ബിജെപി ദേശീയ അധ്യക്ഷനായി ഇനിയും ‘റബ്ബര്‍ സ്റ്റാമ്പുകളെ’ വേണ്ടെന്ന് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായി. ഒരു ദശകത്തിലേറെയായി ആര്‍എസ്എസ് ആസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കാതിരുന്ന മോഡി ഇപ്പോള്‍ സമവായത്തിനുള്ള സാധ്യത തേടുന്നു. ശക്തനായ നേതാവ് അധ്യക്ഷനാകണമെന്നാണ് സംഘ്പരിവാര്‍ തീരുമാനം. മോഡി-ഷാ ദ്വയങ്ങളില്‍ നിന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയെയും മോചിപ്പിക്കുകയാണ് ലക്ഷ്യം. ആര്‍എസ്എസ് നിര്‍ദേശിച്ച പേരുകളൊന്നും ബിജെപി നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് സംഘ് മേധാവി മോഹന്‍ ഭാഗവതിനെ മോഡി നേരിട്ട് കണ്ട് അടിയറവ് പറയുമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നഡ്ഡയുടെ കാലാവധി 2024 ജനുവരിയില്‍ അവസാനിച്ചതിനാല്‍ മോഡിയും ഷായും ചേര്‍ന്ന് കാലാവധി നീട്ടിക്കൊണ്ട് പോവുകയാണ്.
ഈ മാസം 30ന് മോഡി ഔദ്യോഗിക പരിപാടിക്ക് നാഗ്പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒപ്പം ആര്‍എസ്എസ് ആസ്ഥാനത്തെത്തി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1925ല്‍ സ്ഥാപിതമായ ആര്‍എസ്എസ് ശതാബ്ദിയിലേക്ക് കടക്കുകയാണ്. അതിനാല്‍ മോഡിയുടെ സന്ദര്‍ശനം ഉറപ്പാണ്. മാര്‍ച്ച് 30ന് നാഗ്പൂരില്‍ ഒരു സ്വകാര്യ കണ്ണാശുപത്രിയുടെ പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കും. അന്ന് സംഘ്പരിവാര്‍ സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ മോഡി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുമെന്നാണ് സൂചന.
ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍എസ്എസ് പ്രസിദ്ധീകരണ വിഭാഗം മേധാവി സുനില്‍ അംബേദ്കര്‍ തയ്യാറായില്ല. എന്നാല്‍ മോഡിയെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ‘സംഘ്പരിവാറിന് വിശ്വസ്തനായ ആളായിരിക്കണം ബിജെപി അധ്യക്ഷനെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്, ഏറാന്‍മൂളികളെ താല്പര്യമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി — ആര്‍എസ്എസ് ബന്ധം വഷളായി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോഡി സ്വയം ദൈവദൂതനാണെന്ന് പ്രഖ്യാപിക്കുകയും 400ലധികം സീറ്റുകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ആര്‍എസ്എസും നേതാക്കളും ഇതെല്ലാം അഹങ്കാരമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നുമില്ല. ഫലം വന്നപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മോഹന്‍ ഭാഗവത് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
പിന്നാലെ നടന്ന ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി നേതൃത്വം ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. അതുകൊണ്ട് അവിടങ്ങളിലെല്ലാം ഏകോപനമുണ്ടായി. കഴിഞ്ഞദിവസം അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റില്‍ മോഡി ആര്‍എസ്എസിനെ പുകഴ്ത്തുകയും തന്റെ ജീവിതം രൂപപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ സംഘ്പരിവാര്‍ നേതൃത്വത്തിന്റെ പരിഭവം മാറ്റാനും തനിക്ക് ഇഷ്ടമുള്ളയാളെ ബിജെപി അധ്യക്ഷനാക്കാനുമാണ് മോഡി ഇതൊക്കെ ചെയ്തതെന്ന് ചില ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. പൊതുതെരഞ്ഞെടുപ്പിനിടെ ജെ പി നഡ്ഡയും ആര്‍എസ്എസിനെ പ്രകോപിപ്പിച്ചിരുന്നു. ബിജെപി വളര്‍ന്നെന്നും സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തമായെന്നുമായിരുന്നു പ്രസ്താവന.
അതേസമയം ആര്‍എസ്എസും ബിജെപിയുമായി പ്രഡിഡന്റ് തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലെന്നും ബിജെപിക്ക് അധ്യക്ഷനെ സ്വയം തീരുമാനിക്കാമെന്നും സംഘടനാ ദേശീയ ജോയിന്റ് സെക്രട്ടറി അരുണ്‍കുമാര്‍ ഇന്നലെ പറഞ്ഞു. ആര്‍എസ്എസ് നോമിനി അധ്യക്ഷപദത്തിലേക്ക് വരുമെന്ന വാര്‍ത്തകളും നിഷേധിച്ചു. ദേശീയ ഐക്യം, രാഷ്ട്രനിര്‍മ്മിതി തുടങ്ങിയ വിഷയങ്ങളിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബേബി ആലുവ
പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീരുമാനമാകാതെ നീളുന്നതിനാൽ ചലനമറ്റ് സംസ്ഥാന ബിജെപി. ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം മാത്രമേ ജില്ലകളിൽ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനാവൂ.
പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ സംസ്ഥാന ഘടകവും പ്രസിഡന്റിന് പുറമെയുള്ള ഭാരവാഹികളെ നിശ്ചയിക്കാത്തതിൽ ജില്ലാ ഘടകങ്ങളും ഒരുപോലെ മരവിപ്പിലാണ്. ഭാവി എന്താണെന്ന് നിശ്ചയമില്ലാത്തതിനാൽ നിലവിലെ ഭാരവാഹികൾ പാർട്ടി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും തയ്യാറാകുന്നില്ല. നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്റെ കാര്യത്തിലും ഉറപ്പില്ല.
പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേരും ഇതിനിടെ ചര്‍ച്ചയായി. വലിയ പ്രതീക്ഷയോടെ ബിജെപിയിൽ ചേക്കേറിയിട്ടും ഒരു പരിഗണനയും ലഭിക്കാതെപോയ ഒരു റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരുവരെ ഉയർന്നുവന്നിട്ടുണ്ട്. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പൊടുന്നനെയുള്ള രംഗപ്രവേശം സ്ഥാനത്തിനായി ക്യൂ നിൽക്കുന്നവരിലും അനുയായികളിലും വേവലാതി സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം തിരുവനന്തപുരത്ത് വീട് വാങ്ങുകയും തലസ്ഥാന നഗരിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.