25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024

വര്‍ഗീയതയും വിദ്വേഷവും ആളിക്കത്തിച്ചിട്ടും ഝാര്‍ഖണ്ഡില്‍ ബിജെപി തോറ്റു തുന്നംപാടി

Janayugom Webdesk
റാഞ്ചി
November 23, 2024 11:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ്മ എന്നിവര്‍ കടുത്ത വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചിട്ടും ഝാര്‍ഖണ്ഡില്‍ തോറ്റുതുന്നംപാടി ബിജെപി. ആദിവാസി ഭൂരിപക്ഷ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്ത ബിജെപി, പകരം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും ഹേമന്ത് സൊരേന്‍ ഭരണത്തിലെ അഴിമതിയുമായിരുന്നു പ്രചരിപ്പിച്ചത്.

200ലധികം റാലികളാണ് ബിജെപി നടത്തിയത്. തലസ്ഥാനമായ റാഞ്ചിയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനായി മെഗാ റോഡ്ഷോകളും നടത്തി. ബംഗ്ലാദേശില്‍ നിന്നെത്തിയ മുസ്ലിങ്ങള്‍ ആദിവാസികളെ വിവാഹം കഴിക്കുകയും അതുവഴി തദ്ദേശീയ ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്ന് ഹിമന്തബിശ്വ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ കല്യാണം കഴിച്ച ആദിവാസി സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന പ്രഖ്യാപനവും നടത്തി.
അതേസമയം അതിര്‍ത്തി സംരക്ഷണം അമിത്ഷായുടെ കീഴിലുള്ള ബിഎസ്എഫിനാണെന്ന് ഹേമന്ത് സൊരേന്‍ തിരിച്ചടിച്ചു. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും നിലവില്‍ വനിതകള്‍ക്ക് മാസന്തോറും നല്‍കുന്ന 1,000 രൂപ 2,500 ആക്കുമെന്ന ഉറപ്പും നല്‍കി. പ്രചരണത്തില്‍ ആദിവാസി മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടണമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ചെങ്കിലും ദേശീയനേതൃത്വം അതിന് വഴങ്ങിയില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ അവഗണിച്ച് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് സീറ്റ് നല്‍കിയതും തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറ്റിങ് എംഎല്‍എ കേദാര്‍ ഹസ്രയും മുന്‍ മന്ത്രി ലൂയിസ് മറാണ്ഡിയും ജെഎംഎമ്മില്‍ ചേര്‍ന്നതും വിനയായി. ജെഎംഎമ്മില്‍ നിന്ന് സീത സൊരേന്‍, ചമ്പയ് സൊരേന്‍ എന്നിവരെ മറുകണ്ടം ചാടിച്ചെങ്കിലും ഗുണം ചെയ‍്തില്ല.

ജനകീയവിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ബാഗീഷ് ചന്ദ്രവര്‍മ്മ പറഞ്ഞു. ജെഎംഎം പരമ്പരാഗത വോട്ട് ബാങ്കായ ഗോത്രവിഭാഗം, മുസ്ലിങ്ങള്‍, ക്രൈസ്തവര്‍, സ്ത്രീകള്‍ എന്നിവരെ ചേര്‍ത്തുനിര്‍ത്തിയെന്നും റാഞ്ചി സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയായ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മൊത്തം 81 മണ്ഡലങ്ങളില്‍ 68ലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.