എതിര്‍ പക്ഷത്തായിരിക്കുമ്പോള്‍ അഴിമതിക്കാര്‍ എന്ന് മുദ്രകുത്തിയവരെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് അഴിമതിക്കാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നുതുടങ്ങിയത്. അജിത് പവാര്‍, അശോക് ചവാന്‍, നവീന്‍ ജിന്‍ഡാല്‍, ഗീത കോഡ അടക്കമുള്ളവരെയാണ് ബിജെപി പട്ടുപരവതാനി വിരിച്ച് സ്വീകരിച്ചത്.
ബിജെപി വാഷിങ് മെഷീന്‍ ആണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അഴിമതിക്കാരായ നേതാക്കളെ റാഞ്ചാന്‍ ബിജെപി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് എയര്‍ ഇന്ത്യ അഴിമതി കേസിലെ പ്രതിയായ മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെതിരെയുള്ള കേസ് സിബിഐ എഴുതിത്തള്ളിയത്. എന്‍സിപിയില്‍ നിന്ന് കൂറുമാറി അജിത് പവാര്‍ പക്ഷത്തോടൊപ്പം നിലയുറപ്പിച്ചതോടെ സിബിഐ കേസ് എഴുതിത്തള്ളുകയായിരുന്നു.
2014ല്‍ അഴിമതി പാര്‍ട്ടിയെന്ന് നരേന്ദ്ര മോഡി തന്നെ പ്രഖ്യാപിച്ച അവിഭക്ത എന്‍സിപിയിലെ അജിത് പവാറാണ് മഹാരാഷ്ട്രയിലെ ബിജെപി മുന്നണിയുടെ പ്രധാന മുഖം. നിരവധി അന്വേഷണ ഏജന്‍സികളാണ് ഇദ്ദേഹത്തിനെതിരെയുള്ള അഴിമതി കേസുകള്‍ ഇപ്പോള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞത്.
ആദര്‍ശ് ഫ്ലാറ്റ് കുംഭകോണത്തിലെ പ്രധാന പ്രതിയായ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ കഴിഞ്ഞ മാസമാണ് ബിജെപി പാളയത്തില്‍ എത്തിയത്. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിനെതിരെ സിബിഐ, ഇഡി കേസുകള്‍ നിലവിലുണ്ട്. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കൃപാശങ്കര്‍ സിങ്ങും അഴിമതിക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ബംഗാളില്‍ അഞ്ച് തവണ തൃണമൂല്‍ എംഎല്‍എ പദവി വഹിച്ചിരുന്ന തപസ് റേയ്, ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപിയായിരുന്ന ഗീത കോഡ, മുന്‍ ഐപിഎസ് ഓഫിസര്‍ ദേബാഷിഷ് ധര്‍ അടക്കമുള്ള നിരവധി അഴിമതി, ക്രിമിനല്‍ കേസിലെ പ്രതികളാണ് പ്രതിപക്ഷത്ത് നിന്നും ബിജെപി പാളയത്തിലെത്തി അഴിമതിക്കറ തുടച്ചുനീക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. അതിനിടെ അഴിമതിക്കാര്‍ ഉള്‍പ്പെടെ ആരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി നിര്‍മ്മലാ സീതരാമനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
English Summary: BJP spread the carpet for the corrupt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.