21 December 2025, Sunday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ഭരണഘടനയെ ഭയക്കുന്ന ബിജെപിക്ക് അംബേദ്കറെയും തമസ്കരിച്ചേ പറ്റൂ

Janayugom Webdesk
December 21, 2024 5:00 am

രു ദശാബ്ദത്തിലേറെക്കാലമായി ബിജെപിയെ ഹൈജാക്ക് ചെയ്തിരിക്കുന്ന അമിത്ഷാ-നരേന്ദ്ര മോഡി കൂട്ടുകെട്ടിന്റെ ഫാസിസ്റ്റ് മനോഭാവ മുഖംമൂടി മൂന്നാം എൻഡിഎ സർക്കാരിന്റെ കാലത്താണ് കൂടുതലായി അഴിഞ്ഞുവീണുതുടങ്ങിയത്. അതിനുകാരണം രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിലുണ്ട് എന്നതുതന്നെയാണ്. ഒന്നും രണ്ടും മോഡി സർക്കാരുകളുടെ ധാർഷ്ട്യമല്ല ഭരണത്തെ നിയന്ത്രിക്കുന്ന ഇരുവർ സംഘത്തിന് ഇപ്പോഴുള്ളത്. മറിച്ച് തങ്ങളുടെ ഇംഗിതങ്ങൾ നടത്തിയെടുക്കാൻ കഴിയാത്തതിന്റെ അസഹിഷ്ണുതയാണ് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പുറത്തുവരുന്നത്. അനുദിനമാണ് ഇവരുടെ ഫാസിസ്റ്റ് മുഖംമൂടി അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. അതാണ് കഴിഞ്ഞ ദിവസം അംബേദ്കർ വിരുദ്ധ പരാമർശത്തിലൂടെ കണ്ടത്. രാജ്യത്തെ പിന്നാക്കക്കാരുടെയും ദളിതരുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും രക്ഷകരെന്ന് സ്വയം വേഷംകെട്ടിയാടുന്ന മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ കൃത്യമായ അജണ്ടയാണ് പാർലമെന്റിലെ പ്രസംഗത്തിലൂടെ പുറത്തായത്. ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ എന്ന ചർച്ചയിലാണ് അമിത് ഷാ വിവാദപരാമർശം നടത്തിയത്. അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറി, ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു എന്നാണ് അമിത്ഷാ പറഞ്ഞത്.

എന്താണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് കൃത്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ ശില്പികളിൽ പ്രമുഖനായ ഡോ. ബി ആർ അംബേദ്കറിനെ അംഗീകരിക്കാൻ അമിത്ഷായുടെ ഫാസിസ്റ്റ് മനോഭാവം അനുവദിക്കുന്നില്ല എന്നതുതന്നെയാണ് ഈ പരാമർശത്തിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. അമിത്ഷായെ ന്യായീകരിച്ച് പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മോഡിയുടെ വാക്കുകളിലും ഇത് മുഴച്ചുനിൽക്കുന്നു. മഹാനായ അംബേദ്കർ ആരാണെന്നല്ല, മറിച്ച് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളുടെ സാമ്പിളുകൾ തന്നെയാണ് മോഡിയുടെ ന്യായീകരണത്തിലുമുള്ളത്. ഭരണഘടനയെക്കുറിച്ച് പറയുമ്പോൾ അംബേദ്കറെയല്ലാതെ മറ്റാരെയാണ് പരാമർശിക്കേണ്ടതെന്ന് അറിയാത്ത ഒരു കൂട്ടർ മാത്രമാണ് ഇന്ന് ഇന്ത്യയിലുള്ളത്, അത് ബിജെപിയാണ്. മനുസ്മൃതിയാണ് അവരുടെ ഉള്ളിൽ ജ്വലിക്കുന്നത്. അത് കത്തിച്ചു ചാമ്പലാക്കിയ അംബേദ്കറെ അവർക്ക് എത്ര അമർത്തിവച്ചാലും അംഗീകരിക്കാനാവില്ലെന്നതാണ് വസ്തുത. അവരുടെ അംബേദ്കർ വിരുദ്ധത അറിയാതെ തന്നെ പുറത്തുവരും.

ഭരണഘടനയെ കുറിച്ചുള്ള ചർച്ചയിൽ ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയ കമ്മിറ്റി അധ്യക്ഷനും ആദ്യനിയമമന്ത്രിയുമായ അംബേദ്കർ പരാമർശിക്കപ്പെടുക തന്നെ ചെയ്യും. രാജ്യത്തിന്റെ മഹത്തായ ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന, സ്വാതന്ത്ര്യസമരസേനാനികളെ അവമതിച്ചുകൊണ്ട് ബ്രീട്ടീഷുകാർക്ക് മുന്നിൽ കീഴടങ്ങിയവരെ ചരിത്രത്തിലേക്ക് തിരുകിക്കയറ്റാൻ ശ്രമിക്കുന്ന, സ്വതന്ത്ര ഇന്ത്യയെ കെട്ടിപ്പടുക്കാൻ അഹോരാത്രം പരിശ്രമിച്ച ദേശീയനായകന്മാരെ നിരന്തരം ഇകഴ്ത്തിക്കൊണ്ടിരിക്കുന്ന ബിജെപിയിൽ നിന്നും അതിനെ കയ്യടക്കി വച്ചിരിക്കുന്ന മോഡി-അമിത് ഷാ കൂട്ടുകെട്ടിൽ നിന്നും ഇതിൽ കൂടുതലൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. അംബേദ്കർ മുന്നോട്ടുവച്ച സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ മുറുകെപ്പിടിക്കുന്ന കോടിക്കണക്കിന് മനുഷ്യരെയും ഇരുവരും ചേർന്ന് അപമാനിക്കുകയായിരുന്നുവെന്നതിൽ സംശയമില്ല. അംബേദ്കറോടും അദ്ദേഹത്തിന്റെ മൂല്യങ്ങളോടുമുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പാണ് അമിത്ഷായുടെ വാക്കുകളിൽ പ്രതിഫലിച്ചിരിക്കുന്നത്.

നരേന്ദ്രമോഡിയും അമിത്ഷായും ഭരണത്തിലുറച്ചിരിക്കാൻ ഉപയോഗിച്ച ആയുധങ്ങളാണ് മതവും വിശ്വാസവുമൊക്കെ. അതുതന്നെ അവർ ആവർത്തിച്ചുപറയുകയും ചെയ്യും. അവിടെ അംബേദ്കർക്ക് സ്ഥാനമുണ്ടാകില്ല. അതുകൊണ്ടാണ് ജനാധിപത്യപ്രക്രിയയിലും രാജ്യത്തെ ഭരണഘടനയിലും വിശ്വാസമുള്ളവർ ‘ഐ ആം അംബേദ്കർ’ എന്നെഴുതിയ വസ്ത്രങ്ങളും പ്ലക്കാർഡുകളും ധരിച്ച് പാർലമെന്റിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെ ബിജെപി കായികമായി നേരിടാനാണ് തങ്ങളുടെ എംപിമാരെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ രണ്ടാംദിവസം അതുണ്ടാവുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ സ്ഥാനത്ത് മനുവാദവും മതവാദവും സ്ഥാപിക്കാൻ വെമ്പുന്ന ബിജെപിക്ക് ഒരിക്കലും ഇന്ത്യൻ ജനതയുടെ മനസിൽ നിന്ന് മഹാനായ അംബേദ്കറെ തുടച്ചുനീക്കി അതിന്റെ സ്ഥാനത്ത് അവർ ഉദ്ദേശിക്കുന്ന ബിംബങ്ങളെ കുടിയിരുത്താൻ സാധ്യമല്ല. അംബേദ്കറെ ഇകഴ്ത്തുന്ന അമിത്ഷായുടെ പരാമർശത്തെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്നും നുണപ്രചരണം നടത്തുകയാണെന്നുമാണ് പ്രധാനമന്ത്രി മോഡിയുടെ വാദം. എന്നാൽ ഇത് നാക്കുപിഴയോ വളച്ചൊടിക്കലോ ഒന്നുമല്ല, മറിച്ച് അംബേദ്കറെ മനപ്പൂർവം അപമാനിക്കുക തന്നെയായിരുന്നു. ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങളെയെല്ലാം അട്ടിമറിച്ച് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും ദീർഘകാല ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാൻ അത്രപെട്ടെന്ന് കഴിയില്ലെന്നതിന്റെ ആത്മരോഷം കൂടി അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ വായിച്ചെടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.