26 June 2024, Wednesday
KSFE Galaxy Chits

Related news

June 25, 2024
June 23, 2024
June 20, 2024
June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024

ജൂണ്‍ നാലിന് ശേഷം ബിജെപി ഭരിക്കില്ല: അരവിന്ദ് കെജ്‌രിവാള്‍

മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍
റെജി കുര്യൻ 
ന്യൂഡൽഹി
May 11, 2024 9:59 pm

ജൂൺ നാലിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോടും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് 220–230 സീറ്റുകൾ ലഭിക്കുമെന്നാണ് തന്റെ വിലയിരുത്തലെന്നും ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഎപി ആ സർക്കാരിന്റെ ഭാഗമാകും. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകും. ഡൽഹിക്ക് ഒരു ജനകീയ ഗവർണർ ഉണ്ടാകും, അത് ഗുജറാത്തിൽ നിന്നുള്ള ആളായിരിക്കില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

മോഡി-അമിത് ഷാ കൂട്ടുകെട്ടിനെയും പൊള്ളയായ മോഡി ഗ്യാരന്റികളെയും പൊളിച്ചടുക്കിയാണ് കെജ്‌രിവാൾ ആഞ്ഞടിച്ചത്. നാനൂറ് സീറ്റിലധികം നേടുമെന്ന ബിജെപിയുടെ അവകാശവാദം പൊള്ളയാണ്. ഇതുവരെ നടന്ന വോട്ടെടുപ്പിൽ ഇക്കാര്യം ബി ജെ പിക്ക് ബോധ്യമായി.  പരാജയം മുന്നിൽ കണ്ട് ഹാലിളകിയ മോഡി തന്നെയും എഎപിയുടെ മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്ത് പാർട്ടിയെ ഇല്ലായ്മ ചെയ്യാനാണ് നീക്കം നടത്തുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളും മറികടന്ന് എഎപി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നും കെജ്‌രിവാൾ പറഞ്ഞു.

മോഡി അധികാരത്തിലെത്തിയാൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ മുഴുവനും കള്ളക്കേസിൽ അഴിക്കുള്ളിലാകും. അതിനുള്ള മുന്നറിയിപ്പ് ആയാണ് തന്റെ അറസ്റ്റിനെ വിലയിരുത്തേണ്ടത്. ഡൽഹിയിലെ ഭൂരിപക്ഷം ജനങ്ങളും പിന്തുണ നൽകി വിജയിപ്പിച്ച ഒരു സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്ക് നിലവിലുള്ള ആയുധങ്ങളൊന്നും മതിയാവില്ല. ജനഹിതം മാനിച്ച് താൻ മുഖ്യമന്ത്രിപദം രാജിവയ്ക്കില്ലെന്നും വേണ്ടി വന്നാൽ ജയിലിൽ നിന്നും ഭരണം നടത്തുമെന്നും കെജ്‌രിവാൾ പറഞ്ഞു.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെ നിരവധി നേതാക്കള്‍ എഎപി ആസ്ഥാനത്ത് കെജ്‌രിവാളിനൊരുക്കിയ സ്വീകരണത്തിലും റോഡ് ഷോയിലും സന്നിഹിതരായിരുന്നു.

മോഡി സെപ്റ്റംബറില്‍ വിരമിക്കണം

ബിജെപിയിലെ മുതിർന്ന നേതാക്കളെയെല്ലാം 75 എന്ന പ്രായപരിധി നിശ്ചയിച്ച് നിഷ്കാസിതരാക്കിയെന്നും നരേന്ദ്ര മോഡിക്ക് വരുന്ന സെപ്റ്റംബറിൽ 75 വയസ് തികയുമെന്നും അപ്പോള്‍ അദ്ദേഹത്തിന് സ്ഥാനമൊഴിയണ്ടി വരുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
അഡ്വാനി, മുരളീ മനോഹർ ജോഷി, സുമിത്രാ മഹാജൻ തുടങ്ങി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് ഒന്നും അല്ലാതായ നേതാക്കളുടെ പട്ടിക നിരത്തിയ കെജ്‌രിവാൾ അമിത് ഷായ്ക്കു വേണ്ടിയാണ് മോഡി വോട്ടു തേടുന്നതെന്നും പറഞ്ഞു. അടുത്തതായി യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ആദിത്യനാഥിനെ മാറ്റും. മോഡി-ഷാ അച്ചുതണ്ടിലാണ് ബിജെപി കറങ്ങുന്നത്. മറ്റു നേതാക്കളെയെല്ലാം ഒതുക്കിയെന്നും കെജ്‌രിവാൾ പറഞ്ഞു.
മോഡിയുടെ വിരമിക്കൽ സംബന്ധിച്ച കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രായപരിധി 75 എന്നത് ബിജെപി ഭരണഘടനയിലില്ല. മോഡി തന്നെ സർക്കാരിനെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മോഡി നയിക്കുമെന്ന് ഷാ പറയുമ്പോഴും മുൻകാല ബിജെപി പടക്കുതിരകൾ എവിടെയെന്ന ചോദ്യവും ഉയരുകയാണ്.

Eng­lish Summary:BJP will not rule after June 4: Arvind Kejriwal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.