9 December 2025, Tuesday

Related news

November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025
September 23, 2025

മോഡീസ്തുതിയുമായി ബിജെപി രാഷ്ട്രീയ പ്രമേയം; കര്‍ഷകരെ മറന്നു, നോട്ടുനിരോധനം പരാമര്‍ശിച്ചില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2024 10:50 pm

ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച പ്രമേയം മോഡീസ്തുതി കൊണ്ട് നിറഞ്ഞപ്പോള്‍ കര്‍ഷകരെയും മണിപ്പൂരിനെയും പൂര്‍ണമായും മറന്നു. ചന്ദ്രയാന്‍ ദൗത്യം മോഡിയുടെ നേട്ടമായി അവകാശപ്പെടുന്ന പ്രമേയത്തില്‍ നോട്ടുനിരോധനമെന്ന പരാമര്‍ശം പോലുമില്ല. തുടക്കം മുതല്‍ അവസാനം വരെ മോഡിക്ക് ജയ് വിളിച്ചുകൊണ്ട് നടന്ന യോഗത്തില്‍ അംഗീകരിച്ച പതിനൊന്നര പേജ് പ്രമേയത്തില്‍ 84 ഇടങ്ങളിലാണ് മോഡീ പ്രകീര്‍ത്തനങ്ങളുള്ളത്. ഓരോ അധ്യായവും അവസാനിക്കുന്നത് ഈ നേട്ടത്തിന് കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നു എന്നാണ്. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ മുഴുവന്‍ അംഗീകാരവും നരേന്ദ്ര മോഡിക്ക് ചാര്‍ത്തി നല്‍കിയ പ്രമേയം എല്‍ കെ അഡ്വാനിയുടെ സംഭാവനകള്‍ പൂര്‍ണമായും അവഗണിച്ചു. ഇത്തവണ ഭാരത രത്ന നല്‍കിയവരെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് അഡ്വാനിയെ കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനായുള്ള പോരാട്ടത്തെ നയിച്ചു എന്ന നിലയിലാണ്. ഒരു വാക്കില്‍പോലും രാമക്ഷേത്രത്തിന്റെ അംഗീകാരം അഡ്വാനിക്ക് പോകാതിരിക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചിരിക്കുന്നു. 

കര്‍ഷകക്ഷേമത്തെ കുറിച്ചുള്ള ഖണ്ഡികയില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സ്വന്തം വാഗ്ദാനം പാടെ മറന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രമേയത്തില്‍ 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. 2019 ഏപ്രിലില്‍ നരേന്ദ്ര മോഡി പുറത്തിറക്കിയ ബിജെപി പ്രകടന പത്രികയിലും ഇക്കാര്യമുണ്ടായിരന്നു. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കലും എല്ലാവർക്കും പാർപ്പിടവും എന്ന അത്യധികം അഭിനിവേശമുള്ള രണ്ട് പ്രതിബദ്ധതകളുണ്ട് എനിക്ക് രാജ്യത്തോട് എന്നായിരുന്നു പ്രകടന പത്രിക അവതരിപ്പിച്ച് മോഡി പ്രസ്താവിച്ചിരുന്നത്. നിങ്ങളുടെ പിന്തുണയോടെ, രണ്ടും സംഭവിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുന്ന പ്രമേയം 2020–21 വര്‍ഷം രാജ്യം കണ്ട അഭൂതപൂര്‍വമായ കര്‍ഷക സമരം, അത് അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍, അവ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തേക്ക് വീണ്ടും പ്രക്ഷോഭവുമായെത്തിയ കര്‍ഷകര്‍ എന്നിവയെ കുറിച്ച് മിണ്ടുന്നേയില്ല. മണിപ്പൂരില്‍ 10 മാസമായി തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതിയും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല.

Eng­lish Summary:BJP polit­i­cal res­o­lu­tion with praise of Modi; Farm­ers were for­got­ten and demon­eti­sa­tion was not mentioned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.