മണിപ്പൂര്‍ വംശീയ കലാപം സര്‍ക്കാര്‍ സ്പോണ്‍സേഡ് ആയിരുന്നുവെന്ന വെളിപ്പെടുത്തലില്‍ ബിരേന്‍ സിങ് സര്‍ക്കാര്‍ ആടിയുലയുന്നു. കുക്കി വംശഹത്യക്ക് ഒത്താശ ചെയ്തതായും മെയ്തി വിഭാഗത്തെ സര്‍ക്കാര്‍ സംരക്ഷിച്ചതായുമുള്ള മുഖ്യമന്ത്രിയുടെ രഹസ്യസംഭാഷണം പുറത്തുവന്നതിന് പിന്നാലെ ബിരേന്‍ സിങ്ങിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തി. ഒമ്പത് ബിജെപി അംഗങ്ങളുള്‍പ്പെടെ 10 കുക്കി-സോ വിഭാഗം എംഎല്‍എമാരാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.
2023 മേയ് മൂന്നിനാണ് സംസ്ഥാനത്ത് കുക്കി-മെയ്തി വംശീയകലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെയ്തി വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രിയുടെ തന്നെ വെളിപ്പെടുത്തല്‍ ‘ദി വയര്‍’ ആണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന റിട്ട. ജസ്റ്റിസ് അജയ് ലാംബ കമ്മിഷന് മുന്നില്‍ ലഭിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് റെക്കോഡ് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്.
കലാപത്തില്‍ താന്‍ മെയ്തി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായി ബിരേന്‍ സിങ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു. കലാപം കൊടുമ്പിരിക്കൊണ്ട കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ 51 എംഎം മോര്‍ട്ടാര്‍ ബോംബുകള്‍, മാരകമായ വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം എന്നിവയെക്കുറിച്ച് അറിവ് ലഭിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ താന്‍ മൗനം പാലിച്ചതായി മുഖ്യമന്ത്രി പറയുന്നു. പൊലീസിന്റെ സംഭരണ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കവര്‍ന്ന മെയ്തി സംഘത്തെ സംരക്ഷിച്ചതും സംഭാഷണത്തിലുണ്ട്. ഈ സംഭവത്തില്‍ ആരും അറസ്റ്റിലാകില്ലെന്ന് മെയ്തി സംഘടനകള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നു. കുക്കി വനിതകളെ തെരുവില്‍ നഗ്നരായി പ്രദര്‍ശിപ്പിച്ച വിവാദ സംഭവത്തിലും ശക്തമായ നടപടി സ്വീകരിക്കാന്‍ മുതിരില്ലെന്ന് ബിരേന്‍ സിങ് ഉറപ്പ് നല്‍കുന്നുണ്ട്.
300 ഓളം പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തില്‍ മുഖ്യമന്ത്രിയുടെ സംശയകരമായ നിലപാട് ആദ്യം മുതല്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കലാപം അടിച്ചമര്‍ത്താനോ, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ബിജെപി സര്‍ക്കാര്‍ ശ്രമിക്കാത്തതിനെ പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം 2023 മേയ് അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം തള്ളിയ അമിത് ഷാ ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതേസമയം ഒരു ഗോത്രവിഭാഗത്തെ തുടച്ചുനീക്കാനുള്ള ശ്രമത്തില്‍ ബിജെപി സര്‍ക്കാര്‍ പങ്കാളിയായെന്ന വിവരമാണ് ശബ്ദസന്ദേശം പുറത്തുവന്നപ്പോള്‍ വ്യക്തമായതെന്ന് കുക്കി-സോ വിഭാഗം എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷം രൂക്ഷമായതിന് ശേഷം 10 എംഎല്‍എമാരും നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.