയായിരുന്നു. ഉടമ ഈ ആവശ്യം നിരസിച്ചതോടെ പമ്പ് നിർമ്മാണം നേതാക്കളിടപെട്ട് തടഞ്ഞതായാണ് പരാതി. നേതാക്കൾ കുറ്റ്യാടിയിലുള്ള പെട്രോൾ പമ്പിലെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളും പ്രജീഷിന്റെ ശബ്ദ രേഖയും പുറത്ത് വന്നിരുന്നു. തുടർന്നാണ് ആർ എസ് എസ് പ്രവർത്തകർ കോഴ ആരോപണം നേരിടുന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലെത്തി അക്രമം അഴിച്ചുവിട്ടത്. ഇതേ സമയം പണപ്പിരിവിൽ ആരോപണം നേരിടുന്ന മണ്ഡലം പ്രസിഡന്റിനെയും ജില്ലാ ജനറൽ സെക്രട്ടറിയെയും സംരക്ഷിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നതെന്ന് പാർട്ടിക്കുള്ളിൽ ആക്ഷേപം ഉയരുന്നുണ്ട്. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ടി പി ജയചന്ദ്രൻ, കെ നാരായണ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
English Summary: bjp local leaders suspended in perambra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.