20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

75ല്‍ വിരമിക്കല്‍ ഇല്ലെന്ന് ബിജെപി; ആര്‍എസ്എസിന് മറുപടി

Janayugom Webdesk
മുംബൈ
July 19, 2025 10:50 pm

നേതാക്കള്‍ 75 വയസിൽ വിരമിക്കണമെന്ന നിലപാടിൽ ആർഎസ്എസിനെതിരെ പരസ്യ പ്രതികരണവുമായി ബിജെപി നേതാക്കൾ. ബിജെപി ദേശീയ അധ്യക്ഷനെ തീരുമാനിക്കാനാകാത്തത് ആർഎസ്എസുമായി ഭിന്നത ഉള്ളതിനാലാണ് എന്ന പ്രചരണം നിലനിൽക്കേയാണ് വിരമിക്കൽ പ്രായത്തെച്ചൊല്ലിയും വിരുദ്ധാഭിപ്രായങ്ങള്‍ പുറത്തുവരുന്നത്. ലോക്‌സഭാംഗവും പ്രമുഖ നേതാവുമായ നിഷികാന്ത് ദുബെ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി എന്നിവരാണ് പരസ്യ പ്രതികരണം നടത്തിയത്. മോഡി ഇല്ലെങ്കിൽ ബിജെപിക്ക് ജയിക്കാനാകില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 150 സീറ്റ് പോലും ലഭിക്കില്ലായിരുന്നു എന്നുമാണ് നിഷികാന്ത് ദുബെയുടെ വാക്കുകൾ. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിൽ തന്നെ 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് ബിജെപിയുടെ നിർബന്ധാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. മോഡിജി വന്നപ്പോൾ ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലാത്ത വോട്ട് ബാങ്ക്, പ്രത്യേകിച്ച് ദരിദ്രർക്കിടയിൽനിന്ന്, അദ്ദേഹത്തിലുള്ള വിശ്വാസം കാരണം പാർട്ടിയിലേക്ക് വന്നെന്ന് വിശദീകരിച്ച ദുബെ ചിലർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് ഒരു യാഥാർത്ഥ്യമാണെന്നും വ്യക്തമാക്കുന്നു. 

ബിജെപിക്ക് മോഡിയെ ആവശ്യമുണ്ട്, ആ പേരിന് മാത്രമേ വോട്ടുകൾ ഉറപ്പാക്കാൻ കഴിയൂ. ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തിനും ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിനും തെളിവാണെന്ന് ദുബെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ ശരീരം അനുവദിക്കുന്നിടത്തോളം, ‘2047 ഓടെ വികസിത ഇന്ത്യ’എന്ന ലക്ഷ്യം കൈവരിക്കാൻ ആ നേതൃത്വം ആവശ്യമാണെന്നും ദുബെ കൂട്ടിച്ചേർത്തു.
പൊതുരംഗത്ത് പ്രവർത്തിക്കേണ്ടവർ 75 വയസിൽ വിരമിക്കേണ്ടതില്ലെന്നായിരുന്നു ഉമാഭാരതിയുടെ പ്രതികരണം. സംഘചാലകിന്റെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ രാഷ്ട്രീയക്കാര്‍, അധ്യാപകർ, അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, കവികൾ, പത്രപ്രവർത്തകർ എന്നിവർ ഒരിക്കലും വിരമിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അവർ ഭോപ്പാലിൽ മാധ്യമ പ്രവർത്തരോട് പറഞ്ഞു. സമൂഹത്തിന് ആവശ്യമുള്ളിടത്തോളം കാലം നേതാക്കള്‍ പൊതുസേവനം ചെയ്യണം, ഒരു ഗുരു അറിവ് പകർന്നു നൽകണം, ഒരു ഡോക്ടർ രോഗികളെ പരിശോധിക്കണം. ആരെങ്കിലും സഹായത്തിനായി അപേക്ഷിച്ചാൽ അത് നൽകുന്നതിന് അവസാനശ്വാസം വരെ നേതാവിന് അവസരമുണ്ടാകണം ഉമാഭാരതി കൂട്ടിച്ചേർത്തു. മധ്യപ്രദേശില്‍ ബിജെപി ഭരണമുള്ള കാലയളവില്‍ തന്റെ കുടുംബത്തെ വേട്ടയാടിയെന്ന കുറ്റപ്പെടുത്തലും അവര്‍ നടത്തി. വര്‍ഷങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചായിരുന്നു ഇത്. 

ഇപ്പോള്‍ ദേശീയതലത്തില്‍ ഇല്ലെങ്കിലും മധ്യപ്രദേശില്‍ സജീവമായ നേതാവായ ഉമാഭാരതി രാമജന്മഭൂമി കലാപകാലത്തെ തീപ്പൊരി നേതാവായിരുന്നു. ഈ മാസം 11നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വിരമിക്കലിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. മോഹൻ ഭാഗവതിന്റെ ഈ അഭിപ്രായത്തെ ഖണ്ഡിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിയിരിക്കുന്നത്. ഭാഗവത് അഭിപ്രായപ്രകടനം നടത്തിയതിന് പിന്നാലെതന്നെ വിശദീകരണവുമായി ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ അവരൊന്നും ഭാഗവതിന്റെ അഭിപ്രായത്തെ പരസ്യമായി തള്ളിയിരുന്നില്ല.
സെപ്റ്റംബറിലാണ് മോഡിക്ക് 75 തികയുന്നത്. അതിന് മാസങ്ങൾക്ക് മുമ്പ് പ്രസ്താവന പുറത്തുവന്നത് മോഡി വിരമിക്കണമെന്ന സൂചനയാണെന്നും എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ വിരമിക്കാൻ നിർബന്ധിച്ച മോഡിയെ ഉദ്ദേശിച്ചുതന്നെയാണെന്നും വിലയിരുത്തലുണ്ടായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.