3 January 2026, Saturday

Related news

January 3, 2026
January 3, 2026
January 2, 2026
December 29, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 28, 2025
December 27, 2025

വ്യാജപ്രചരണവുമായി ബിജെപി; ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനം ‘സുവര്‍ണാവസര’മാക്കാന്‍ നീക്കം

ശ്രമം കേന്ദ്രത്തിന്റെ വീഴ്ച മറയ്ക്കാന്‍
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
July 8, 2025 8:53 pm

ചാരവൃത്തി നടത്തിയ കേസില്‍ പിടിയിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളം സന്ദര്‍ശിച്ചതിനെ ‘സുവര്‍ണാവസര’മാക്കാന്‍ ബിജെപി-സംഘ്പരിവാര്‍ ശ്രമം. കേരളത്തെ താറടിച്ചുകാട്ടാനുള്ള ഒരു അവസരമായി കണ്ട്, ദേശീയതലത്തില്‍ വ്യാജപ്രചരണങ്ങള്‍ ശക്തമാക്കുകയാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മറച്ചുവച്ചുകൊണ്ടാണ് പ്രധാന നേതാക്കളുള്‍പ്പെടെ കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെയുള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. കേരളത്തില്‍ മാത്രമല്ല, അയോധ്യ, കാശി ഉള്‍പ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളിലും കുംഭമേളയിലുള്‍പ്പെടെ ജ്യോതി മല്‍ഹോത്ര എത്തിയിരുന്നുവെന്നത് ഇവര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുന്നു. കേരളം തീവ്രവാദികളുടെ നാടാണെന്ന സംഘ്പരിവാര്‍ വ്യാജപ്രചരണത്തിന് മൂര്‍ച്ച കൂട്ടാനുള്ള ഉപകരണമായി ഈ വിഷയവും ഉപയോഗിക്കാനാണ് നീക്കം. ദേശീയ‑അന്തർദേശീയ തലത്തിൽ പ്രശസ്തരായ സമൂഹമാധ്യമ ഇൻഫ്ലുവൻസേഴ്സിനെ എത്തിക്കുകയും അവരു‍ടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കേരള ടൂറിസത്തിന് പ്രചരണം സംഘടിപ്പിക്കുകയും ചെയ്യുന്നത് നേരത്തെയുള്ള പതിവാണ്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം സമൂഹമാധ്യമ ഇൻഫ്ലുവൻസേഴ്സ് ഇത്തരത്തില്‍ കേരളത്തില്‍ വരികയും കേരള ടൂറിസത്തിന്റെ പ്രചാരകര്‍ ആവുകയും ചെയ്തിട്ടുണ്ട്. ബ്ലോഗ് എക്സ്പ്രസ്, കേരളം കാ​ണാം, മൈ ഫസ്റ്റ് ട്രിപ്പ്, ഹ്യൂമൺ ബൈ നേച്ചർ, ലാന്റ് ഓഫ് ഹാർമണി തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ ഇൻഫ്ലുവൻസേഴ്സിനെ കേരളത്തിൽ എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല്പതിലേറെ വ്ലോഗർമാർ കേരളത്തിൽ വരികയും അവരുടെ വീഡിയോകളും ഫോട്ടോകളും വലിയ പ്രചാരം നേടുകയും കേരള ടൂറിസത്തിന് സഹായകരമാവുകയും ചെയ്തിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു. വ്ലോഗര്‍മാരെ തെരഞ്ഞെടുക്കുന്നത് എംപാനൽഡ് ഏജൻസികളാണ്. ഇക്കാര്യങ്ങളെല്ലാം മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടും സംഘപരിവാരവും ചില മാധ്യമങ്ങളും വ്യാജപ്രചരണം തുടരുകയാണ്.

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ജ്യോതി മൽഹോത്ര കേരളത്തിൽ വന്നത് ജനുവരി മാസത്തിലാണ്. 15ന് എത്തിയ അവര്‍ 21ന് മടങ്ങുകയും ചെയ്തു. അക്കാലത്ത്, ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങളോ കേസുകളോ ഒന്നും പുറത്തുവന്നിരുന്നില്ല. കേരളത്തിലെത്തി മടങ്ങിയതിനുശേഷം ജനുവരി മാസം അവസാനം, യുപിയില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാ കുംഭമേളയിലും ജ്യോതി എത്തിയിരുന്നു. അയോധ്യ, കാശി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ഇവര്‍ പോയി വീഡിയോ പകര്‍ത്തിയതായും വാര്‍ത്തകളുണ്ട്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത് മേയ് 17നാണ്. കേരളത്തില്‍ വന്ന് നാല് മാസത്തിന് ശേഷം പുറത്തുവന്ന സംഭവങ്ങളുടെ പേരില്‍ കേരളത്തെ കരിവാരിത്തേക്കാനാണ് സംഘ്പരിവാര്‍ ശ്രമം.
ദേശീയ അന്വേഷണ ഏജന്‍സികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ലക്ഷ്യമിട്ടാണ് കേരളത്തിനെതിരെയുള്ള ബോധപൂര്‍വമായ പ്രചരണങ്ങളെന്ന് വ്യക്തം. ഇവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പു പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ജ്യോതി മല്‍ഹോത്ര ചാരപ്പണി നടത്തുന്നുവെന്നത് കണ്ടുപിടിക്കേണ്ട ദേശീയ അന്വേഷണ ഏജന്‍സികള്‍ അതില്‍ പരാജയപ്പെട്ടത് ചര്‍ച്ചയാകാതിരിക്കാനും, അതിനിടയില്‍ കേരളത്തെ കുറ്റപ്പെടുത്തി വിഷയം വഴിതിരിച്ചുവിടാനുമാണ് ദേശീയതലത്തില്‍ തന്നെ ബിജെപി നേതാക്കളും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ശ്രമിക്കുന്നത്. അതേസമയം, ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചാരപ്രവർത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വ്ലോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവർ ഇവിടെ വരുമ്പോൾ ചാരപ്രവർത്തകയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസിന്റെ പ്രതികരണങ്ങള്‍. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.