കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ബിജെപി മന്ത്രി എന്ന നില മറന്ന് സർവസമ്മതനാവാൻ നടത്തുന്ന സിനിമാ സ്റ്റൈൽ അഭ്യാസങ്ങളിൽ സംസ്ഥാന ഘടകത്തിൽ എതിർപ്പ് കനക്കുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവായി വാഴ്ത്തുന്നതും തൃശൂർ വിജയത്തിന്റെ പേരിൽ ലൂർദ്ദ് പള്ളിയിലെ ആരാധനയിൽ സംബന്ധിച്ച് കൃതജ്ഞതാ ഗാനമാലപിക്കുന്നതും കെ കരുണാകരനു ശേഷം കേന്ദ്ര മന്ത്രിമാരായവരാരും കേരളത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മേലുകീഴ് നോക്കാതെ വിളിച്ചു പറയുന്നതുമൊക്കെ കേരള ബിജെപിയിലെ മുതിർന്ന നേതാക്കളെ ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്തു തന്നെ, തൃശൂരിലെ സ്ഥാനാർത്ഥി ബിജെപി രാഷ്ടീയക്കാരനാവുന്നില്ലെന്നും അതിലുപരി സിനിമാക്കാരൻ എന്ന പരിവേഷത്തിന്റെ നാട്യങ്ങളിലാണെന്നുമുള്ള നീരസം ഒരുപറ്റം മുതിർന്ന നേതാക്കളിൽ വേരൂന്നിയിരുന്നു. ഒപ്പം, നേതാക്കളെ വകവയ്ക്കാതെയും അവരുടെ അഭിപ്രായങ്ങളെ മാനിക്കാതെയുമുള്ള സ്ഥാനാർത്ഥിയുടെ താൻ പ്രമാണിത്തത്തിലുള്ള അമർഷവും ശക്തവുമായിരുന്നു. എംപിയും സഹമന്ത്രിയുമായി ചുമതലയേറ്റിട്ട് ചുരുക്കം ദിവസങ്ങൾ മാത്രം എത്തിയപ്പോഴേക്കും ഈ പ്രവണതകളെല്ലാം താരത്തിൽ ഇരട്ടിച്ചിരിക്കുന്നു എന്നാണ് പൊതുവെ നേതാക്കൾക്കിടയിലെ വിലയിരുത്തൽ. കിട്ടാൻ പോകുന്ന കാബിനറ്റ് മന്ത്രി പദത്തെക്കുറിച്ചും തന്റെ വരുതിയിൽ വരുന്ന സഹമന്ത്രിമാരെ ചൊൽപ്പടിക്ക് നിറുത്തുന്നതിനെക്കുറിച്ചും വരെ മാധ്യമ പ്രവർത്തകരോട് വീമ്പിളക്കിയ സുരേഷ് ഗോപി, കാബിനറ്റ് മന്ത്രി പദവിക്ക് പകരം സഹമന്ത്രിസ്ഥാനമാണെന്നറിഞ്ഞപ്പോൾ മോഹഭംഗം മൂത്ത് നടത്തിയ പ്രതികരണങ്ങൾ കയ്യോടെ ഡൽഹിയെ അറിയിച്ച് മറുപക്ഷം ആദ്യ കരു നീക്കിയിരുന്നു.
ഉടൻ ഡൽഹിയിലെത്താൻ നരേന്ദ്ര മോഡിയിൽ നിന്ന് കൽപ്പന വന്നത് അതിന്റെ ഫലമായായിരുന്നു. സുരേഷ് ഗോപിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യന് അഭിനന്ദനങ്ങൾ നേരാൻ മാത്രം, പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ തുടങ്ങിയ കേരള ബിജെപിയിലെ ആർഎസ്എസുകാർ ഡൽഹി വരെ യാത്ര ചെയ്തതും സുരേഷ് ഗോപിക്കുള്ള സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബിജെപിയുടെ പ്രഖ്യാപിത ശത്രുവായ ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി ഉയർത്തിക്കാട്ടിയും കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള കെ കരുണാകരന്റെ സേവനങ്ങളെ പ്രകീർത്തിച്ചും ഒ രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം, വി മുരളീധരൻ എന്നീ ബിജെപി കേന്ദ്ര മന്ത്രിമാരുടെ നിഷ്ക്രിയത്വത്തെ വ്യക്തമാക്കിയും സുരേഷ് ഗോപി നടത്തിയ പരാമർശമാണ് ഇപ്പോൾ ആർഎസ്എസിലും ബിജെപിയിലും ചൂടുള്ള ചർച്ച.
English Summary:BJP prepares war against Suresh Gopi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.